ലക്ഷ്യം സ്വർണമെന്ന് ശ്രീശങ്കർ, അഞ്ജുവിന്റെ റെക്കോർഡ് തിരുത്തി ആൻസി എത്തുന്നു: ഏഷ്യൻ ഗെയിംസ് പ്രതീക്ഷകളുമായി മലയാളി താരങ്ങൾ ‌‌

1 week ago 3

‌‌അടുത്തയാഴ്ച ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിലെ മെഡൽ പ്രതീക്ഷകളെക്കുറിച്ച് മലയാളി അത്‌ലറ്റിക്‌സ് താരങ്ങൾ സംസാരിക്കുന്നു.

What you should work next

എം. ശ്രീശങ്കർ (ലോങ്ജംപ്)കഴിഞ്ഞ ഏഷ്യൻ ഗെയിംസിലെ വെള്ളി ഇത്തവണ സ്വർണമാക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണു മലയാളി ലോങ്ജംപർ എം. ശ്രീശങ്കർ. ഗെയിംസ് തുടങ്ങുന്നതിനും ഏറെ മുൻപേ ജപ്പാനിലെത്തിയ ശ്രീശങ്കർ പിതാവും കോച്ചുമായ എസ്. മുരളിയ്ക്കൊപ്പം ഇപ്പോൾ സൂക്കൂബ സർവകലാശാല ക്യാംപസിൽ പരിശീലനത്തിലാണ്. ജൂണിൽ ഇന്റർസ്റ്റേറ്റ് സീനിയർ അത്‌ലറ്റിക് മീറ്റിൽ ചാടിയ 8.38 മീറ്ററാണ് ഈ സീസണിൽ ശ്രീശങ്കറിന്റെ മികച്ച പ്രകടനം.

ശ്രീശങ്കർ സംസാരിക്കുന്നു: ‘‘നമ്മുടെ നാടിനെക്കാൾ മൂന്നര മണിക്കൂർ മുന്നിലാണു ജപ്പാൻ സമയം. ആ സമയ മാറ്റത്തോടു ശരീരം പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂ. ജപ്പാനിലെ കാലാവസ്ഥയുമായി ഉൾപ്പെടെ പൊരുത്തപ്പെടാൻ വേണ്ടിയാണു നേരത്തേയെത്തിയത്. പരിശീലനം നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്. കഴിഞ്ഞ തവണത്തെ വെള്ളി സ്വർണമാക്കാൻ വേണ്ടിയാണു ശ്രമം. അതിനു കഴിയുമെന്നാണു പ്രതീക്ഷ. എത്ര ദൂരം ചാടുന്നുവെന്നതിനെക്കാൾ രാജ്യത്തിനു വേണ്ടി സ്വർണം നേടുകയെന്നതാണു പ്രധാനം. ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനം തന്നെയാണു ലക്ഷ്യം.’’

ആൻസി സോജൻ ( ലോങ്ജംപ്)ഏഷ്യൻ ഗെയിംസ് ലോങ്ജംപിൽ ഇന്ത്യയുടെ സുവർണ പ്രതീക്ഷയാണു തൃശൂർ നാട്ടികക്കാരി ആൻസി സോജൻ. ജൂണിൽ ഇന്റർ സ്റ്റേറ്റ് അത്‌ലറ്റിക് മീറ്റിൽ, അഞ്ജു ബോബി ജോർജിന്റെ 22 വർഷം പഴക്കമുള്ള റെക്കോർഡ് (6.83 മീറ്റർ) തിരുത്തിയ ആൻസിയുടെ പ്രകടനം (6.88 മീറ്റർ) ഇന്ത്യയുടെ പ്രതീക്ഷകൾക്കു കൂടുതൽ കരുത്തു നൽകുന്നു. 7 മീറ്റർ കടക്കുന്ന ആദ്യ ഇന്ത്യക്കാരിയെന്ന സ്വപ്ന ദൂരത്തിലേക്ക് ആൻസിയെത്തുമെന്നു തന്നെ അത്‌ലറ്റിക് ലോകം ഉറച്ചു വിശ്വസിക്കുന്നു. ആരോഗ്യ പ്രശ്നങ്ങളും പരുക്കും വലച്ച കഴിഞ്ഞ വർഷത്തെ ക്ഷീണം തീർത്ത് ഈ വർഷം തുടക്കം മുതൽ ആൻസി മികച്ച ഫോമിലാണ്. ജംപിലെ ടെക്നിക് മെച്ചപ്പെടുത്തിയ ആൻസി കരുത്ത് വീണ്ടെടുത്തു. മേയിൽ ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്സിൽ മീറ്റ് റെക്കോർഡും (6.75 മീറ്റർ), പിന്നാലെ ഇന്റർ സ്റ്റേറ്റ് മീറ്റിൽ ദേശീയ റെക്കോർഡും. ഇനി ലക്ഷ്യം ഏഷ്യൻ ഗെയിംസ് സ്വർണം. റിലയൻസ് ഫൗണ്ടേഷൻ കോച്ച് അനൂപ് ജോസഫാണ് ആൻസിയുടെ പരിശീലകൻ.

