ലയണല്‍ മെസ്സി തിരിച്ചുവരും, വരാതിരിക്കില്ല

2 weeks ago 6

മനോരമ ലേഖകൻ

Published: September 01, 2026 10:33 AM IST

2 minute Read

WhatsAppImage2026-09-01at9-35-06AM-1--jpeg
ലയണൽ മെസ്സി

മെസ്സി ഇല്ലാത്തൊരു അർജന്റീന, മെസ്സി ഇല്ലാത്തൊരു ഫുട്ബോൾ, മെസ്സി ഇല്ലാത്തൊരു ലോകകപ്പ്...ചിന്തിക്കാൻ പോലും ഒരു വിഷമം തോന്നുന്നില്ലേ? അതാണ് ലോക ഫുട്ബോളിൽ ലയണൽ മെസ്സി എന്ന ഫുട്ബോളർ പതിപ്പിച്ച മാന്ത്രികമുദ്ര. ഇനി ഒന്നും നേടാൻ ബാക്കിയില്ലാത്ത ഇതിഹാസമായാണ് മെസ്സി വിരമിക്കുന്നത്. ഒറ്റയ്ക്കു പട നയിച്ചാണ് മൂന്നു ലോകകപ്പുകളുടെ ഫൈനലിലേക്കു മെസ്സി പിറന്ന നാടിനെ നയിച്ചത്. ലോകകപ്പുകളുടെ കണക്കുകൾ മാറിമറിയാം. ഫുട്ബോളിൽ ഇനിയുണ്ടാകുമോ ഇതുപോലൊരു അവതാരപ്പിറവി? സംശയമാണ്. ഇപ്പോൾ 39 വയസ്സ്. അടുത്ത ലോകകപ്പിന് 43 വയസ്സാകും. മെസ്സി തിരിച്ചുവന്നാലോ? വെറുതെ മോഹിക്കുകയാണ്. ഒരു തവണ ബൂട്ട് അഴിച്ചശേഷം ഫുട്ബോളിലേക്കു തിരിച്ചുവന്ന താരമാണു മെസ്സി. ഒരുവട്ടം കൂടി അതിന്റെ ആവർത്തനത്തിനു കൊതിക്കുകയാണു ഞാൻ‌.– ഐ.എം.വിജയൻ (മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ)

വൈകാരികമായ തീരുമാനം

ഫുട്ബോളിനെ പ്രണയിക്കുന്നവർ മനസ്സിൽ ഒരായിരം നന്ദി പറയുന്ന നിമിഷമാണിത്. ലയണൽ മെസ്സിക്കു മാത്രമല്ല, ആ ഇതിഹാസത്തിന്റെ കളി കാണാൻ ഭാഗ്യം ലഭിച്ചതിനുമാണ് ആ നന്ദി. എന്തൊരു കളിക്കാലമാണ് ആ മനുഷ്യൻ ഫുട്ബോളിനു നൽകിയത്. മെസ്സി ഒഴിച്ചിട്ട ഇടം ഇനി ശൂന്യമാകും. കാരണം ഇതുപോലൊരു താരം അപൂർവമായി മാത്രം സംഭവിക്കുന്ന അദ്ഭുതമാണ്. ജീവിതത്തിലും കരിയറിലും താങ്ങും തണലും തലോടലുമായി നിറഞ്ഞുനിന്ന പിതാവിന്റെ വേർപാടാകും അർജന്റീനക്കുപ്പായത്തിൽ ഇനിയില്ലെന്ന തീരുമാനമെടുക്കാൻ മെസ്സിയെ പ്രേരിപ്പിച്ചത്.– ജോ പോൾ അഞ്ചേരി (മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ)

