ഡാളസ് ∙ ലീഡിനു പിന്നാലെ സെൽഫ് ഗോൾ വഴങ്ങിയ ഈജിപ്ത് പെനാൽറ്റി ഷൂട്ടൗട്ടിലെ പെർഫറ്റ് ഫോറിൽ ഓസ്ട്രേലിയയെ തകർത്ത് പ്രീക്വാർട്ടറിൽ. ആദ്യ പകുതിയിൽ ഇമാം അഷൂറിന്റെ ഗോളിൽ മുന്നിലെത്തിയ ഈജിപ്ത്, രണ്ടാം പകുതിയിൽ പ്രതിരോധ താരം മുഹമ്മദ് ഹാനിയുടെ സെൽഫ് ഗോളിൽ സമനില വഴങ്ങുകയയായിരുന്നു. നിശ്ചിത സമയത്തും ഏക്ട്രാ ടൈമിലും ഇരു ടീമുകളും തുല്യത (1–1) പാലിച്ചതോടെ ഷൂട്ടൗട്ടിലാണ് (2–4) ഈജിപ്ത് പ്രീക്വാർട്ടർ ഉറപ്പിച്ചത്. ആദ്യ കിക്കെടുത്ത ഓസ്ട്രേലിയൻ താരം ഹാരി സൗട്ടറിന്റെ ഷോട്ട് ബാറിനു മുകളിലൂടെ പുറത്തേക്ക്. തുടർന്ന് ജാക്സൺ ഇർവിൻ, അവെർ മാബിൽ എന്നിവർ ലക്ഷ്യം കണ്ടെങ്കിലും യുവതാരം ലൂക്കാസ് ഹെറിങ്ടണിന്റെ കിക്ക് ക്രോസ് ബാറിൽ തട്ടിയകലുകയായിരുന്നു. അതേസമയം ഈജിപ്ഷ്യൻ നിരയിൽ കിക്കെടുത്ത എല്ലാവരും (മഹ്മൂദ് സാബെർ, റാമി റാബിയ, മുഹമ്മദ് സലാ, ഹൊസാം അബ്ദെൽമഗൂയിദ്) ലക്ഷ്യം കണ്ടു. ചരിത്രത്തിലാദ്യമായി ഇത്തവണ നോക്കൗട്ടിൽ കടന്ന ഈജിപ്തിന് നോക്കൗട്ടിലെ ജയം ഇരട്ടിമധുരമായി. മൊറോക്കോയ്‌ക്കു പിന്നാലെ പ്രീക്വാർട്ടറിൽ കടക്കുന്ന രണ്ടാമത്തെ ആഫ്രിക്കൻ ടീമാണ് ഈജിപ്ത്. അതേസമയം, ഓസ്ട്രേലിയയുടെ തോൽവിയോടെ ലോകകപ്പിൽ ഏഷ്യൻ പ്രാതിനിധ്യം അവസാനിച്ചു.
13 ാം മിനിറ്റിൽ മുഹമ്മദ് സലായുടെ ഫ്രീ കിക്ക് സ്വീകരിച്ച് അഷൂർ തൊടുത്ത ഷോട്ട് ബ്ലോക്ക് ചെയ്തെങ്കിലും പൂർണമായി ക്ലിയർ ചെയ്യാൻ ഓസ്ട്രേലിയൻ പ്രതിരോധനിരയ്‌ക്കായില്ല. ബോക്സിന്റെ വലതുഭാഗത്ത് നിന്ന് പന്ത് സ്വന്തമാക്കി, പോസ്റ്റിനു മുന്നിലേക്ക് ഓടിക്കയറിയ അഷൂറിന് കരീം ഹഫീസിന്റെ കൃത്യമായ ക്രോസ്. അഷൂറിന്റെ മനോഹരമായ ഹെഡറിൽ ഗോൾ കീപ്പർ പാട്രിക് ബീച്ചിനെ നിരായുധനാക്കി പന്ത് വലയിൽ. (1–0) ലോകകപ്പിൽ അഷൂറിന്റെ രണ്ടാമത്തെ ഗോളാണിത്.
ഗോൾ വഴങ്ങിയതിനു പിന്നാലെ ഓസ്ട്രേലിയ കൂടുതൽ ഉണർന്നു കളിച്ചു. ആക്രമണം കടുപ്പിച്ച ഓസ്ട്രേലിയ, ഈജിപ്ഷ്യൻ ബോക്സിലേക്ക് കടന്നുകയറി ഒരുപിടി അവസരങ്ങളാണ് സൃഷ്ടിച്ചത്. ഇതിനിടെ ലീഡുയർത്താൻ 46 ാം മിനിറ്റിൽ ഈജിപ്തിന് സുവർണവസരം ലഭിച്ചെങ്കിലും പിഴച്ചു. സലായുടെ പാസിൽ പെനാൽറ്റി ബോക്സിലേക്ക് കുതിച്ചെത്തിയ ഒമർ മർമൂഷി പോസ്റ്റിന്റെ വലത്തേയറ്റം ലക്ഷ്യമിട്ട് ഷോട്ട് ഉതിർത്തെങ്കിലും, ലക്ഷ്യം തെറ്റി പുറത്തേക്ക്.
55 ാം മിനിറ്റിൽ മുഹമ്മദ് ഹാനിയുടെ സെൽഫ് ഗോളിൽ ഓസ്ട്രേലിയ സമനില കണ്ടെത്തി. ഏയ്‌ഡൻ ഒനീലിന്റെ തകർപ്പൻ ഇൻസ്വിങ്ങിങ് ഫ്രീ കിക്ക് സർക്കാറ്റിക്ക് ലഭിക്കുന്നത് തടയാനുള്ള ശ്രമത്തിനിടെ ഈജിപ്ത് പ്രതിരോധ താരം മുഹമ്മദ് ഹാനിയുടെ തലയിൽ തട്ടി ഗോൾ കീപ്പർ മൊസ്തഫാ ഷൗബിറിനെ മറികടന്ന് സ്വന്തം വലയിൽ (1–1).
നിശ്ചിത സമയത്തിനു ശേഷമുള്ള ഇഞ്ചറി ടൈമിൽ (90+4) സലാ ബോക്സിലേക്ക് നീട്ടി നൽകിയ മനോഹരമായ ക്രോസിൽ റാമി റാബിയയുടെ ഹെഡർ ഓസ്ട്രേലിയൻ ഗോൾ കീപ്പർ പാട്രിക് ബീച്ച് ഡൈവ് ചെയ്ത് ക്രോസ് ബാറിനു പുറത്തേക്ക് തട്ടിയകറ്റി. തൊട്ടുപിന്നാലെ ബോക്സിനുള്ളിൽ സലാ നൽകിയ പാസ് ഹെയ്‌സെം ഹസ്സന് ഗോളാക്കാനായില്ല. നിശ്ചിത സമയത്തും എക്ട്രാ ടൈമിലുമായി ഓസ്ട്രേലിയയ്‌ക്ക് 15 ഗോളവസരങ്ങൾ ലഭിച്ചപ്പോൾ ഈജിപ്തിന് 14 അവസരങ്ങൾ ലഭിച്ചു.
English Summary:





English (US) ·