‘‘കഴിഞ്ഞ തവണ ഏഷ്യൻ ഗെയിംസ് ലോങ്ജംപിൽ വെള്ളി മെഡലായിരുന്നു. ഇത്തവണ അതു സ്വർണമാക്കണം. ഏറ്റവും മികച്ച പ്രകടനത്തോടെ സ്വർണം നേടാനാണു ശ്രമം. അതിനായി കഠിനാധ്വാനം ചെയ്തിട്ടുണ്ട്. നല്ല ആത്മവിശ്വാസമുണ്ട്. ഇന്ത്യൻ അത്‌ലറ്റിക് സീരീസ് ഫൈനലിനായി ഇന്നു ഡൽഹിയിൽ മത്സരത്തിനിറങ്ങും.’’

കൃഷ്ണ ജയശങ്കർ ( ഷോട്പുട്)ഏറെ നാളായുള്ള കാത്തിരിപ്പിനു ശേഷം കൃഷ്ണ ജയശങ്കർ മേനോൻ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. വനിതകളുടെ ഷോട്പുട്ടിൽ മെഡൽ നേട്ടത്തോടെയുള്ള അരങ്ങേറ്റമാണു കൃഷ്ണയുടെ ലക്ഷ്യം. ഷോട്പുട്ടിൽ 17 മീറ്റർ ദൂരം മറികടക്കുന്ന ആദ്യ മലയാളി വനിതയാണു കൃഷ്ണ. മേയിൽ ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്സിലെ സ്വർണ ദൂരമാണ് (17.35 മീറ്റർ) കൃഷ്ണയുടെ ഇതുവരെയുള്ള മികച്ച പ്രകടനം. മുൻ ഇന്ത്യൻ ബാസ്കറ്റ്ബോൾ താരങ്ങളായ ജയശങ്കർ മേനോന്റെയും പ്രസന്നയുടെയും മകളായ കൃഷ്ണ യൂറോപ്പിലുൾപ്പെടെ പരിശീലനം നടത്തിയാണു ഗെയിംസിനൊരുങ്ങുന്നത്.

 മനോരമ)

കൃഷ്ണ ജയശങ്കർ (ഫയൽ ചിത്രം: മനോരമ)

കൃഷ്ണ ജയശങ്കർ മേനോൻ: ‘‘15 വർഷമായി ഞാൻ ഈ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. രാജ്യത്തിനു വേണ്ടിയുള്ള അരങ്ങേറ്റം ഏഷ്യൻ ഗെയിംസിലാണെന്നത് അധികമാർക്കും കിട്ടാത്ത കാര്യമാണല്ലോ. ഗെയിംസിൽ മെഡലിനു വേണ്ടി തന്നെയാണു മത്സരിക്കുന്നത്. ജനുവരി മുതൽ തുടർച്ചയായി ഞാൻ മത്സരിക്കുന്നു. യൂറോപ്യൻ പരിശീലനം ഏറെ ഗുണം ചെയ്തിട്ടുണ്ട്. അടുത്ത വർഷം ലോക ചാംപ്യൻഷിപ്പാണു വരാനിരിക്കുന്നത്. അതിനു മുൻപ് ഏഷ്യൻ‌ ഗെയിംസിൽ 18 മീറ്റർ കടക്കാനായാൽ ആത്മവിശ്വാസമേറും. അതിനു കഴിയുമെന്നാണു പ്രതീക്ഷ. എല്ലാവരും പിന്തുണയ്ക്കണം; പ്രാർ‌ഥിക്കണം.’’

