Published: April 29, 2026 02:55 PM IST Updated: April 29, 2026 11:55 PM IST
1 minute Read
മുല്ലൻപുർ∙ ഐപിഎൽ മത്സരത്തിനിടെ ഡ്രസ്സിങ് റൂമിനുള്ളിൽ വേപ് (ഇ–സിഗരറ്റ്) ഉപയോഗിച്ച രാജസ്ഥാൻ റോയൽസ് ടീം ക്യാപ്റ്റൻ റിയാൻ പരാഗിനെതിരെ കടുത്ത അച്ചടക്ക നടപടിക്ക് സാധ്യത. സംഭവത്തിൽ ബിസിസിഐ അഴിമതിവിരുദ്ധ വിഭാഗം പ്രാഥമിക അന്വേഷണം ആരംഭിച്ചതായാണ് വിവരം. ചൊവ്വാഴ്ച പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെയാണ് റിയാൻ പരാഗ് ഡ്രസ്സിങ് റൂമിനുള്ളിലിരുന്ന് വേപ് ഉപയോഗിച്ചത്. രാജസ്ഥാൻ ഇന്നിങ്സിന്റെ 16–ാം ഓവറിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ താരത്തിനെതിരെ വ്യാപകമായി വിമർശനമുയരുകയും ചെയ്തു. യശസ്വി ജയ്‌സ്വാൾ, യുധ്‌വീർ സിങ് ചരക്, കുൽദീപ് സെൻ തുടങ്ങിയവരും ഈ സമയം പരാഗിനു സമീപമുണ്ട്.
ബിസിസിഐ മാർഗനിർദേശങ്ങൾ അനുസരിച്ച്, നിശ്ചിത മേഖലകളിൽ ഒഴികെ ഐപിഎൽ സ്റ്റേഡിയം പരിസരത്ത് പുകവലി കർശനമായി നിരോധിച്ചിട്ടുണ്ട്. ഇ-സിഗരറ്റ് കൈവശം വച്ചതും ഉപയോഗിച്ചതും വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. 2019ൽ കേന്ദ്ര സർക്കാർ പാസാക്കിയ ‘ദ് പ്രൊഹിബിഷൻ ഓഫ് ഇലക്ട്രോണിക് സിഗരറ്റ്സ് ആക്ട് (പിഈസിഎ) നിയമപ്രകാരം വേപ് ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ട്. നിയമം അനുസരിച്ച്, ആദ്യമായി കുറ്റം ചെയ്താൽ കുറ്റവാളിക്ക് ഒരു വർഷം വരെ തടവും കൂടാതെ/അല്ലെങ്കിൽ ഒരു ലക്ഷം രൂപ പിഴയും ലഭിക്കും. റിയാൻ പരാഗ്, വേപ് ഉപയോഗിച്ചെന്ന് ദൃശ്യങ്ങളിൽനിന്നു വ്യക്തമായതിനാൽ താരത്തിനെതിരെ ക്രിമിനൽ കേസെടുക്കാനും സാധ്യതയുണ്ട്. കേസ് റജിസ്റ്റർ ചെയ്താൽ പരാഗിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കാനും സാധ്യതയുണ്ട്.
പരാഗിന്റെ ഭാഗത്തുനിന്നു തീർത്തും നിരുത്തരവാദിത്തപരമായ നടപടിയാണുണ്ടായെന്ന് ബിസിസിഐ വൃത്തം വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു. ‘‘ഒട്ടേറെ കളിക്കാർ ഇ-സിഗരറ്റ് ഉപയോഗിക്കാറുണ്ട്, പക്ഷേ അവർ അത് ഡ്രസ്സിങ് റൂമിനുള്ളിൽ ചെയ്യാറില്ല. ഇത്രയധികം ക്യാമറകൾ ചുറ്റുമുള്ളപ്പോൾ അങ്ങനെ ചെയ്യുന്നത് വളരെ അപകടകരവും അശ്രദ്ധവുമാണ്. പരാഗ് ഇത്ര പരസ്യമായി വേപ്പിങ് നടത്തിയ സാഹചര്യത്തിൽ, നടപടിയെടുക്കാൻ ബിസിസിഐ നിർബന്ധിതരായേക്കാം.’’– അദ്ദേഹം പറഞ്ഞു. രാജസ്ഥാൻ ടീം അധികൃതർ ആരും ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല.
അതേസമയം, ഐപിഎൽ സീസൺ തുടങ്ങിയതായി മുന്നോടിയായി മുംബൈയിൽ നടന്ന ക്യാപ്റ്റന്മാരുടെ യോഗത്തിൽ ഡ്രസ്സിങ് റൂമിലെ കളിക്കാരുടെ സ്വകാര്യത സംബന്ധിച്ച് ചർച്ച ഉയർവന്നിരുന്നതായി മറ്റൊരു ഐപിഎൽ വൃത്തം പിടിഐയോടു പറഞ്ഞു. തത്സമയ സംപ്രേക്ഷണത്തിനിടെ ക്യാമറകൾ ഡ്രസ്സിങ് റൂമിലേക്ക് തിരിയുന്നതിനെ ചില ക്യാപ്റ്റന്മാർ എതിർത്തു.
‘‘ഇത് ഡ്രസ്സിങ് റൂമിലെ ഇ-സിഗരറ്റ് ഉപയോഗവുമായി മാത്രം ബന്ധപ്പെട്ടുണ്ടായതല്ല. ഇത് കളിക്കാരുടെ സ്വകാര്യതയെ ചുറ്റിപ്പറ്റിയുള്ളതായിരുന്നു. കളിക്കാർ വസ്ത്രം പൂർണ്ണമായി ധരിക്കാത്ത അവസ്ഥയിലോ അല്ലെങ്കിൽ ക്യാമറകൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന സമയങ്ങളോ ഉണ്ടാകാം. എന്നാൽ ഡ്രസ്സിങ് റൂമിൽ നിന്നുള്ള ദൃശ്യങ്ങൾ കാണിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ബിസിസിഐയല്ല, മറിച്ച് ബ്രോഡ്കാസ്റ്ററാണെന്ന് അവരോട് പറഞ്ഞു. പരാഗിന്റെ ഈ സംഭവത്തിന് ശേഷം, ഇത് ഒരുപക്ഷേ പുനഃപരിശോധിക്കപ്പെട്ടേക്കാം.’’– ഐപിഎൽ വൃത്തം കൂട്ടിച്ചേർത്തു.
English Summary:







English (US) ·