ലാസ്റ്റ് ഓവർ ത്രില്ലർ‍, വാലറ്റക്കാരുടെ പോരാട്ടവും ഗുജറാത്തിനെ രക്ഷിച്ചില്ല; രാജസ്ഥാൻ റോയൽസിനു രണ്ടാം വിജയം

1 month ago 7

ഓൺലൈൻ ഡെസ്ക്

Published: April 04, 2026 07:44 PM IST Updated: April 04, 2026 11:40 PM IST

2 minute Read

bishnoi
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന രാജസ്ഥാൻ സ്പിന്നർ രവി ബിഷ്ണോയി. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@IPLൽ നിന്ന് എടുത്തതാണ്.

അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനു രണ്ടാം വിജയം. ഗുജറാത്ത് ടൈറ്റൻസിനെതിരെ ആറു റൺസ് വിജയമാണു രാജസ്ഥാൻ സ്വന്തമാക്കിയത്. 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഗുജറാത്തിന് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 204 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. നാലോവറുകൾ പന്തെറിഞ്ഞ രാജസ്ഥാൻ സ്പിന്നർ രവി ബിഷ്ണോയി, 41 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തി. 

44 പന്തിൽ 73 റൺസെടുത്ത ഓപ്പണർ സായ് സുദർശനാണ് മറുപടി ബാറ്റിങ്ങിൽ ഗുജറാത്തിന്റെ ടോപ് സ്കോറർ. വാലറ്റത്ത് ക്യാപ്റ്റൻ റാഷിദ് ഖാനും (16 പന്തിൽ 24), കഗിസോ റബാദ (16 പന്തിൽ 23) പൊരുതിനോക്കിയെങ്കിലും ഗുജറാത്തിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. മറുപടി ബാറ്റിങ്ങിൽ ലഭിച്ച മികച്ച തുടക്കം മുതലാക്കാൻ ഗുജറാത്ത് ബാറ്റിങ് നിരയ്ക്കു സാധിച്ചില്ല. ഓപ്പണിങ് വിക്കറ്റിൽ 78 റൺസാണ്, സായ് സുദർശനും കുമാർ കുശാഗ്രയും ചേർന്ന് അടിച്ചെടുത്തത്. ഇരുവരും പുറത്തായതിനു പിന്നാലെ ഗുജറാത്ത് മധ്യനിര തകർന്നടിയുകയായിരുന്നു. 14 പന്തുകൾ നേരിട്ട കുശാഗ്ര 18 റൺസെടുത്താണു മടങ്ങിയത്. സ്കോർ 100 പിന്നിട്ടതിനു പിന്നാലെ രവി ബിഷ്ണോയിയുടെ പന്തിൽ സായ് സുദർശനും മടങ്ങി. 