മുഹമ്മദ് അഫ്സൽ ( 800 മീറ്റർ)ഫുട്ബോൾ കളിച്ചു തുടങ്ങി, പിന്നീട് അത്‌ലീറ്റായി കേരള സ്കൂൾ മീറ്റിലൂടെ വളർന്നുവന്ന താരമാണു പാലക്കാട് ഒറ്റപ്പാലം സ്വദേശി പി. മുഹമ്മദ് അഫ്സൽ. കഴിഞ്ഞ ഏഷ്യൻ ഗെയിംസിലെ 800 മീറ്റർ വെള്ളി മെഡൽ ജേതാവ്. 800 മീറ്ററിൽ നിലവിലെ ദേശീയ റെക്കോർഡുകാരൻ (1:44.93 മിനിറ്റ്). ഈ സീസണിൽ 1:46.59 മിനിറ്റാണ് അഫ്സലിന്റെ മികച്ച സമയം. കഴിഞ്ഞ മാസം മുഴുവൻ കൂനൂരിലെ തങ്കരാജ് സ്റ്റേഡിയത്തിൽ റിലയൻസ് ഫൗണ്ടേഷൻ കോച്ചും മലയാളിയുമായ അജിത് മാർക്കോസിനൊപ്പം പരിശീലനത്തിലായിരുന്നു അഫ്സൽ. ലക്ഷ്യം ഒന്നു മാത്രം– ജപ്പാൻ ഏഷ്യൻ ഗെയിംസിൽ 800 മീറ്റർ സ്വർണം.

‘‘കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ 800 മീറ്ററിൽ വെള്ളി മെഡലാണു നേടിയത്. അത് ഇത്തവണ അത് സ്വർണമാക്കണം. അതാണു ലക്ഷ്യം. അതിനുള്ള പരിശീലനമെല്ലാം നന്നായി പോകുന്നു. ഇത്ര സമയം കൊണ്ടു ഫിനിഷ് ചെയ്യണമെന്നതിലല്ല ഫോക്കസ്. ഗെയിംസാണ്. മത്സരമുണ്ടാകും. അതിൽ മുൻകൂട്ടി പ്രവചനമൊന്നും സാധ്യമല്ല. ഞാൻ കഴിവിന്റെ പരമാവധി ശ്രമിക്കും. ദൈവം സഹായിക്കട്ടെ.’’.

 മനോരമ)

മുഹമ്മദ് അഫ്സൽ (ഫയൽ ചിത്രം: മനോരമ)

സജൻ പ്രകാശ് (നീന്തൽ)

നീന്തൽക്കുളത്തിൽ കേരളത്തിന്റെ സ്വർണമീനാണു സജൻ പ്രകാശ്. 5 ദേശീയ ഗെയിംസുകളിൽ നിന്നായി 30 മെഡലുകൾ; അതിൽ 15 സ്വർണം. 2020ലെ ടോക്കിയോ ഒളിംപിക്സിലേക്ക് നേരിട്ടു യോഗ്യത നേടിയ താരം. 2 ഒളിംപിക്സുകളിൽ പങ്കെടുത്ത ഏക ഇന്ത്യൻ നീന്തൽക്കാരൻ. അങ്ങനെ ഇടുക്കി സ്വദേശിയായ സജനു വിശേഷണങ്ങൾ‌ ഏറെയുണ്ട്.

2018ൽ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 200 മീ ബട്ടർഫ്ലൈയിൽ സജൻ പ്രകാശ് ഫൈനലിൽ കടന്നപ്പോൾ ആ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമായി. ദേശീയ തലത്തിൽ മെഡലുകൾ വാരിക്കൂട്ടുമ്പോഴും ഏഷ്യൻ ഗെയിംസിൽ മെഡൽ നേടാനായില്ലെന്ന സങ്കടം സജനുണ്ട്. കർണാടകയിലെ ബെള്ളാരിയിലെ ഇൻസ്പയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ പരിശീലനം നടത്തുന്ന സജന്റെ മനസ്സിൽ തന്റെ സ്വപ്ന ലക്ഷ്യമുണ്ട്.

