ഹൂസ്റ്റൻ∙ ജോവ നെവെസിന്റെ ആറാം മിനിറ്റ് ഗോളിലെ അപകട സൂചന തിരിച്ചറിഞ്ഞ കോംഗോ പൊടുന്നനെ രണ്ടു കാര്യങ്ങൾ നടപ്പാക്കി. ക്രിസ്റ്റ്യാനോ റൊണാൾഡോയെ പൂട്ടുക, അവസരങ്ങൾ സൃഷ്ടിച്ച് പറങ്കിപ്പടയെ ആക്രമിക്കുക. രണ്ടും വിജയം കണ്ടപ്പോൾ കരുത്തരായ പോർച്ചുഗലിനെ സമനിലയിൽ പൂട്ടിയ കോംഗോ, ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോളും പോയിന്റും സ്വന്തമാക്കി. അവസാനമായി കളിച്ച 1974 ലോകകപ്പിൽ 3 മത്സരങ്ങളിൽനിന്ന് 14 ഗോൾ വഴങ്ങുകയും ഒരു തവണപോലും സ്കോർ ചെയ്യാൻ സാധിച്ചില്ലെന്നുള്ള നാണക്കേടും പേറി മടങ്ങിയ കോംഗോ, 52 വർഷത്തിനു ശേഷം നടത്തിയ മടങ്ങിവരവ് അവിസ്മരണീയമാക്കി.
What you should work next
പ്രതിഭകൾ കൊണ്ട് നിറഞ്ഞ പറങ്കിപ്പടയ്ക്കു മുന്നിൽ കളിയുടെ ആദ്യ മിനിറ്റുകളിൽ പ്രതിരോധം ആയുധമാക്കുന്ന കോംഗോയെയാണ് കണ്ടത്. എതിരാളിയുടെ പാളയത്തിൽ തമ്പടിച്ച് ആക്രമണമഴിച്ചുവിട്ട പോർച്ചുഗലിനെ, അഞ്ച് പേരെ ബോക്സിനു മുന്നിൽ നിർത്തിയാണ് കോംഗോ ചെറുത്തത്. എന്നാൽ ആഫ്രിക്കൻ പ്രതിരോധം പൊളിച്ച് ആറാം മിനിറ്റിൽ പറങ്കിപ്പട ഈ ലോകകപ്പിലെ ആദ്യ ഗോൾ കുറിച്ചു. കോംഗോ ബോക്സിനുള്ളിൽ പെഡ്രോ നെറ്റോയുടെ അസിസ്റ്റിൽ ഉയർത്തി നൽകിയ പന്ത് ജോവ നെവെസ് ഹെഡറിൽ വലയ്ക്കുള്ളിലാക്കുകയായിരുന്നു.
അമിത പ്രതിരോധത്തിലെ അപകടം തിരിച്ചറിഞ്ഞ കോംഗോ അതോടെ തന്ത്രം മാറ്റി. പറങ്കിപ്പടയുടെ പ്രതീക്ഷകളുടെ ഭാരവുമായെത്തിയ ക്രിസ്റ്റ്യാനോയുടെ നീക്കങ്ങൾക്ക് കൂച്ചുവിലങ്ങിട്ടു. അതോടൊപ്പം, പോർച്ചുഗീസ് ബോക്സിലേക്ക് നിരന്തരം മുന്നേറ്റവും നടത്തി. പോർച്ചുഗലിന്റെ നീക്കങ്ങളിലെ താളപ്പിഴ കോംഗോയുടെ നീക്കങ്ങൾക്ക് വേഗം നൽകി. പ്രത്യാക്രണവുമായി പോർച്ചുഗലും ബോക്സിലേക്ക് എത്തിയെങ്കിലും ഒത്തിണക്കത്തിലെ പിഴവ് അവസരങ്ങൾ നഷ്ടപ്പെടുത്തി. 18 ാം മിനിറ്റിൽ ഗോളെന്നുറച്ച രണ്ട് അവസരങ്ങളാണ് നിമിഷങ്ങൾക്കിടെ പോർച്ചുഗൽ നഷ്ടപ്പെടുത്തിയത്. ബോക്സിനുള്ളിലേക്ക് ഇരച്ചുകയറിയ നൂനോ മെൻഡെസ് പോസ്റ്റിനു മുന്നിലേക്ക് എത്തിയതോടെ മുന്നോട്ട് ഇറങ്ങിയ കോംഗോ ഗോൾ കീപ്പർ ലയണൽ എംപാസി പന്ത് തട്ടിയകറ്റി. റീബൗണ്ടിൽ പോസ്റ്റിലേക്ക് വീണ്ടും ഷോട്ടെടുത്തെങ്കിലും സ്വീകരിക്കാൻ ആളുണ്ടായില്ല.