ഇതിഹാസം; ഇന്നും എന്നും

ഒരുനിമിഷം കൊണ്ടു കളിയെ മുഴുവനും ഒറ്റയ്ക്കു മാറ്റിയെഴുതാൻ കഴിവുള്ള ഇതിഹാസ താരമാണ് ലയണൽ മെസ്സി. ഈ ലോകകപ്പായിരുന്നു അതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ഫൈനലിൽ അർജന്റീന തോറ്റെങ്കിലും അതിനു മുൻപു നടന്ന മത്സരങ്ങളിലെല്ലാം നമ്മൾ കണ്ടത് മെസ്സി മാജിക് മാത്രമായിരുന്നു. അർജന്റീനയുടെ ഊർജമായ മെസ്സിയെ നേരിട്ടു കാണാ‍ൻ എനിക്കു ഭാഗ്യം ലഭിച്ചിട്ടുണ്ട്. 2022ലെ ഖത്തർ ലോകകപ്പിലെ പ്രീ ക്വാർട്ടർ മത്സരമാണ് വേദി. അന്ന് ഓസ്ട്രേലിയയായിരുന്നു അർജന്റീനയുടെ എതിരാളികൾ. ഡിസംബർ 3നു നടന്ന മത്സരത്തിൽ എനിക്ക് ഇരിപ്പിടം കിട്ടിയത് ഓസ്ട്രേലിയൻ പോസ്റ്റിന്റെ പിന്നിലായിട്ടാണ്. അതുകൊണ്ടുതന്നെ 35–ാം മിനിറ്റിൽ മെസ്സി നേടിയ സൂപ്പർ ഗോൾ നേരിട്ടു കാണാൻ കഴിഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ നിമിഷങ്ങളിൽ ഒന്നാണത്.– ബി.കെ.ഹരിനാരായണൻ(ഗാനരചയിതാവ്)

പൂവരശ്ശിലെ മെസ്സി

ലയണൽ മെസി നമുക്കു മറ്റൊരു രാജ്യക്കാരനോ അർജന്റീനയുടെ ഇതിഹാസമോ അല്ല. നമ്മുടെ ഭാഷയുടെ, സാഹിത്യത്തിന്റെ, സംഗീതത്തിന്റെ, ചരിത്രത്തിന്റെ നിരന്തര നാദമാണ്. മെസിയെക്കുറിച്ചുള്ള എത്രയെത്ര പാട്ടുകൾ, എത്രയെത്ര വിശേഷങ്ങൾ, കഥകൾ... നമ്മുടെ ഒരു സെലിബ്രിറ്റിക്കും കിട്ടാത്ത അത്രയും സ്നേഹവും ആരാധനയും പ്രേമവും മെസി എന്ന പേരിനൊപ്പം ചേർന്നു. ആ ചിത്രങ്ങളില്ലാത്ത കട്ടൗട്ടുകൾ കേരളത്തിലെങ്ങുമില്ല. ചായക്കടയിൽ, മീൻ മാർക്കറ്റിൽ, പച്ചക്കറിക്കടയിൽ, ഹോട്ടലിൽ, ബാറിൽ, കടലിൽ ചീറിപ്പായുന്ന ബോട്ടുകളിൽ, തിരകളോട് മത്സരിക്കുന്ന തോണികളിൽ, ബസുകളിൽ, ഇതര വാഹനങ്ങളിൽ, മതിലുകളിൽ... ഇങ്ങനെ മെസിയെത്താത്ത ഇടങ്ങളും നാട്ടുവഴികളുമില്ല. നമ്മുടെ കടലും കരയും ആകാശവും ഒരുപോലെ കീഴടക്കിയ ഒരേയൊരു പേര് - മെസി.

‘കണ്ണടച്ചാലും കണ്ണു തുറന്നാലും മെസി

കുഞ്ഞിന്റെ കണ്ണിലും മണ്ണിലും വിണ്ണിലും മെസി.

കാറ്റിന്റെ വീശിലും കൊടിയിലും മെസി

തോരണങ്ങളിൽ മെസി

പൂവരശ്ശിൽ മെസി

എത്ര വിരമിച്ചു പോയാലും

രമിക്കുന്ന പേരായി മെസി’– ബിനീഷ് പുതുപ്പണം (എഴുത്തുകാരൻ)

English Summary:

Lionel Messi's status marks the extremity of an epoch successful football. His unthinkable endowment and bequest person near an indelible people connected the sport, inspiring fans and players worldwide.

Read Entire Article