 മനോരമ)

സജൻ പ്രകാശ് (ഫയൽ ചിത്രം: മനോരമ)

‘‘ഏഷ്യൻ ഗെയിംസിൽ 200 മീ ബട്ടർഫ്ലൈയിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കോമൺവെൽത്ത് ഗെയിംസിൽ പ്രതീക്ഷിച്ച പോലെ ചെയ്യാൻ കഴിഞ്ഞില്ല. ഏഷ്യൻ ഗെയിംസിൽ ഏറ്റവും മികച്ച പ്രകടനത്തിനു ഞാൻ ശ്രമിക്കും. നിലവിലെ പ്രകടനമനുസരിച്ച് ഞാൻ ഏഷ്യയിൽ അഞ്ചാമതോ ആറാമതോ ആണ്. എന്നാൽ അതിനെക്കാൾ മികച്ച പ്രകടനം നടത്താനും മെഡൽ നേടാനും കഴിയുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.

യു. കാർത്തിക് (ട്രിപ്പിൾ‌ ജംപ്)ഒരു സ്വപ്ന ചാട്ടത്തിലേക്കുള്ള ലക്ഷ്യവുമായി ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ പരിശീലനത്തിലാണു മലയാളി ട്രിപ്പിൾ‌ ജംപർ യു. കാർത്തിക്. കാർത്തിക് ലക്ഷ്യമിടുന്നത് തന്റെ കരിയറിലെ ഏറ്റവും മികച്ച ചാട്ടമാണ്– 17.20 മീറ്റർ കടക്കുന്നൊരു ജംപ്. അതിലൂടെ ഇന്ത്യയ്ക്കൊരു സ്വർണം. 17.10 മീറ്ററാണു കാർത്തിക്കിന്റെ ഇതുവരെയുള്ള മികച്ച ചാട്ടം. ജൂണിൽ ഇന്റർ സ്റ്റേറ്റ് സീനിയർ അത്‌ലറ്റിക് മീറ്റിൽ 16.80 മീറ്റർ ചാടിയതാണു സീസൺ ബെസ്റ്റ്.

യു. കാർത്തിക്: ‘‘ഇപ്പോൾ ഭുവനേശ്വറിലെ ക്യാംപിലാണ്. ജപ്പാനിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ്. തയാറെടുപ്പുകൾ നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ട്. ഏഷ്യൻ ഗെയിംസിനു മുന്നോടിയായി 10ന് ഡൽഹിയിൽ ഒരു മത്സരത്തിൽ കൂടി പങ്കെടുക്കും. അതിനു ശേഷമാണു ജപ്പാനിലേക്കു പോകുക. അവിടെ ചെന്ന് 10 ദിവസം കൊണ്ടു ശരീരം അവിടത്തെ കാലാവസ്ഥയുമായി സെറ്റാകുമെന്നു പ്രതീക്ഷിക്കുന്നു. സ്വർണം തന്നെയാണു ലക്ഷ്യമിടുന്നത്. 17.20 മീറ്റർ കടക്കുന്ന ഒരു ചാട്ടത്തിനു വേണ്ടിയാണു ശ്രമം.’’

യു. കാർത്തിക് (ഇടത്), എൻ. തൗഫീഖ് (വലത്)

യു. കാർത്തിക് (ഇടത്), എൻ. തൗഫീഖ് (വലത്)

എൻ. തൗഫീഖ് (ഡെക്കാത്‌ലൺ)ഈ വർഷം തുടക്കത്തിൽ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി എൻ. തൗഫീഖ് തന്റെ ഡയറിയിൽ കുറിച്ചു– ‘ഏഷ്യൻ ഗെയിംസ്– 2026’; അന്നു മുതൽ തൗഫീഖ് ഗെയിംസ് സ്വപ്നത്തിനു പിന്നാലെയായിരുന്നു. ഏഷ്യൻ ഗെയിംസിലെ പുരുഷ വിഭാഗം ഡെക്കാത്‌ലണിൽ മത്സരിക്കാനായി ഇപ്പോൾ ബെംഗളൂരു സായ് കേന്ദ്രത്തിൽ പരിശീലനത്തിലാണു തൗഫീഖ്.

