ലോക പാരാ അത്‌ലറ്റിക്സ് ഗ്രാൻപ്രിക്ക് ഇന്നു ഡൽഹിയിൽ തുടക്കം; പ്രതീക്ഷകളുമായി ബാസിലും ഉണ്ണിയും

1 week ago 4

ജോസ്കുട്ടി പനയ്ക്കൽ

ജോസ്കുട്ടി പനയ്ക്കൽ

Published: March 11, 2026 09:26 AM IST Updated: March 11, 2026 11:56 AM IST

1 minute Read

 ജോസ്കുട്ടി പനയ്ക്കൽ / മനോരമ
ഡൽഹി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വേൾഡ് പാരാ അത്‌ലറ്റിക്സ് ഗ്രാൻപ്രിക്കുള്ള പരിശീലനത്തിനെത്തിയ മലയാളി താരങ്ങളായ ഉണ്ണി രേണുവും മുഹമ്മദ് ബാസിലും. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ / മനോരമ

ന്യൂഡൽഹി ∙ പരിമിതികളെ ഇച്ഛാശക്തികൊണ്ടു മറികടന്ന പോരാളികൾ മാറ്റുരയ്ക്കുന്ന രണ്ടാമത് ന്യൂഡൽഹി വേൾഡ് പാരാ അത്‌ലറ്റിക്സ് ഗ്രാൻപ്രിക്ക് ഇന്നു തുടക്കം. ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. മാർച്ച് 13 വരെ നീളുന്ന കായിക മാമാങ്കത്തിൽ ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ഹോങ്കോങ്, സെർബിയ, ബോസ്നിയ, ഈജിപ്ത് തുടങ്ങി എട്ടു രാജ്യങ്ങളിൽ നിന്നായി 250ലേറെ അത്‌ലീറ്റുകളാണ് ട്രാക്കിലിറങ്ങുന്നത്.

219 പേരടങ്ങുന്ന വമ്പൻ ഇന്ത്യൻ സംഘത്തിന്റെ സുവർണ പ്രതീക്ഷകളിൽ അഭിമാനമായി രണ്ടു മലയാളി താരങ്ങളുമുണ്ട്. ഒറ്റച്ചിറകിൽ പറന്ന് ലോക സ്വർണം നേടിയ മുഹമ്മദ് ബാസിലും ഒരു കാലിന്റെ കുറവിനെ നിശ്ചയദാർഢ്യം കൊണ്ടു മറികടന്ന ഉണ്ണി രേണുവും. മലപ്പുറം വെളിയങ്കോട് സ്വദേശിയായ മുഹമ്മദ് ബാസിൽ പുരുഷന്മാരുടെ ടി 47 വിഭാഗം 100 മീറ്റർ ഓട്ടത്തിലാണ് മത്സരിക്കുന്നത്. ജന്മനാ വലതുകൈ ഇല്ലാതിരുന്നിട്ടും ട്രാക്കിൽ മിന്നൽപ്പിണറായി കുതിക്കുന്ന ബാസിൽ, പാരിസിൽ നടന്ന ലോക പാരാ അത്‌ലറ്റിക്സ് ഗ്രാൻപ്രിയിൽ 11.06 സെക്കൻഡിൽ സ്വർണം നേടിയ താരമാണ്. ഇന്നു വൈകിട്ട് 4.30നാണ് ബാസിലിന്റെ മത്സരം.

കോട്ടയം ആർപ്പൂക്കര പനമ്പാലം സ്വദേശിയായ ഉണ്ണി രേണു പുരുഷന്മാരുടെ ടി 44 വിഭാഗം ഹൈജംപിലും ലോങ്ജംപിലും ഇന്ത്യയ്ക്കായി ഇറങ്ങും. ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കവേ അവധിക്ക് നാട്ടിലെത്തിയപ്പോഴുണ്ടായ വാഹനാപകടത്തിൽ വലതുകാലിന് 50 ശതമാനം ബലക്കുറവ് സംഭവിച്ചെങ്കിലും, ഇടതുകാൽ കുത്തിച്ചാടി ഹൈജംപിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കുന്ന താരമാണ് ഉണ്ണി രേണു. മെക്സിക്കോ ഗ്രാൻപ്രിയിൽ സ്വർണവും ഏഷ്യൻ പാരാ ഗെയിംസിൽ വെങ്കലവും നേടിയ ഉണ്ണിയുടെ ഹൈജംപ് മത്സരം ഇന്നു വൈകിട്ട് 5.40നും ലോങ്ജംപ് നാളെയുമാണ്.

ഈ മലയാളി താരങ്ങൾക്കു പുറമെ പാരാലിംപിക് സ്വർണമെഡൽ ജേതാക്കളായ മാരിയപ്പൻ തങ്കവേലു, ലോക റെക്കോർഡ് ജേതാവ് സുമിത് ആന്റിൽ, പ്രവീൺ കുമാർ എന്നിവരും ഇന്ത്യൻ നിരയിലുണ്ട്. പാരിസ് പാരാലിംപിക്സിൽ 100 മീറ്ററിലും 200 മീറ്ററിലുമായി രണ്ടു മെഡലുകൾ നേടി ചരിത്രം സൃഷ്ടിച്ച പ്രീതി പാൽ, 2025ലെ ലോക ചാംപ്യൻഷിപ് സ്വർണമെഡൽ ജേതാവ് സിമ്രാൻ ശർമ, അജിത് സിങ്, ദേവേന്ദ്ര സിങ് ഗുർജർ, അങ്കുർ ധാമ തുടങ്ങി മികച്ച താരനിരയാണ് ഇന്ത്യയ്ക്കായി അണിനിരക്കുന്നത്. ട്രാക്ക് ആൻഡ് ഫീൽഡിലെ ഒട്ടേറെ മത്സരങ്ങൾ ഉൾപ്പെടുന്ന ഈ മേളയിൽ 74 രാജ്യാന്തര ക്ലാസിഫിക്കേഷൻ സ്ലോട്ടുകളാണുള്ളത്.

English Summary:

The 2nd New Delhi World Para Athletics Grand Prix begins contiguous astatine the Jawaharlal Nehru Stadium, featuring implicit 250 athletes from 8 countries. This lawsuit highlights unthinkable para athletes, including salient Indian contenders similar Muhammad Basil and Unni Renu.

Read Entire Article