കൊൽക്കത്ത∙ യെസ്! റിങ്കു സിങ് ഒരിക്കൽ കൂടി കൊൽക്കത്തയ്ക്കു വേണ്ടി അതു ചെയ്തു. കൈവിട്ടു പോയേക്കുമെന്നു കരുതിയ മത്സരം തിരികെ പിടിച്ച് റിങ്കു കൊൽക്കത്തയ്ക്കു സമ്മാനിച്ചത് സീസണിലെ ആദ്യ ജയം. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ നാലു വിക്കറ്റിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ജയം. രാജസ്ഥാൻ ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് കൊൽക്കത്ത മറികടന്നത്. അർധസെഞ്ചറി നേടിയ റിങ്കു സിങ് (34 പന്തിൽ 53*), അനുകൂൽ റോയ് (16 പന്തിൽ 29*) എന്നിവരാണ് കൊൽക്കത്തയുടെ വിജയശിൽപികൾ.
അവസാന ഓവറിൽ 9 റൺസായിരുന്നു കൊൽക്കത്തയ്ക്കു ജയത്തിലേക്കു വേണ്ടത്. ബ്രിജേഷ് ശർമയെ രണ്ടു ബൗണ്ടറികളും ഒരു സിക്സും പായിച്ച് റിങ്കു വിജയറൺ കുറിക്കുകയായിരുന്നു. 11–ാം ഓവറിലെ അവസാന പന്തിൽ ജഡേജയുടെ പന്തിൽ, നാന്ദ്രെ ബർഗർ റിങ്കുവിന്റെ ക്യാച്ച് കൈവിട്ടത് മത്സരത്തിൽ നിർണായകമായി. ജയത്തോടെ കൊൽക്കത്ത മൂന്നു പോയിന്റുമായി അവസാന സ്ഥാനത്തുനിന്ന് ഒൻപതാം സ്ഥാനത്തേയ്ക്കു കയറി. മുംബൈ ഇന്ത്യൻസാണ് പത്താമത്. തുടർച്ചയായ രണ്ടാം തോൽവി നേരിട്ട രാജസ്ഥാൻ മൂന്നാം സ്ഥാനത്ത് തുടരുന്നു.
കുഞ്ഞൻ വിജയലക്ഷ്യം ചേസ് ചെയ്തു പിടിക്കാനിറങ്ങിയ കൊൽക്കത്തയെ ആദ്യ പന്തിൽ തന്നെ പേസർ ജോഫ്ര ആർച്ചർ ഞെട്ടിച്ചു. ഓപ്പണർ ടിം സീഫെർട്ടിന്റെ കുറ്റി ആർച്ചർ തെറിപ്പിച്ചു. ഈ സീസണിൽ ഇതു മൂന്നാം തവണയാണ് ആർച്ചർ ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്തുന്നത്. ഫിൽ സോൾട്ട്, അഭിഷേക് ശർമ എന്നിവരെയാണ് ഇതിനു മുൻപ് ആർച്ചർ ആദ്യ പന്തിൽ തന്നെ പറഞ്ഞയച്ചവർ. തൊട്ടടുത്ത ഓവറിൽ നാന്ദ്രെ ബർഗറുടെ വകയായിരുന്നു പ്രഹരം. ക്യാപ്റ്റൻ അജിൻക്യ രഹാനെയും സംപൂജ്യനായി മടങ്ങി. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് രഹാനെ ഡക്കാകുന്നത്. ഇതോടെ ഐപിഎൽ കൂടുതൽ തവണ (12) ഡക്കുകുന്ന ഓപ്പണർ എന്ന റെക്കോർഡും രഹാനെയും പേരിലായി.
മൂന്നാം വിക്കറ്റിൽ കാമറൂൺ ഗ്രീൻ– അംഗ്‌ക്രിഷ് രഘുവംശി സഖ്യം ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയെങ്കിലും പവർപ്ലേയ്ക്കുള്ളിൽ തന്നെ അടുത്ത വിക്കറ്റും വീണു. അഞ്ചാം ഓവറിൽ കാമറൂൺ ഗ്രീനെ (13 പന്തിൽ 27) രവി ബിഷ്ണോയ് ആണ് വീഴ്ത്തിയത്. പവർപ്ലേ അവസാനിക്കുമ്പോൾ 3ന് 51 എന്ന നിലയിലായിരുന്നു കൊൽക്കത്ത. പിന്നീട് താളം കണ്ടെത്താകാത്ത അംഗ്ക്രിഷ് രഘുവംശിയെ (19 പന്തിൽ 10) രവീന്ദ്ര ജഡേജ വിക്കറ്റിനു മുന്നിൽ കുരുക്കി. ഇതിനുശേഷം റോവ്‍മൻ പവൽ (20 പന്തിൽ 23), രമൺദീപ് സിങ് (13 പന്തിൽ 10) എന്നിവരുടെ വിക്കറ്റു കൂടി വീണതോടെ 13.3 ഓവറിൽ 6ന് 85 എന്ന നിലയിലായി കൊൽക്കത്ത. സീസണിൽ ആദ്യ ജയമെന്ന മോഹം വീണ്ടും കൈവിട്ടു പോകുമെന്ന സ്ഥിതി.