ജോസ് ബട്‍ലർ 26 റൺസ് നേടിയതൊഴിച്ചാൽ ഗുജറാത്തിന്റെ മുൻനിര ബാറ്റർമാര്‍ നിരാശപ്പെടുത്തി. രണ്ടിന് 107 എന്ന നിലയിൽനിന്ന് 161 ലേക്ക് എത്തുമ്പോൾ ഗുജറാത്തിന്റെ ഏഴു വിക്കറ്റുകൾ നഷ്ടമായിരുന്നു. സ്പിന്നർ രവി ബിഷ്ണോയുടെ പന്തുകളാണ് ടൈറ്റൻസിന്റെ നടുവൊടിച്ചത്. ഗ്ലെൻ‍ ഫിലിപ്സ് (മൂന്ന്), വാഷിങ്ടൻ സുന്ദർ (നാല്), രാഹുൽ തെവാത്തിയ (12), ഷാറുഖ് ഖാൻ (11) എന്നിവർ അതിവേഗം മടങ്ങി. എന്നാൽ വാലറ്റത്ത് ക്യാപ്റ്റൻ റാഷിദ് ഖാനും കഗിസോ റബാദയും നടന്ന ചെറുത്തുനിൽപാണ് ഗുജറാത്തിനെ മത്സരത്തിലേക്കു തിരികെയെത്തിച്ചത്. അവസാന 12 പന്തിൽ 15 റൺസായിരുന്നു ഗുജറാത്തിനു ജയിക്കാൻ വേണ്ടിയിരുന്നത്. ജോഫ്ര ആര്‍ച്ചർ‍ 19–ാം ഓവറിൽ നാലു റൺസ് മാത്രം വഴങ്ങിയതു നിർണായകമായി. ഇതോടെ ആറു പന്തിൽ വേണ്ടിയിരുന്നത് 11 റൺസ്. തുഷാർ ദേശ്പാണ്ഡെ എറിഞ്ഞ 20–ാം ഓവറിൽ സിക്സിനു ശ്രമിച്ച റാഷിദ് ഖാനെ ജോഫ്ര ആർച്ചര്‍ ക്യാച്ചെടുത്തു പുറത്താക്കിയതോടെയാണ് ഗുജറാത്ത് കഴി കൈവിട്ടത്.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തു. ടോപ് ഓർഡർ ബാറ്റർമാരായ ധ്രുവ് ജുറേലും യശസ്വി ജയ്സ്വാളും അർധ സെഞ്ചറികൾ നേടി പുറത്തായി. 42 പന്തുകൾ നേരിട്ട ധ്രുവ് ജുറേൽ അഞ്ച് വീതം സിക്സുകളും ഫോറുകളും അടിച്ച് 75 റൺസ് നേടി. യശസ്വി ജയ്സ്വാൾ 36 പന്തിൽ 55 റൺസുമായി തിളങ്ങി.

dhruv-jurel

രാജസ്ഥാൻ താരം ധ്രുവ് ജുറെലിന്റെ ബാറ്റിങ്

ഓപ്പണർമാരായ യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവംശിയും ചേർ‍ന്ന് 70 റൺസ് കൂട്ടുകെട്ടാണു പടുത്തുയർത്തിയത്. 18 പന്തുകൾ നേരിട്ട വൈഭവ് 31 റൺസ് അടിച്ചുകൂട്ടി. ഗുജറാത്ത് ക്യാപ്റ്റൻ റാഷിദ് ഖാന്റെ പന്തിൽ ഗ്ലെൻ ഫിലിപ്സ് ക്യാച്ചെടുത്താണു വൈഭവിനെ പുറത്താക്കിയത്. പിന്നാലെയെത്തിയ ധ്രുവ് ജുറേലും തകർത്തടിച്ചതോടെ 10.1 ഓവറിലാണ് രാജസ്ഥാൻ 100 കടന്നത്. സ്കോർ 126 ൽ നിൽക്കെ കഗിസോ റബാദയുടെ പന്തിൽ ജയ്സ്വാൾ ബോൾഡായി. 

ക്യാപ്റ്റൻ റിയാൻ പരാഗിനും (എട്ട്), ഡോനോവൻ ഫെറേരയ്ക്കും (ഒന്ന്) വമ്പൻ സ്കോറുകൾ കണ്ടെത്താൻ സാധിച്ചില്ല. രാജസ്ഥാൻ സ്കോർ 200 പിന്നിട്ടതിനു പിന്നാലെയാണ് ധ്രുവ് ജുറേലിന്റെ മടക്കം. മുഹമ്മദ് സിറാജിന്റെ പന്തിൽ ജോസ് ബട്‍ലർ ക്യാച്ചെടുത്താണ് ജുറേൽ പുറത്തായത്. എട്ടു പന്തുകൾ നേരിട്ട ഷിമ്രോൺ ഹെറ്റ്മിയർ 18 റൺസടിച്ചു മടങ്ങി. ഗുജറാത്തിനായി കഗിസോ റബാദ രണ്ടു വിക്കറ്റുകളും മുഹമ്മദ് സിറാജ്, അശോക് ശർമ, പ്രസിദ്ധ് ക‍‍ൃഷ്ണ, റാഷിദ് ഖാൻ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

English Summary:

Indian Premier League, Rajastan Royals vs Gujarat Titans Match Live Updates

Read Entire Article