Published: August 18, 2026 07:23 AM IST Updated: August 18, 2026 09:23 AM IST
1 minute Read
ന്യൂഡൽഹി ∙ ബാഡ്‌മിന്റൻ ലോക ചാംപ്യൻഷിപ്പിന്റെ ആദ്യ ദിനം കളത്തിലിറങ്ങിയ 5 മത്സരങ്ങളിലും വിജയിച്ച് സ്വപ്നത്തുടക്കവുമായി ടീം ഇന്ത്യ. ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാംപ്യനുമായ ചൈനയുടെ ഷി യുകിയെ അട്ടിമറിച്ച് ഇന്ത്യൻ യുവതാരം ആയുഷ് ഷെട്ടിയും ആറാം മെഡൽ ലക്ഷ്യത്തിലേക്ക് വിജയത്തോടെ തുടങ്ങിയ പി.വി.സിന്ധുവും ഇന്ത്യൻ നിരയിലെ മിന്നും താരങ്ങളായി.
പുരുഷ ഡബിൾസിൽ മലയാളി എം.ആർ.അർജുൻ– ഹരിഹരൻ അംസകരുണൻ സഖ്യവും വനിതാ ഡബിൾസിൽ മലയാളി ട്രീസ ജോളി - ഗായത്രി ഗോപിചന്ദ് സഖ്യവും വിജയിച്ചു. രാത്രി 8ന് നടന്ന രണ്ടാം വനിതാ ഡബിൾസ് മത്സരത്തിൽ കവിപ്രിയ സെൽവം - സിമ്രാൻ സിംഗി സഖ്യവും വിജയം നേടിയതോടെ ഒന്നാം ദിനം സമ്പൂർണ ഇന്ത്യൻ അധിപത്യത്തിലായി. ലക്ഷ്യ സെൻ, ഉന്നതി ഹൂഡ തുടങ്ങിവരുടെ ആദ്യമത്സരങ്ങളടക്കം ഇന്ന് ഇന്ത്യയ്ക്ക് 6 മത്സരങ്ങളാണുള്ളത്.
അർജുൻ - ഹരിഹരൻആദ്യ സെറ്റ് വലിയ ലീഡിൽ വിജയിച്ച് ഇന്ത്യൻ കുതിപ്പിനു വെടിമരുന്നിട്ടത് മലയാളിയായ എം.ആർ.അർജുൻ– ഹരിഹരൻ അംസകരുണൻ സഖ്യമാണ്. പുരുഷ ഡബിൾസ് ആദ്യ റൗണ്ട് പോരാട്ടത്തിൽ, അയർലൻഡിന്റെ സ്കോട്ട് ഗിൽഡിയ - പോൾ റെയ്നോൾഡ്സ് സഖ്യം രണ്ടാം ഗെയിമിന്റെ തുടക്കത്തിൽ പിന്മാറിയതോടെ ഇന്ത്യൻ ജോടിക്കു ജയം അനായാസമായി. ആദ്യ ഗെയിം 21-16നു സ്വന്തമാക്കിയ ഇന്ത്യൻ സഖ്യം, രണ്ടാം ഗെയിമിൽ 6-4 ന് ലീഡ് ചെയ്യുമ്പോഴാണ് ഐറിഷ് താരങ്ങൾ പിന്മാറ്റം പ്രഖ്യാപിച്ചത്.
വൈകിട്ട് നടന്ന വനിതാ സിംഗിൾസ് ആദ്യ റൗണ്ടിൽ അയർലൻഡിന്റെ സോഫിയ നോബിളിനെ നേരിട്ടുള്ള ഗെയിമുകളിൽ അനായാസം പരാജയപ്പെടുത്തി പി.വി.സിന്ധു ഇന്ത്യൻ മുന്നേറ്റത്തിന് ആവേശക്കുതിപ്പ് നൽകി. 29 മിനിറ്റ് മാത്രം നീണ്ടുനിന്ന മത്സരത്തിൽ 21-7, 21-11നായിരുന്നു സിന്ധുവിന്റെ വിജയം. കാനഡയുടെ വെൻ യു ഷാങ് ആണ് രണ്ടാം റൗണ്ടിൽ സിന്ധുവിന്റെ എതിരാളി.
ലോക ഒന്നാം നമ്പർ താരമായ ഷി യുകിയെ അട്ടിമറിച്ച യുവതാരം ആയുഷ് ഷെട്ടി ലോക ചാംപ്യൻഷിപ്പിലെ തന്റെ കന്നി പോരാട്ടത്തിൽതന്നെ പ്രതിഭ തെളിയിച്ചു. (21-14, 13-21, 21-19). ട്രീസ ജോളി - ഗായത്രി ഗോപിചന്ദ് സഖ്യവും ആദ്യ റൗണ്ടിൽ മികച്ച വിജയം സ്വന്തമാക്കി. സ്പാനിഷ് ജോഡിയായ പോള ലോപ്പസ് - ലൂസിയ റോഡ്രിഗസ് സഖ്യത്തെ 21-9, 21-13നാണ് പരാജയപ്പെടുത്തിയത്.
English Summary:






English (US) ·