എന്നാൽ ഏഴാം വിക്കറ്റിൽ ഒന്നിച്ചു റിങ്കു സിങ്– അനുകൂൽ റോയ് സഖ്യം കരുതലോടെ ബാറ്റു വീശിയതോടെ കൊൽക്കത്തയ്ക്കു ജയപ്രതീക്ഷയായി. ഇരുവരും കൃത്യമായി ബൗണ്ടറികൾ കണ്ടെത്തിയതോടെ വിജയലക്ഷ്യം കുറഞ്ഞുവന്നു. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 76 റൺസാണ് കൂട്ടിച്ചേർത്തത്. രണ്ടു സിക്സും അഞ്ച് ഫോറുമടങ്ങുന്നതായിരുന്നു റിങ്കുവിന്റെ ഇന്നിങ്സ്. അനുകൂൽ റോയ് 2 സിക്സും ഒരു ഫോറും പായിച്ചു.
∙ കറക്കിവീഴ്ത്തി വരുൺതുടർച്ചയായ രണ്ടാം മത്സരത്തിലും ബാറ്റിങ് തകർച്ച നേരിട്ടതോടെ കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ കുഞ്ഞൻ സ്കോറിൽ ഒതുങ്ങി രാജസ്ഥാൻ റോയൽസ്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ വെറും 155 റൺസെടുക്കാനെ സാധിച്ചുള്ളൂ. നാല് ഓവറിൽ 14 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തി ഫോമിലേക്ക് തിരിച്ചെത്തിയ മിസ്റ്റി സ്പിന്നർ വരുൺ ചക്രവർത്തിയാണ് രാജസ്ഥാനെ കറക്കിവീഴ്ത്തിയത്. കാർത്തിക് ത്യാഗിയും മൂന്നു വിക്കറ്റെടുത്തപ്പോൾ സുനിൽ നരെയ്ൻ രണ്ടു വിക്കറ്റ് വീഴ്ത്തി. വൈഭവ് സൂര്യവംശി (28 പന്തിൽ 46), യശസ്വി ജയ്സ്വാൾ (29 പന്തിൽ 39) എന്നിവർ മാത്രമാണ് രാജസ്ഥാൻ നിരയിൽ തിളങ്ങിയത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനു വേണ്ടി ഒന്നാം വിക്കറ്റിൽ വൈഭവ്– യശസ്വി സഖ്യം 81 റണ്‍സാണ് കൂട്ടിച്ചേർത്തത്. എന്നാൽ പതിവുശൈലിയിൽ ആക്രമിച്ചു കളിക്കാൻ ഇരുവർക്കുമായില്ല. പവർപ്ലേയിൽ 63 റൺസ് രാജസ്ഥാൻ നേടി. ഒൻപതാം ഓവറിൽ വൈഭവിനെ രമൺദീപ് സിങ്ങിന്റെ കൈകളിൽ എത്തിച്ച വരുൺ ചക്രവർത്തിയാണ് കൂട്ടുകെട്ട് പൊളിച്ചത്. 2 സിക്സും ആറു ഫോറുമാണ് വൈഭവിന്റെ ബാറ്റിൽനിന്നു പിറന്നത്. ട്വന്റി20യിൽ വരുണിന്റെ 200–ാം വിക്കറ്റായിരുന്നു ഇത്. തന്റെ തന്നെ തൊട്ടടുത്ത ഓവറിൽ ധ്രുവ് ജുറേലിനെയും (7 പന്തിൽ 5) വരുൺ മടക്കി. പിന്നാലെ ജയ്‍സ്വാളിനെ സുനിൽ നരെയ്നും വീഴ്ത്തിയതോടെ രാജസ്ഥാൻ പ്രതിരോധത്തിലായി.
പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണതോടെ രാജസ്ഥാൻ സ്കോർബോർ ഇഴഞ്ഞു. ഷിമ്രോൺ ഹെറ്റ്മെയർ (18 പന്തിൽ 15), റിയാൻ പരാഗ് (14 പന്തിൽ 12) എന്നിവർ മാത്രമാണ് രാജസ്ഥാൻ നിരയിൽ രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരം മുൻനിര വീണപ്പോൾ രക്ഷകരായ ഡോണവൻ ഫെരേര 7 റൺസും രവീന്ദ്ര ജഡേജ 9 റൺസുമെടുത്ത് പുറത്തായി.
English Summary:







English (US) ·