അത്‌ലറ്റിക്സിലെ ഏറ്റവും കഠിനമായ മത്സരമാണു ഡെക്കാത്‌ലൺ; 2 ദിവസം കൊണ്ടു പൂർത്തിയാക്കേണ്ടതു പത്തിനങ്ങൾ. 2023ലെ വെങ്കല മെഡൽ നേട്ടത്തോടെയാണു തൗഫീഖ് വരവറിയിച്ചത്. കഴിഞ്ഞ വർഷത്തെ ദേശീയ ഗെയിംസിൽ അതു സ്വർണമായി. മേയിൽ റാ‍ഞ്ചിയിൽ ഫെഡറേഷൻ കപ്പ് സീനിയർ‌ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിലെ പ്രകടനമാണു തൗഫീഖിന്റെ മികച്ച പ്രകടനം (7530 പോയിന്റ്). ഒരു മാസത്തിനകം ഭുവനേശ്വറിൽ നടന്ന ഇന്റർ സ്റ്റേറ്റ് സീനിയർ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിലെ സ്വർണ പ്രകടനത്തിലൂടെ (7276 പോയിന്റ്) തൗഫീഖ് ഏഷ്യൻ ഗെയിംസിനു യോഗ്യത നേടി. ഭൂപാലനാണു കോച്ച്.

‘‘പത്തിനങ്ങളുൾപ്പെട്ട ഡെക്കാത്‌ലണിൽ എല്ലാ ഇനങ്ങളിലും മികച്ച പ്രകടനം നടത്തണം. അതിനു വേണ്ടിയാണു ശ്രമം. ശരീരം ഇപ്പോൾ ഫിറ്റാണ്. ജപ്പാനിലെ സാഹചര്യങ്ങൾ കൂടി അനുകൂലമായാൽ ഏറ്റവും മികച്ച പ്രകടനം തന്നെ നടത്താൻ കഴിയും. എല്ലാ ഇനങ്ങളും നന്നായി ചെയ്യാനായാൽ‌ മെഡൽ കിട്ടും.’’

വിദർശ കെ. വിനോദ് (ഷൂട്ടിങ്)എട്ടു വർ‌ഷം മുൻപു കോളജ് പഠനകാലത്ത് എൻസിസി കെഡറ്റ് എന്ന നിലയിൽ തോക്കെടുത്തതാണു കോഴിക്കോട് സ്വദേശി വിദർശ കെ. വിനോദ്. ഇന്ന് ആ തോക്കിൽ നിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നത് ഒരു ഏഷ്യൻ ഗെയിംസ് മെഡലാണ്. മലയാളികൾ അധികം തിളങ്ങാത്ത ഷൂട്ടിങ്ങിൽ ആദ്യമായാണ് ഒരു മലയാളി ഷൂട്ടർ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടുന്നത്.

2018ൽ ശരിയായ പരിശീലനം പോലുമില്ലാതെയാണു വിദർശ എൻസിസി ടീമിലേക്കുള്ള സിലക്‌ഷൻ ട്രയൽ‌സിൽ പങ്കെടുക്കുന്നത്.

8 വർഷത്തിനുള്ളിൽ അവിടെ നിന്ന് ഏഷ്യൻ ഗെയിംസ് ടീമിലേക്കുള്ള വിദർശയുടെ യാത്ര പ്രതിസന്ധികളോടുള്ള പോരാട്ടം കൂടിയാണ്. പരിശീലനത്തിന്റെ ചെലവ് കൂടുതൽ, സാമ്പത്തിക ബുദ്ധിമുട്ട്, വിമർശനങ്ങൾ തുടങ്ങി പല പ്രതിസന്ധികളെയും വിദർശ മറികടന്നു. കുടുംബത്തിന്റെയും ഷൂട്ടിങ് താരവും കോച്ചുമായ ഭർത്താവ് മനു എസ്. രവിയുടെയും പിന്തുണ ഇതിൽ നിർണായകമായി. ഇന്ത്യൻ ഷൂട്ടിങ് ടീം കോച്ച് മനോജ് കുമാറിനു കീഴിലാണു പരിശീലനം. ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ, 50 മീറ്റർ റൈഫിൾ 3 പൊസിഷൻ എന്നീ ഇനങ്ങളിലാണു വിദർശ മത്സരിക്കുക.

