Published: August 02, 2026 09:53 AM IST
1 minute Read
2000നു ശേഷം ശ്രീലങ്കയിൽ ജനിച്ച കുട്ടികളുടെ മുന്നിൽ പ്രധാനമായും രണ്ട് ഓപ്ഷനാണ് ഉണ്ടായിരിക്കുക. ആദ്യത്തേത് സനത് ജയസൂര്യയെ പോലെ വെടിക്കെട്ട് ബാറ്ററാകുക. രണ്ടാമത്തേത് ലസിത് മലിംഗയെ പോലെ സൂപ്പർ പേസ് ബോളറാകുക. ഇതിൽ രണ്ടാമത്തെ ഓപ്ഷനാണ് റുമേഷ് തരംഗയെന്ന കൗമാരക്കാരൻ തിരഞ്ഞെടുത്തത്. മലിംഗയുടെ ആക്‌ഷൻ അനുകരിച്ചും പരമാവധി വേഗത്തിൽ പന്തെറിഞ്ഞും ക്രിക്കറ്ററാകാൻ കൊതിച്ചുനടന്ന റുമേഷിനോട് ഒരുദിവസം പിതാവ് തുഷാര പതിരാഗെ ചോദിച്ചു; ‘കൈ മടക്കാതെ ഇത്രയും വേഗത്തിൽ പന്തെറിയുന്ന നിനക്ക്, കൈമടക്കി എത്രദൂരം ഒരു ജാവലിൻ എറിയാൻ സാധിക്കും?’. ആ ചോദ്യത്തിന് ഉത്തരം അന്വേഷിച്ച് റുമേഷ് നടത്തിയ യാത്ര ഇന്ന് എത്തിനിൽക്കുന്നത് കോമൺവെൽത്ത് ഗെയിംസ് പുരുഷ ജാവലിൻത്രോ മത്സരത്തിന്റെ മെഡൽ പോഡിയത്തിലാണ്. ഇന്ത്യൻ സൂപ്പർ താരം നീരജ് ചോപ്രയും ഒളിംപിക് ചാംപ്യൻ പാക്കിസ്ഥാന്റെ അർഷദ് നദീമും തമ്മിലുള്ള പോരാട്ടം പ്രതീക്ഷിച്ച് ജാവലിൻ ത്രോ മത്സരം കാണാൻ ഇരുന്നവരെ ഞെട്ടിച്ചുകൊണ്ട്, ഇരുപത്തിമൂന്നുകാരൻ റുമേഷ് സ്വർണം ചൂടി. 20 വർഷത്തിനു ശേഷമാണ് കോമൺവെൽത്ത് ഗെയിംസിൽ ലങ്ക ഒരു സ്വർണം നേടുന്നത്.
ക്രിക്കറ്റും ജാവലിനും
പന്ത്രണ്ടു വയസ്സുമുതൽ ക്രിക്കറ്റായിരുന്നു റുമേഷിന് എല്ലാം. മലിംഗയെ അനുകരിച്ച് സൈഡ് ആം ആക്‌ഷനിൽ പന്തെറിഞ്ഞ് പഠിച്ച റുമേഷ്, അണ്ടർ 19 തലത്തിൽ ദേശീയ ടീമിന്റെ പടിവാതിലിൽ വരെ എത്തി. അന്ന് മണിക്കൂറിൽ 134 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞ റുമേഷിന് ലങ്കൻ ക്രിക്കറ്റിൽ ഭാവിയുണ്ടെന്ന് പരിശീലകരും സഹതാരങ്ങളും വിശ്വസിച്ചു. എന്നാൽ അണ്ടർ 19 ദേശീയ ടീമിൽ ഇടംപിടിക്കാൻ റുമേഷിന് സാധിച്ചില്ല. അന്ന് റുമേഷിനെ മറികടന്ന് ടീമിൽ കയറിയ താരത്തെ നമ്മളറിയും; ഇഷാൻ മലിംഗ!
ദേശീയ ടീമിൽ അവസരം ലഭിച്ചില്ലെങ്കിലും ക്രിക്കറ്റുമായി മുന്നോട്ടുപോകാൻ തന്നെയായിരുന്നു റുമേഷിന് താൽപര്യം. പിതാവ് തുഷാരയാണ് റുമേഷിന് അത്‍ലറ്റിക്സിലേക്കുള്ള വഴിതുറന്നത്. മുൻ ഷോട്പുട് താരമായിരുന്ന തുഷാര, ചെറുപ്പം മുതൽ മകനെ ഷോട്പുട്ടും ഡിസ്കസ് ത്രോയുമെല്ലാം പരിശീലിപ്പിച്ചിരുന്നു. എന്നാൽ മകന് ക്രിക്കറ്റാണ് താൽപര്യമെന്നറിഞ്ഞതോടെ തന്റെ അത്‌ലറ്റിക്സ് മോഹങ്ങൾ തുഷാര മടക്കിവച്ചു. റുമേഷിന് ദേശീയ ടീമിൽ ഇടംപിടിക്കാൻ സാധിക്കാതെ വന്നതോടെയാണ്, എന്തുകൊണ്ട് ജാവലിനിൽ ഒരു കൈ നോക്കിക്കൂടാ എന്നു തുഷാരയ്ക്ക് തോന്നിയത്. അച്ഛന്റെ ആഗ്രഹപ്രകാരം 18–ാം വയസ്സിൽ ജാവലിൻ കൈയിലെടുത്ത റുമേഷിന് പിന്നീടു തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.
ജൂനിയർ തലത്തിൽ ജാവലിൻ ത്രോ ദേശീയ റെക്കോർഡുമായി വരവറിയിച്ച റുമേഷ്, ലോകശ്രദ്ധയിലേക്ക് ഉയരുന്നത് ഇക്കഴിഞ്ഞ റോം ഡയമണ്ട് ലീഗിലെ അവിശ്വസനീയ പ്രകടനത്തോടെയാണ്. 92.62 മീറ്റർ ദൂരം എറിഞ്ഞ റുമേഷ്, മീറ്റ് റെക്കോർഡോടെയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. അർഷദ് നദീം കഴിഞ്ഞാൽ (92.97 മീറ്റർ) ഒരു ഏഷ്യൻ താരത്തിന്റെ ഏറ്റവും മികച്ച ത്രോയെന്ന നേട്ടവും റുമേഷ് സ്വന്തമാക്കി. ഈ സീസണിൽ 90 മീറ്റർ പിന്നിട്ട ഏക താരംകൂടിയാണ് റുമേഷ്. ഈ നേട്ടങ്ങൾ നൽകിയ ആത്മവിശ്വാസത്തിലാണ് കഴിഞ്ഞദിവസം കോമൺവെൽത്ത് ഗെയിംസ് വേദിയിലും റുമേഷ് ഇറങ്ങിയത്. ആദ്യ ത്രോ ഫൗളായെങ്കിലും തന്റെ രണ്ടാം ത്രോയിൽ 89.75 മീറ്റർ കണ്ടെത്തിയ റുമേഷിന്റെ അടുത്തെങ്ങുമെത്താൻ മറ്റു താരങ്ങൾക്കു സാധിച്ചില്ല. കാലാവസ്ഥ പ്രതികൂലമായിട്ടും 90 മീറ്റർ മാർക്ക് മറികടക്കാൻ റുമേഷ് വീണ്ടും ത്രോ തുടർന്നെങ്കിലും എല്ലാം ഫൗളിൽ അവസാനിച്ചു.
English Summary:
Commonwealth Games Javelin: Tharange's Historic Gold and Rise to Prominence
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·