റുഥർഫോഡിന് അർധ സെഞ്ചറി, പൊരുതി നിൽക്കാനാകാതെ ഇംഗ്ലണ്ട്, വെസ്റ്റിൻഡീസിന് 30 റൺസ് വിജയം

1 month ago 5

ഓൺലൈൻ ഡെസ്ക്

Published: February 11, 2026 11:08 PM IST

1 minute Read

 INDRANIL MUKHERJEE / AFP
ഇംഗ്ലണ്ടിനെതിരായ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന വെസ്റ്റിൻഡീസ് താരങ്ങൾ. Photo: INDRANIL MUKHERJEE / AFP

Follow Us

Facebook

WhatsApp

മുംബൈ∙ ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ തകർത്ത് വെസ്റ്റിൻഡീസ്. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന സി ഗ്രൂപ്പ് പോരാട്ടത്തിൽ 30 റൺസിനാണ് വെസ്റ്റിന്‍ഡീസിന്റെ വിജയം. 42 പന്തിൽ 76 റൺസുമായി പുറത്താകാതെ നിന്ന വിൻഡീസ് താരം ഷെർഫെയ്ൻ റുഥർഫോഡാണു കളിയിലെ താരം. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത വിന്‍ഡീസ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19 ഓവറിൽ 166 റൺസടിക്കാൻ മാത്രമാണ് ഇംഗ്ലണ്ടിനു സാധിച്ചത്.

മറുപടി ബാറ്റിങ്ങിൽ 30 പന്തുകൾ നേരിട്ട സാം കറൻ 43 റൺസുമായി പുറത്താകാതെനിന്നെങ്കിലും ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. സാം കറൻ നിലയുറപ്പിച്ചപ്പോഴും പിന്തുണയ്ക്കാൻ മറുവശത്ത് ആരും ഇല്ലാതിരുന്നതാണ് ഇംഗ്ലണ്ടിനു തിരിച്ചടിയായത്. 33 റൺസെടുത്ത ജേക്കബ് ബെതലും 30 റൺസടിച്ച ഓപ്പണർ ഫിൽ സോൾട്ടും പൊരുതി നിന്നു. വെസ്റ്റിൻഡീസിനായി ഗുഡകേഷ് മോട്ടി മൂന്നും റോസ്റ്റൻ ചെയ്സ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. ഷമാർ ജോസഫ്, റൊമാരിയോ ഷെഫേർഡ്, അകീൽ ഹുസെയ്ൻ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി. അർധ സെഞ്ചറി നേടിയ റുഥർഫോഡിനു പുറമേ, റോസ്റ്റന്‍ ചെയ്സ്, ജേസൺ ഹോൾഡർ എന്നിവരും ആദ്യം ബാറ്റു ചെയ്ത വിൻഡീസിനായി തിളങ്ങി. 29 പന്തുകൾ നേരിട്ട ചെയ്സ് 34 റൺസും 17 പന്തുകൾ നേരിട്ട ഹോൾഡർ 33 റൺസും എടുത്തു പുറത്തായി.

ബുധനാഴ്ച നടന്ന രണ്ടാം മത്സരത്തിൽ അയർലൻഡിനെതിരെ ഓസ്ട്രേലിയ 67 റൺസ് വിജയം സ്വന്തമാക്കി. കൊളംബോയിൽ നടന്ന പോരാട്ടത്തിൽ ആദ്യം ബാറ്റു ചെയ്ത ഓസീസ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തപ്പോൾ അയർലൻഡ് 16.5 ഓവറിൽ 115 റൺസടിച്ചു പുറത്തായി. ലോകകപ്പില്‍ ഓസ്ട്രേലിയയുടെ ആദ്യ വിജയവും അയർലൻഡിന്റെ രണ്ടാം തോൽവിയുമാണിത്. രണ്ടു പോയിന്റുള്ള ഓസ്ട്രേലിയ മികച്ച മാർജിനിലെ വിജയവുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.

29 പന്തിൽ 45 റൺസെടുത്ത മാർകസ് സ്റ്റോയ്നിസാണു മത്സരത്തിൽ‍ ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. ജോഷ് ഇംഗ്ലിഷ് (17 പന്തിൽ 37), മാറ്റ് റെൻഷോ (33 പന്തിൽ 37) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി. മറുപടി ബാറ്റിങ്ങിൽ 43 റണ്‍സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകൾ നഷ്ടമായ അയർലൻഡിനു പിന്നീട് മത്സരത്തിലേക്കു തിരിച്ചുവരാനായില്ല. 41 റൺസടിച്ച ജോർജ് ഡോക്കറലാണ് ഐറിഷ് നിരയിൽ കുറച്ചെങ്കിലും പിടിച്ചുനിന്നത്. 3.5 ഓവറിൽ 12 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തിയ ഓസീസ് താരം നേഥൻ എലിസ് കളിയിലെ താരമായി. സ്പിന്നർ ആദം സാംപയും നാലു വിക്കറ്റുകള്‍ വീഴ്ത്തി.

English Summary:

Twenty 20 World Cup England vs West Indies Match Updates

Read Entire Article