Published: May 16, 2026 06:12 PM IST Updated: May 16, 2026 07:04 PM IST
1 minute Read
സിൽഹെറ്റ് (ബംഗ്ലദേശ്) ∙ ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനത്തിൽ പാക്കിസ്ഥാൻ പേസർ ഹസൻ അലിക്ക് തലയ്ക്ക് പരുക്കേറ്റത് ആശങ്കയുണ്ടാക്കി. സിൽഹെറ്റിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ ഷാൻ മസൂദ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എട്ടാം ഓവറിൽ ഹസൻ അലി, തൻസീദ് ഹസൻ തമീമിന് പന്തെറിയുമ്പോഴായിരുന്നു സംഭവം. ബാറ്റർ പന്ത് ബോളർക്ക് നേരെ തന്നെ അടിച്ചപ്പോൾ, ക്യാച്ചെടുക്കാനുള്ള ശ്രമത്തിൽ ഹസൻ മുന്നോട്ട് ചാടിയെങ്കിലും തലയിടിച്ച് വീഴുകയായിരുന്നു.
താരം അസ്വസ്ഥത പ്രകടിപ്പിച്ചതോടെ മെഡിക്കൽ സംഘവും സഹതാരങ്ങളും സമീപത്തേയ്ക്ക് ഓടിയെത്തി. തുടർന്ന് സ്ട്രെച്ചർ മൈതാനത്തേക്ക് കൊണ്ടുവരികയും താരത്തെ പരിശോധനകൾക്കായി കൊണ്ടുപോകുകയും ചെയ്തു. എന്നാൽ, എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് 15-ാം ഓവറിൽ ഹസൻ വീണ്ടും മൈതാനത്തേക്ക് തിരിച്ചെത്തിയതോടെ ആശ്വാസമായി. 19-ാം ഓവർ മുതൽ താരം വീണ്ടും ബോൾ ചെയ്യുകയും ചെയ്തു. ഒന്നാം ഇന്നിങ്സിൽ 11.5 ഓവർ എറിഞ്ഞ താരം 49 റൺസെ് വീട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തി.
ഒന്നാംദിനം കളി അവസാനിക്കുമ്പോൾ ആദ്യ ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ വിക്കറ്റ് നഷ്ടമില്ലാതെ 21 റൺസെന്ന നിലയിലാണ്. ഓപ്പണർമാരായ അസൻ അവേയ്സ് (13*), അബ്‌ദുല്ല ഫസൽ (8) എന്നിവരാണ് ക്രീസിൽ. നേരത്തെ, ബംഗ്ലദേശ് ആദ്യ ഇന്നിങ്സിൽ 278 റൺസിന് ഓൾഔട്ടായിരുന്നു. ബംഗ്ലദേശിനായി വിക്കറ്റ് കീപ്പർ ബാറ്റർ ലിറ്റൻ ദാസ് (126) സെഞ്ചറി നേടി. 29 റൺസെടുത്ത് ക്യാപ്റ്റൻ നജ്‌മുൽ ഹുസൈൻ ഷാന്റോയാണ് അടുത്ത ടോപ് സ്കോറർ.
പാക്കിസ്ഥാനായി ഖുറം ഷഹ്‌സാദ് നാലു വിക്കറ്റും മുഹമ്മദ് അബ്ബാസ് മൂന്നു വിക്കറ്റും വീഴ്ത്തി. ഇടത് കാൽമുട്ടിനേറ്റ പരുക്ക് കാരണം ആദ്യ ടെസ്റ്റ് നഷ്ടമായ പാക്കിസ്ഥാൻ സൂപ്പർതാരം ബാബർ അസം ടീമിലേക്ക് രണ്ടാം മത്സരത്തിൽ പാക്ക് ടീമിലേക്ക് തിരിച്ചെത്തി. ആദ്യ ടെസ്റ്റിൽ ബംഗ്ലദേശ് ജയിച്ചിരുന്നു.
English Summary:







English (US) ·