68 ശതമാനം പന്തടക്കം കാട്ടിയത് പോർച്ചുഗലാണെങ്കിലും അവസരങ്ങൾ സൃഷ്ടിച്ച് കോംഗോ താരങ്ങൾ എതിർ ഗോൾമുഖത്തേക്ക് കുതിച്ചെത്തിയെങ്കിലും പറങ്കിപ്പടയുടെ പ്രതിരോധത്തെ ഭേദിക്കാനായില്ല. എന്നാൽ ആദ്യ പകുതിയുടെ അധിക സമയത്തെ അവസാന മിനിറ്റിൽ കോംഗോ ഗോൾ മടക്കി. പോസ്റ്റിന്റെ വലതുവശത്തു നിന്നുള്ള ആർതർ മസുവയുടെ ക്രോസ് ഹെഡ് ചെയ്ത് യൊഹാൻ വീസ വലയിലെത്തിച്ചു.
ഗോൾ നേടിയ ആത്മവിശ്വാസത്തിൽ രണ്ടാം പകുതിയുടെ തുടക്കം മുതൽ പോർച്ചുഗീസ് ബോക്സിലേക്ക് കോംഗോ ആക്രമിച്ചുകയറി. മത്സരം പുരോഗമിക്കുംതോറും കൂടുതൽ ആക്രമണത്തിനു മുതിരുന്ന കോംഗോ നിര പറങ്കിപ്പടയ്ക്ക് ഭീഷണിയുയർത്തി. 56 ാം മിനിറ്റിൽ ജോവ കാൻസെലോ കോംഗോയുടെ വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. പിന്നാലെ പോർച്ചുഗീസ് ബോക്സിലേക്ക് ആക്രമണം നടത്തിയ കോംഗോ പന്ത് ഗോൾവല ലക്ഷ്യമാക്കി തൊടുത്തെങ്കിലും ഗോൾ കീപ്പർ തട്ടിയകറ്റി.
ആറാം മിനിറ്റിലെ ഗോളിനു ശേഷം 65 മിനിറ്റ് പിന്നിട്ടപ്പോഴാണ് മൂർച്ചയുള്ള തുടർച്ചയായ ആക്രമണങ്ങൾ പോർച്ചുഗലിന്റെ ഭാഗത്തുനിന്നുണ്ടായത്. 69 ാം മിനിറ്റിൽ പോസ്റ്റിനുള്ളിൽ ഗോളിന് പാകത്തിന് കാലിൽ പന്ത് ലഭിച്ചിട്ടും വലത് കാൽ കൊണ്ടുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഷോട്ട് പുറത്തേക്കുപോയി. ഹൈഡ്രേഷൻ ബ്രേക്കിനു പിന്നാലെ ഗോൾ പോസ്റ്റിനു മുന്നിൽ റൊണാൾഡോയ്‌ക്ക് വീണ്ടും അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ഇതിനിടെ 78 ാം മിനിറ്റിൽ സെഡ്രീക് ബകാംബൂവിന്റെ ഗോൾശ്രമവും പിഴച്ചു.
നിശ്ചിത സമയം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ ഗോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ ബ്രൂണോ ഫെർണാണ്ടസ് ഗോൾമുഖത്തേക്ക് കുതിച്ചെങ്കിലും ബോക്സിനു പുറത്തേക്ക് പാഞ്ഞെത്തിയ കോംഗോ ഗോൾ കീപ്പർ ലയണൽ എംപാസി പന്ത് പുറത്തേക്ക് തൊഴിച്ച് അപകടം ഒഴിവാക്കി. അതോടെ അപ്രതീക്ഷിത സമനിലയുമായി പോർച്ചുഗലിന് മൈതാനം വിടേണ്ടിവന്നു.
മത്സരത്തിലുടനീളം പറങ്കിപ്പട 791 പാസുകൾ നടത്തിയപ്പോൾ 263 എണ്ണം മാത്രമാണ് കോംഗോയ്‌ക്ക് അവകാശപ്പെടാനുള്ളത്. എന്നാൽ കോംഗോയുടെ നീക്കങ്ങൾക്കു മുന്നിൽ പോർച്ചുഗീസ് പ്രതിരോധം നന്നായി വിയർക്കുന്നതാണ് കണ്ടത്. സമനില തെറ്റിക്കുന്ന ഗോളുകൾ വന്നില്ലെന്നു മാത്രം പോർച്ചുഗലിന് ആശ്വസിക്കാം. ആദ്യ ഗോളിനു ശേഷം പിന്നോക്കം പോയ പോർച്ചുഗൽ, രണ്ടാം പകുതിയുടെ മധ്യത്തിലാണ് കോംഗോ ഗോൾകീപ്പർ എംപാസിക്ക് വെല്ലുവിളി ഉയർത്തിയത്. റൊണാൾഡോയുടെ നീക്കങ്ങൾക്ക് തുടക്കത്തിലെ തടയിട്ടത് പോർച്ചുഗലിന്റെ നീക്കങ്ങളെ അത്രകണ്ട് ബാധിച്ചിരുന്നു. തന്ത്രങ്ങൾക്ക് മൂർച്ചകൂട്ടി വരും മത്സരങ്ങളെ സമീപിച്ചാലെ ലോകകപ്പ് മോഹങ്ങൾ നിലനിർത്താനാവുവെന്ന കൃത്യമായ സന്ദേശനമാണ് ഈ സമനില പോർച്ചുഗലിന് നൽകുന്നത്.
English Summary:





English (US) ·