Published: January 31, 2026 03:52 PM IST
1 minute Read
മുംബൈ ∙ ബാഡ്മിന്റൻ താരം സൈന നെഹ്‌വാളിന്റെ ജീവിതകഥ സിനിമയായപ്പോൾ ബോളിവുഡ് നടി പരിണീതി ചോപ്രയാണ് താരത്തിന്റെ വേഷത്തിലെത്തിയത്. 2021ൽ അമോൽ ഗുപ്തയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘സൈന’ എന്ന ചിത്രം, ഹൈദരാബാദിലെ ഒരു സാധാരണ പെൺകുട്ടിയിൽ നിന്ന് ലോക ഒന്നാം നമ്പർ ബാഡ്മിന്റൻ താരമായും ഒളിംപിക് മെഡൽ ജേതാവായും മാറിയ സൈനയുടെ ജീവിതയാത്രയാണ് വിവരിക്കുന്നത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും പരിണീതിയുടെ പ്രകടനം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.
ചിത്രം പുറത്തിറങ്ങി വർഷങ്ങൾക്ക് ശേഷം സമൂഹമാധ്യമങ്ങളിൽ വീണ്ടും സൈന നെഹ്‌വാളും പരിണീതിയും ‘സൈന’ എന്ന ചിത്രവും ചർച്ചാവിഷയമായിരിക്കുകയാണ്. സൈനയെ പരിണീതി ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നില്ലെന്ന് ആരാധകരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ചർച്ചകൾക്കു ചൂടുപിടിച്ചത്. പരിണീതിയെ സൈന പണ്ട് ഫോളോ ചെയ്യുന്നുണ്ടെങ്കിലും സൈനയെ നടി അൺഫോളോ ചെയ്തതായാണ് ആരാധകരുടെ കണ്ടുപിടിത്തം. ഇതോടെ ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസത്തിലാണെന്ന് അഭ്യൂഹങ്ങൾ പരന്നു.
ഇപ്പോൾ ഈ ഊഹാപോഹങ്ങൾക്കു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സൈന നെഹ്‌വാൾ. തന്റെ യൂട്യൂബ് ചാനലിൽ സുഭോജിത് ഘോഷിനോടുള്ള ചാറ്റ് ഷോയിലാണ് താരം കാര്യങ്ങൾക്ക് വ്യക്തത വരുത്തിയത്. ഇത്തരം ഫോളോ–അൺഫോളോ ചർച്ചകൾ താൻ ശ്രദ്ധിക്കാറില്ലെന്നും ഇരുവരും തമ്മിൽ പ്രഫഷനൽ ബന്ധം മാത്രമാണുള്ളതെന്നും പരിണീതിയുമായി വ്യക്തിപരമായ ഒരു പ്രശ്‌നവുമില്ലെന്നും സൈന പറഞ്ഞു.
‘‘യഥാർഥത്തിൽ, ഞാൻ ഇതു ശ്രദ്ധിച്ചില്ല. എന്റെ പരിശീലനവും ടൂർണമെന്റുകളും പരിപാടികളും കൊണ്ട് ജീവിതം വളരെ തിരക്കിലായിരുന്നു. ഞാനും പരിണീതിയും ഒരിക്കലും സുഹൃത്തുക്കളായി സംസാരിച്ചിട്ടില്ല. ഞാൻ ഒരു പ്രഫഷനലിനെപ്പോലെയായിരുന്നു. എന്റെ ജീവിതത്തിൽ സംഭവിച്ചതെന്താണെന്നു ഞാൻ അവരോടു പറഞ്ഞു, അത്രമാത്രം. ഞങ്ങൾ തമ്മിൽ ഒരു സൗഹൃദമോ അതുപോലുള്ള മറ്റെന്തെങ്കിലുമോ ഉണ്ടെന്നു ഞാൻ പറഞ്ഞിട്ടില്ല.’’– സൈന പറഞ്ഞു.
സിനിമയുമായി ബന്ധപ്പെട്ട ജോലികളിൽ മാത്രമായി അവരുടെ ഇടപെടൽ പരിമിതമായിരുന്നുവെന്നും അതിൽ കൂടുതലൊന്നുമില്ലെന്നും സൈന നെഹ്‌വാൾ വിശദീകരിച്ചു. പ്രഫഷനൽ തിരക്കുകൾ കാരണം സാമൂഹികമായി ഇടപഴകുന്നതിന് തനിക്ക് വളരെ കുറച്ച് മാത്രമേ സമയം ലഭിച്ചിട്ടുള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു. ‘'ഞങ്ങൾ ഒരിക്കലും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ പുറത്ത് പോയിരുന്നില്ല. രണ്ടോ മൂന്നോ ആഴ്ച കൂടുമ്പോഴാണ് ഞങ്ങൾ കണ്ടിരുന്നത്. ആ ഒന്നോ രണ്ടോ മണിക്കൂറിനിടയിൽ സംവിധായകൻ എപ്പോഴും അവിടെ ഉണ്ടായിരുന്നു.’’– സൈന പറഞ്ഞു.
2012 ലണ്ടൻ ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവായ സൈന, ഈ മാസമാദ്യം ബാഡ്മിന്റനിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. കാൽമുട്ടിനേറ്റ ഗുരുതര പരുക്കും സന്ധിവാതവും കാരണം 2 വർഷമായി കോർട്ടിനു പുറത്തായിരുന്നു.മുൻ ലോക ഒന്നാം നമ്പർ താരമായ സൈന, 2023ൽ സിംഗപ്പൂർ ഓപ്പണിലാണ് അവസാനമായി മത്സരിച്ചത്.
English Summary:







English (US) ·