Published: March 04, 2026 08:09 PM IST
1 minute Read
റാഞ്ചി∙ ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എം.എസ്. ധോണിക്ക് 1000 രൂപ പിഴ. റാഞ്ചിയിൽ അമിത വേഗത്തിൽ വാഹനമോടിച്ചതിന്റെ പേരിലാണ് ധോണിക്കെതിരായ നടപടി. വേഗപരിധി ലംഘിച്ച് താരം വാഹനമോടിച്ചതായി റാഞ്ചി നഗരത്തിലെ ഓട്ടോമേറ്റഡ് ട്രാഫിക് നിരീക്ഷണ സംവിധാനത്തിലാണ് പതിഞ്ഞത്. ഇതോടെ സൂപ്പർ താരത്തിനെതിരെ നടപടി വരികയായിരുന്നു. ആഢംബര വാഹനങ്ങളുടെ വലിയ നിര തന്നെയുള്ള ധോണി ഏതു വാഹനമാണ് അമിത വേഗതയിൽ ഓടിച്ചതെന്നു വ്യക്തമല്ല.
മോട്ടർ വാഹന നിയമത്തിലെ സെക്ഷൻ 183 പ്രകാരമാണ് ധോണിക്കെതിരെ ഇ–ചലാൻ നൽകിയത്. ധോണിക്കെതിരെ അടുത്തിടെ ഉയരുന്ന രണ്ടാമത്തെ നിയമ ലംഘനമാണിത്. റെസിഡൻഷ്യൽ പ്ലോട്ട് വാണിജ്യ ആവശ്യത്തിന് ഉപയോഗിച്ചതിന്റെ പേരിൽ ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിങ് ബോർഡ് അടുത്തിടെ സൂപ്പർ താരത്തിനു നോട്ടിസ് നൽകിയിരുന്നു. റാഞ്ചിയിലെ ഹർമു റോഡിലുള്ള ധോണിയുടെ സ്ഥലത്തിലാണ് നിയമലംഘനം കണ്ടെത്തിയത്. ഇവിടത്തെ വീട്ടിലാണ് ധോണിയും കുടുംബവും മുൻപ് താമസിച്ചിരുന്നത്. പുതിയ ഫാം ഹൗസിലേക്കു മാറിയതോടെ ധോണി ഇത് വാണിജ്യ ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുകയായിരുന്നു.
ഐപിഎൽ 2026 സീസണിനു വേണ്ടിയുള്ള പരിശീലനത്തിലാണ് ധോണിയിപ്പോൾ. 44 വയസ്സുകാരനായ ധോണിയെ അൺകാപ്ഡ് താരമായി നാലു കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിൽ നിലനിർത്തിയിരിക്കുന്നത്. താരത്തിന്റെ അവസാന ഐപിഎലായിരിക്കും ഇതെന്ന് അഭ്യൂഹങ്ങളുണ്ട്. ധോണി കരിയർ അവസാനിപ്പിക്കുമ്പോൾ വിക്കറ്റ് കീപ്പറായി ഉപയോഗിക്കാൻ മലയാളി താരം സഞ്ജു സാംസണിനെ ചെന്നൈ സൂപ്പർ കിങ്സ് ടീമിലെത്തിച്ചിരുന്നു. 18 കോടി രൂപ നൽകിയാണ് സഞ്ജുവിനെ ചെന്നൈ വാങ്ങിയത്. ഐപിഎലിന്റെ 2026 സീസണിലെ എല്ലാ മത്സരങ്ങളിലും ധോണി ചെന്നൈയുടെ വിക്കറ്റ് കീപ്പറാകാനുള്ള സാധ്യതയും കുറവാണ്. അങ്ങനെയെങ്കില്‍ സഞ്ജു അടുത്ത സീസണിൽ തന്നെ വിക്കറ്റ് കീപ്പറുടെ ചുമതല ഏറ്റെടുക്കേണ്ടിവരും. കഴിഞ്ഞ സീസണിൽ 14 മത്സരങ്ങള്‍ കളിച്ച ധോണി ആകെ 196 റൺസാണ് ഐപിഎലിൽ നേടിയത്.
English Summary:







English (US) ·