Published: May 16, 2026 10:52 AM IST
1 minute Read
ലക്നൗ∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ നിര്‍ണായക മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനോടു തോറ്റെങ്കിലും ചെന്നൈ സൂപ്പർ കിങ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല. സീസണിലെ ആറാം തോൽവി വഴങ്ങിയ ചെന്നൈ 12 പോയിന്റുമായി ആറാം സ്ഥാനത്താണ്. ഇനിയുള്ള രണ്ടു കളികളും ജയിച്ചാലും ചെന്നൈയ്ക്ക് പരമാവധി 16 പോയിന്റാണു സ്വന്തമാകുക. ഇതോടെ മറ്റു ടീമുകളുടെ അവസ്ഥയും നെറ്റ് റൺറേറ്റും പ്ലേ ഓഫ് യോഗ്യതയ്ക്കു പരിഗണിക്കേണ്ടിവരും. ഏഴു വിക്കറ്റ് വിജയമാണ് ലക്നൗ സൂപ്പർ ജയന്റ്സ് ചെന്നൈയ്ക്കെതിരെ സ്വന്തമാക്കിയത്. ചെന്നൈയ്ക്ക് ഗ്രൂപ്പ് ഘട്ടത്തിൽ ഇനി രണ്ടു മത്സരങ്ങൾ ബാക്കിയുണ്ട്. സൺറൈസേഴ്സ് ഹൈദരാബാദിനും ഗുജറാത്ത് ടൈറ്റൻസിനും എതിരെയാണ് ചെന്നൈയുടെ പോരാട്ടങ്ങൾ. ഈ രണ്ടു ടീമുകളും പ്ലേഓഫ് യോഗ്യതയയ്ക്ക് അരികിലെത്തി നിൽക്കുന്നവരാണ്.
അടുത്ത രണ്ടു മത്സരങ്ങളും ജയിച്ചാൽ ചെന്നൈയ്ക്ക് 16 പോയിന്റാകും. പക്ഷേ അപ്പോഴും യോഗ്യത ഉറപ്പാകില്ല. എന്നാൽ ഇതിൽ ഒരു കളി തോറ്റാലും ചെന്നൈയ്ക്ക് ആദ്യ നാലിൽ കടക്കാൻ സാധിക്കും. പക്ഷേ അതിനു മറ്റു ചില കാര്യങ്ങൾ കൂടി സംഭവിക്കണം. ഗുജറാത്തിനും ഹൈദരാബാദിനും എതിരെയാണ് ചെന്നൈയുടെ അടുത്ത കളികൾ. രണ്ടു മത്സരങ്ങൾ ബാക്കിയുള്ള ഗുജറാത്തിന് രണ്ടും ജയിച്ചാൽ 20 പോയിന്റാകും. ഹൈദരാബാദിന് രണ്ടുകളികളും ജയിച്ചാൽ 18 പോയിന്റും ലഭിക്കും. ചെന്നൈ രണ്ടും ജയിച്ചാലും നേരിട്ട് യോഗ്യതയാകില്ല. മറ്റു ചില ടീമുകളുടെ മത്സരഫലങ്ങൾ കൂടി ചെന്നൈയുടെ സാധ്യതകളെ ബാധിച്ചേക്കും. 11 മത്സരങ്ങളിൽനിന്ന് 12 പോയിന്റുള്ള രാജസ്ഥാൻ റോയൽസാണ് ചെന്നൈയ്ക്ക് ഏറ്റവും വലിയ ഭീഷണി. രാജസ്ഥാന് ഇനി മൂന്നു കളികളുണ്ട്. ഡൽഹി, ലക്നൗ, മുംബൈ ടീമുകൾക്കെതിരെ രാജസ്ഥാൻ ജയിച്ചാൽ ചെന്നൈ പുറത്താകും. മൂന്നു കളികളിൽ ഒന്നു തോറ്റാൽ ചെന്നൈയ്ക്കു സാധ്യത തെളിയും.
രണ്ടു കളി ജയിച്ച് രാജസ്ഥാനും ചെന്നൈയ്ക്കും 16 പോയിന്റ് വീതമായാല്‍ നെറ്റ് റൺറേറ്റ് നോക്കി പ്ലേഓഫ് തീരുമാനിക്കേണ്ടിവരും. നിലവിൽ +0.027 ആണ് ചെന്നൈയുടെ നെറ്റ് റൺറേറ്റ്. പ്ലേഓഫ് യോഗ്യതയ്ക്കായി സാധ്യതകൾ ബാക്കിയുള്ള ടീമുകളിലെ മോശം റൺറേറ്റാണ് ഇത്. തുടർച്ചയായ അഞ്ചു തോൽവികളിൽ വലയുന്ന പഞ്ചാബിന് ഇനി ആർസിബിയോടും ലക്നൗവിനോടും ഏറ്റുമുട്ടാനുണ്ട്. ഇതിൽ ഒരു കളി പഞ്ചാബ് ജയിക്കുകയും മറ്റൊന്നു തോൽക്കുകയും ചെയ്താൽ, 15 പോയിന്റാണ് പഞ്ചാബിന് ലഭിക്കുക. സ്വാഭാവികമായും രണ്ടു കളികൾ ജയിക്കുന്ന ചെന്നൈയ്ക്ക് സാധ്യത തെളിയും.
ചെന്നൈ ഒരു കളി തോറ്റാൽ
രണ്ടു മത്സരങ്ങളിൽ ചെന്നൈയ്ക്ക് ഒരു തോൽവിയും ഒരു വിജയവുമാണെങ്കിൽ 14 പോയിന്റാണു ടീമിനു ലഭിക്കുക. അങ്ങനെയെങ്കിൽ സാഹചര്യം കൂടുതൽ സങ്കീർണമാകും. ആർസിബി, ജിടി, എസ്ആർഎച് ടീമുകൾക്ക് ഇപ്പോൾ തന്നെ 14 പോയിന്റുണ്ട്. നെറ്റ് റൺ റേറ്റ് നോക്കിയാലും ഈ ടീമുകൾ കരുത്തരാണ്. 14 പോയിന്റും വച്ച് ചെന്നൈയ്ക്ക് പ്ലേ ഓഫിലെത്തണമെങ്കിൽ പഞ്ചാബ് ഇനിയുള്ള രണ്ടുകളികളും തോൽക്കണം. രാജസ്ഥാൻ മൂന്നു മത്സരങ്ങളിൽ രണ്ടും തോൽക്കണം. അപ്പോഴും മറ്റൊരു കാര്യം കൂടി സംഭവിക്കണം. ചെന്നൈ നേടുന്ന ഒരു വിജയം വലിയ മാർജിനിൽ ആയിരിക്കണം. എങ്കിൽ നെറ്റ് റൺറേറ്റ് നോക്കി ചെന്നൈയ്ക്കു കടന്നുകൂടാൻ സാധിക്കും.
English Summary:







English (US) ·