‘‘ഷൂട്ടിങ് തുടങ്ങിയ സമയത്ത് ഒട്ടേറെ പ്രതിസന്ധികളുണ്ടായിരുന്നു. എന്നാൽ അപ്പോഴൊന്നും എനിക്കിതു നിർത്താൻ തോന്നിയിട്ടില്ല. കാരണം എനിക്കു ഷൂട്ടിങ് ഇഷ്ടമാണ്. മറ്റു മത്സരങ്ങളെ പോലെയാണ് ഏഷ്യൻ ഗെയിംസിനെയും കാണുന്നത്. പരിശീലന സമയത്തെ പോലെ തന്നെ മികച്ച പ്രകടനം നടത്തണം. മെഡൽ നേടണമെന്നാണ് ആഗ്രഹം. ഘട്ടം ഘട്ടമായി പ്രകടനം മെച്ചപ്പെടുത്താൻ കഴിയുന്നുണ്ട്. ഏറ്റവും മികച്ച സ്കോർ കണ്ടെത്താൻ കഴിയണം. അതിനു വേണ്ടിയാണു ശ്രമം.’’


വിദർശ കെ. വിനോദ് (ഇടത്), ടി.എസ്. മനു (വലത്)

വിദർശ കെ. വിനോദ് (ഇടത്), ടി.എസ്. മനു (വലത്)

ടി.എസ്. മനു ( 4x400 മീറ്റർ റിലേ)കേരള പൊലീസിന്റെ അഭിമാന താരമാണു വയനാട് കാക്കവയൽ സ്വദേശിയായ ടി.എസ്. മനു. ഏഷ്യൻ ഗെയിംസിൽ ഇന്ത്യ സ്വർണ മെഡൽ പ്രതീക്ഷ പുലർത്തുന്ന പുരുഷ, മിക്സ്ഡ് വിഭാഗം 4x400 മീറ്റർ റിലേയിൽ മനു ഇന്ത്യയുടെ ബാറ്റണേന്തും. കേരള പൊലീസ് സെൻട്രൽ സ്പോർട്സ് ടീം അംഗവും എംഎസ്പി ബറ്റാലിയനിലെ ഹവിൽദാറുമാണു മനു.

കഴിഞ്ഞ ദേശീയ ഗെയിംസിൽ കേരളത്തിനു വേണ്ടി മനു 400 മീറ്ററിൽ വെള്ളിയും0 4x400 മീറ്റർ റിലേയിൽ സ്വർണവും നേടിയിരുന്നു. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ നടന്ന ഇന്ത്യൻ അത്‌ലറ്റിക് സീരീസ് ഫൈനലിൽ 400 മീറ്ററിൽ വെങ്കലവും. തിരുവനന്തപുരം സായിയിൽ ഇന്ത്യൻ ടീം ഡപ്യൂട്ടി ചീഫ് കോച്ച് എം.കെ. രാജ്മോഹനു കീഴിലാണു പരിശീലനം.

‘‘ഇത്തവണ ഏഷ്യൻ ഗെയിംസിന് ഇന്ത്യയ്ക്കു വേണ്ടി ഏറ്റവും മികച്ച റിലേ ടീമാണു മത്സരിക്കുന്നത്. പ്രതീക്ഷ സ്വർണ മെഡൽ തന്നെ. 2023ലെ ലോക ചാംപ്യൻഷിപ്പിൽ 4x400 മീറ്റർ റിലേയിൽ ഇന്ത്യൻ ടീം റെക്കോർഡ് തിരുത്തിയിരുന്നു. 2024ൽ ജപ്പാൻ ആ റെക്കോർഡ് തിരുത്തി. ഇത്തവണ ആ റെക്കോർഡ് തിരിച്ചു പിടിക്കണം; സ്വർണം നേടണം.’’

English Summary:

Malayala Manorama Online News highlights the beardown contingent of Kerala athletes representing India astatine the Asian Games, showcasing their determination and medal aspirations. These athletes are focused connected achieving their idiosyncratic bests and bringing glory to the nation.

Read Entire Article