റയലിനെ വീഴ്ത്തി ബയൺ മ്യൂണിക്ക് ചാംപ്യൻസ് ലീഗ് സെമിയിൽ; സ്പോർട്ടിങ്ങിനെ സമനിലയിൽ തളച്ച് മുന്നേറി ആർസനലും

1 month ago 6

ഓൺലൈൻ ഡെസ്‌ക്

Published: April 16, 2026 09:50 AM IST Updated: April 16, 2026 11:54 AM IST

1 minute Read

ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ റയൽ മഡ്രിഡിനെതിരായ മത്സരത്തിൽ ഗോൾ നേടിയ ബയൺ മ്യൂണിക് താരം ലൂയിസ് ഡയസിനെ (ഇടത്) അഭിനന്ദിക്കുന്ന സഹതാരങ്ങൾ. (Photo by Karl-Josef HILDENBRAND / AFP)
ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ റയൽ മഡ്രിഡിനെതിരായ മത്സരത്തിൽ ഗോൾ നേടിയ ബയൺ മ്യൂണിക് താരം ലൂയിസ് ഡയസിനെ (ഇടത്) അഭിനന്ദിക്കുന്ന സഹതാരങ്ങൾ. (Photo by Karl-Josef HILDENBRAND / AFP)

മ്യൂണിക് ∙ യുവേഫ ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം ദിനത്തിൽ നടന്ന ആവേശകരമായ രണ്ടാം പാദ മത്സരങ്ങളിൽ സെമി ഫൈനലിലേക്ക് യോഗ്യത നേടി ബയൺ മ്യൂണികും ആർസനലും. ബുധനാഴ്ച നടന്ന മത്സരത്തിൽ റയൽ മഡ്രിഡിനെ തകർപ്പൻ തിരിച്ചുവരവിലൂടെ ബയൺ തോൽപ്പിച്ചപ്പോൾ, സ്പോർട്ടിങ് ലിസ്ബനെ സമനിലയിൽ തളച്ചാണ് ആർസനൽ മുന്നേറിയത് .

ജർമനിയിലെ അലയൻസ് അറീനയിൽ നടന്ന മത്സരത്തിൽ റയൽ മഡ്രിഡിനെ 4-3ന് പരാജയപ്പെടുത്തിയാണ് ബയൺ മ്യൂണിക് സെമിയിൽ കടന്നത് . ഇരുപാദങ്ങളിലുമായി 6-4 എന്ന അഗ്രഗേറ്റ് സ്കോറിനാണ് ബയണിന്റെ വിജയം .മത്സരത്തിന്റെ ഒന്നാം മിനിറ്റിൽ തന്നെ അർദ ഗുലറിലൂടെ റയൽ ലീഡെടുത്തു. എന്നാൽ ആറാം മിനിറ്റിൽ അലക്സാണ്ടർ പാവ്‌ലോവിച്ചിലൂടെ ബയേൺ തിരിച്ചടിച്ചു.

ഗുലറിന്റെ രണ്ടാം ഗോളിലും (29') കിലിയൻ എംബാപ്പെയുടെ ഗോളിലും (42') റയൽ ലീഡ് നേടിയെങ്കിലും ബയൺ വിട്ടുകൊടുത്തില്ല. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ലൂയിസ് ഡയസ് (89'), മൈക്കൽ ഒലീസ് (90+4') എന്നിവർ നേടിയ ഗോളുകളാണ് ബയണിന് വിജയം സമ്മാനിച്ചത് . 86-ാം മിനിറ്റിൽ റയലിന്റെ എഡ്വേർഡോ കാമവിംഗ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായത് സ്പാനിഷ് ക്ലബ്ബിന് വലിയ തിരിച്ചടിയായി. സെമിയിൽ നിലവിലെ ചാംപ്യന്മാരായ പിഎസ്ജിയാണ് ബയണിന്റെ എതിരാളികൾ.

ലണ്ടനിലെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സ്പോർട്ടിങ് ലിസ്ബനെ ഗോൾരഹിത സമനിലയിൽ തളച്ചാണ് ആർസനൽ സെമിയിൽ ഇടംപിടിച്ചത്. ആദ്യ പാദത്തിൽ നേടിയ ഒരു ഗോളിന്റെ മുൻതൂക്കത്തിലാണ് (അഗ്രഗേറ്റ് 1-0) മിഷേൽ ആർട്ടെറ്റയുടെ ടീം മുന്നേറിയത്. തുടർച്ചയായ രണ്ടാം സീസണിലും ചാംപ്യൻസ് ലീഗ് സെമിയിലെത്താൻ പീരങ്കിപ്പടയ്ക്കു സാധിച്ചു. സെമിയിൽ അത്‌ലറ്റിക്കോ മഡ്രിഡാണ് ആർസനലിന്റെ എതിരാളികൾ.

English Summary:

UEFA Champions League semi-finals person been acceptable with Bayern Munich and Arsenal advancing. Bayern Munich secured their spot by defeating Real Madrid successful a thrilling second-leg match.

Read Entire Article