Published: February 24, 2026 08:12 PM IST
1 minute Read
മുംബൈ∙ ട്വന്റി20 ലോകകപ്പ് സൂപ്പർ എട്ട് റൗണ്ടിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വമ്പൻ തോൽവി വഴങ്ങിയ ഇന്ത്യൻ ടീം പിഴവുകളില്‍നിന്ന് പാഠം പഠിക്കണമെന്നു മുന്‍ പരിശീലകൻ രവി ശാസ്ത്രി. ഇന്ത്യയുടെ തോൽവി നേരത്തേ സംഭവിച്ചതിൽ സന്തോഷമുണ്ടെന്നു രവി ശാസ്ത്രി പ്രതികരിച്ചു. തെറ്റുകൾ മനസ്സിലാക്കി, ഇന്ത്യ ലോകകപ്പിലേക്കു തിരികെയെത്തുമെന്നും രവി ശാസ്ത്രി പ്രതികരിച്ചു.
‘‘തോൽവി നേരത്തേ സംഭവിക്കുന്നതിൽ എനിക്കു സന്തോഷമുണ്ട്, അതും സെമി ഫൈനലിന് അരികെ നിൽക്കുന്ന ദക്ഷിണാഫ്രിക്കയോടാണു തോറ്റത്. ഇന്ത്യയ്ക്ക് അനിവാര്യമായ മാറ്റങ്ങൾ ഇതോടെ സംഭവിക്കും. തന്ത്രങ്ങളും സഖ്യങ്ങളും യോചിച്ചതാണോയെന്നു പരിശോധിച്ചശേഷമാകും ഇനിയുള്ള മുന്നോട്ടുപോക്ക്. ഇന്ത്യ തിരിച്ചുവരുമെന്ന് എനിക്കുറപ്പാണ്. സൂപ്പർ എട്ടിൽ ഇനിയൊരു തോല്‍വി കൂടി സംഭവിച്ചാൽ ടീം വലിയ സമ്മർദത്തിലാകും.’’– ഐസിസിയോടു സംസാരിക്കവെ രവി ശാസ്ത്രി വ്യക്തമാക്കി.
ആവശ്യമെങ്കില്‍ റിങ്കു സിങ്ങിനെ ഒഴിവാക്കി ഒരു ബോളറെ ടീമിൽ നിലനിർത്തണമെന്നും ശാസ്ത്രി ആവശ്യപ്പെട്ടു. ‘‘ട്വന്റി20 ടീമിലെ എട്ടു ബാറ്റർമാർക്കും ജോലി പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ അവിടെ എന്തോ കുഴപ്പമുണ്ട്. അധികമായി പന്തെറിയാൻ മറ്റൊരു ഓപ്ഷൻ ഇല്ല എന്ന സാഹചര്യത്തിലാണ് ടീം വീണുപോകുന്നത്. റിങ്കു സിങ്ങിനെ ടീമിൽ എടുക്കുകയാണെങ്കിൽ അതൊരു ബാറ്ററുടെ സ്ഥാനം മാറ്റിയിട്ടാകണം. അല്ലാതെ അതിനായി ബോളറെ പുറത്തിരുത്തരുത്.’’–ശാസ്ത്രി പറഞ്ഞു.
സിംബാബ്‍വെയ്ക്കെതിരെ അക്ഷർപട്ടേലിനെയും വാഷിങ്ടൻ സുന്ദറിനെയും ഒരുമിച്ചു കളിപ്പിക്കണമെന്ന ആവശ്യമുണ്ടെങ്കിൽ, റിങ്കുസിങ്ങിനെ പുറത്താക്കണമെന്നാണ് ശാസ്ത്രിയുടെ നിലപാട്. ‘‘അക്ഷർ പട്ടേലിനെ ടീമിനൊപ്പം നിർത്തണമായിരുന്നു. കാരണം ഏതൊരു ബോളർക്കും ഒരു മോശം ദിവസം ഉണ്ടാകും. ദക്ഷിണാഫ്രിക്കയ്ക്കെതിരെ വരുൺ ചക്രവർത്തിക്ക് മോശം ദിവസമായിരുന്നു. അതിന്റെ വിലയാണ് മത്സരത്തിൽ കൊടുക്കേണ്ടിവന്നത്. അതുകൊണ്ടാണ് എപ്പോഴും ഒരു ബാക്ക് അപ് വേണമെന്നുപറയുന്നത്.’’– ശാസ്ത്രി പ്രതികരിച്ചു.
English Summary:







English (US) ·