രോഹൻ കുന്നുമ്മലിന് അർധസെഞ്ചറി; കൊച്ചിക്കെതിരെ അനായാസ വിജയവുമായി കാലിക്കറ്റ്

2 weeks ago 3

മനോരമ ലേഖകൻ

Published: August 30, 2026 06:10 PM IST

1 minute Read

 KCA
കെസിഎലിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് താരം രോഹൻ കുന്നുമ്മലിന്റെ ബാറ്റിങ്. ചിത്രം: KCA

തിരുവനന്തപുരം∙ കെസിഎലിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ എട്ട് വിക്കറ്റിന്റെ അനായാസ വിജയവുമായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റ് നാല് ഓവർ ബാക്കി നിൽക്കെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 78 റൺസുമായി ടീമിന് വിജയമൊരുക്കിയ രോഹൻ കുന്നുമ്മലാണ് പ്ലെയർ ഓഫ് ദ് മാച്ച്. കൊച്ചി ബ്ലൂ ടൈഗേഴ്സ് - 20 ഓവറിൽ 150/8 , കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാ‍ർസ് - 16 ഓവറിൽ 151/2

മുൻനിര വീണ്ടും നിരാശപ്പെടുത്തിയപ്പോൾ മധ്യനിരയിൽ മനു കൃഷ്ണന്റെയും സച്ചിൻ സുരേഷിന്റെയും പ്രകടനമാണ് കൊച്ചിയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 17 റൺസെടുത്ത ഓപ്പണർ വിപുൽ ശക്തിയായിരുന്നു ആദ്യം മടങ്ങിയത്. തുടർന്നെത്തിയ മുഹമ്മദ് ഷാനു അക്കൗണ്ട് തുറക്കാതെ മടങ്ങി. 13 റൺസെടുത്ത വിനൂപ് മനോഹരൻ കൂടി മടങ്ങിയതോടെ മൂന്ന് വിക്കറ്റിന് 42 റൺസെന്ന നിലയിലായി കൊച്ചി. ക്യാപ്റ്റൻ സാലി സാംസനും (15) അധികം പിടിച്ചുനിൽക്കാനായില്ല.

നാലാമനായി ബാറ്റ് ചെയ്യാനിറങ്ങിയ മനുകൃഷ്ണന്റെ ഇന്നിങ്സാണ് കൊച്ചിയെ വലിയൊരു തകർച്ചയിൽ നിന്ന് കരകയറ്റിയത്. മനുകൃഷ്ണൻ 26 പന്തുകളിൽ നിന്ന് 30 റൺസ് നേടി. മനുകൃഷ്ണൻ മടങ്ങിയ ശേഷവും മറുവശത്ത് ഒറ്റയാൾ പോരാട്ടം തുടർന്ന് സച്ചിൻ സുരേഷാണ് കൊച്ചിയുടെ ഇന്നിങ്സ് 150 കടത്തിയത്. 27 പന്തുകളിൽ 42 റൺസുമായി സച്ചിൻ പുറത്താകാതെ നിന്നു. കാലിക്കറ്റിന് വേണ്ടി അഖിൻ സത്താറും അബ്ദുൾ ബാസിതും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാലിക്കറ്റിന് ഏഴ് റൺസെടുത്ത വരുൺ നായനാരുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന രോഹൻ കുന്നുമ്മലും കെ.എസ്.അരവിന്ദും ചേർന്ന് അനായാസം ഇന്നിങ്സ് മുന്നോട്ടു നീക്കി. രോഹൻ പതിവ് ശൈലിയിൽ തകർത്തടിച്ച് മുന്നേറിയപ്പോൾ അരവിന്ദ് മികച്ച പിന്തുണ നൽകി. 78 റൺസെടുത്ത രോഹൻ വിജയത്തിന് തൊട്ടരികെയാണ് മടങ്ങിയത്. 39 പന്തുകളിൽ നാല് ഫോറും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിങ്സ്. കെ.എസ്. അരവിന്ദ് 44ഉം അഖിൽ സ്കറിയ 17ഉം റൺസുമായി പുറത്താകാതെ നിന്നു.
 

English Summary:

Calicut Globestars secured an emphatic eight-wicket triumph implicit Kochi Blue Tigers successful the KCA T20. Rohan Kunnummal's outstanding 78 runs led the squad to pursuit down the people with ease, earning him the Player of the Match award.

Read Entire Article