Published: March 08, 2026 09:04 PM IST Updated: March 08, 2026 10:49 PM IST
1 minute Read
അഹമ്മദാബാദ്∙ ട്വന്റി20 ലോകകപ്പിൽ റെക്കോർഡുകൾ തകർത്തെറിഞ്ഞ ബാറ്റിങ് പ്രകടനവുമായി സഞ്ജു സാംസൺ. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 46 പന്തിൽ 89 റൺസെടുത്താണ് സഞ്ജു പുറത്തായത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു എട്ടു സിക്സുകളും അഞ്ചു ഫോറുകളുമുൾപ്പടെ ബൗണ്ടറി കടത്തിയാണ് ടീം ഇന്ത്യയുടെ ടോപ് സ്കോററായത്. ജിമ്മി നീഷം എറിഞ്ഞ 16–ാം ഓവറിലെ ആദ്യ പന്തിൽ പകരക്കാരൻ മക്കോക്കി ക്യാച്ചെടുത്താണ് സഞ്ജുവിനെ മടക്കിയത്.
ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കോർഡാണ് തകർപ്പൻ ബാറ്റിങ്ങിലൂടെ സഞ്ജു സ്വന്തം പേരിലാക്കിയത്. 2016 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ 85 റൺസെടുത്ത വെസ്റ്റിൻഡീസ് താരം മാർലൻ സാമുവൽസിന്റെ റെക്കോർഡാണ് സഞ്ജു തകർത്തത്. ഇന്ത്യൻ സൂപ്പർ താരം വിരാട് കോലിക്കും പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിക്കും ശേഷം ഒരു ലോകകപ്പിന്റെ സെമി ഫൈനലിലും ഫൈനലിലും അര്‍ധസെഞ്ചറി നേടുന്ന താരമാണ് സഞ്ജു.
ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമെന്ന റെക്കോർഡിൽ 2014 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ കോലി നേടിയ 77 റൺസിനെയും സഞ്ജു പിന്നിലാക്കി. ലോകകപ്പിൽ 321 റണ്‍സാണു സഞ്ജുവിന്റെ സമ്പാദ്യം. ലോകകപ്പിന്റെ ഒരു സീസണിൽ കൂടുതൽ റണ്‍സ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോര്‍ഡിൽ 2014ൽ വിരാട് കോലി നേടിയ 319 റൺസെന്ന നേട്ടത്തെയും പഴങ്കഥയാക്കി.
ലോകകപ്പിൽ കൂടുതൽ സിക്സുകൾ നേടിയ താരമെന്ന റെക്കോർഡും സഞ്ജുവിന്റെ പേരിലാണ്. അഞ്ച് മത്സരങ്ങളിൽനിന്ന് 24 സിക്സറുകളാണ് സഞ്ജു ഇതുവരെ ബൗണ്ടറിയിലേക്ക് നിലംതൊടാതെ തൂക്കിയത്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 255 റൺസാണെടുത്തത്. 256 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസീലൻഡ് 19 ഓവറിൽ 159 ന് പുറത്ത്.96 റൺസ് വിജയത്തോടെ ഇന്ത്യ മൂന്നാം ട്വന്റി20 ലോകകപ്പ് കിരീടം ഏറ്റുവാങ്ങി.
English Summary:







English (US) ·