ലോക പാരാസ്വിമിങ്ങ് സീരീസിൽ ആസിം വെളിമണ്ണയ്ക്കു സ്വര്‍ണം

3 weeks ago 5

ഓൺലൈൻ ഡെസ്ക്

Published: February 24, 2026 10:21 AM IST

1 minute Read

ആസിം വെളിമണ്ണ
ആസിം വെളിമണ്ണ

കോഴിക്കോട്∙ ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടന്ന ലോക പാരാസ്വിമിങ്ങ് സീരീസിൽ ഇന്ത്യക്കുവേണ്ടി സ്വർണം നേടി ആസിം വെളിമണ്ണ. മിക്സഡ് 4–50 ഫ്രീസ്റ്റൈൽ റിലേയിലാണ് ആസിം വെളിമണ്ണ സ്വർണം നേടിയത്. 50 മീറ്റർ ബാക്ക്സ്ട്രോക്കിൽ ഫൈനലിലെത്തിയ ആസിം 100 മീറ്റർ ഫ്രീസ്റ്റൈലിലും ഇന്ത്യയെ പ്രതിനിധീകരിച്ചു.

ജന്മനാ ഇരുകൈകളുമില്ലാത്ത ആസിം വെളിമണ്ണ 90 ശതമാനം ശാരീരിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥിയാണ്. ദേശീയ പാരാ സ്വിമ്മിങ് മത്സരത്തിൽ ആസിം മൂന്നു സ്വർണം നേടിയിരുന്നു. മികച്ച നീന്തൽതാരത്തിനുള്ള പുരസ്കാരവും നേടിയിരുന്നു. ആലുവ സ്വദേശി സജി വാളശ്ശേരിലാണ് ആസിമിനെ നീന്തൽ പഠിപ്പിച്ചത്. 2022ൽ ആലുവയിൽ പെരിയാറിലൂടെ ഒരു കിലോമീറ്ററോളം ദൂരം നീന്തിക്കയറി ആസിം ചരിത്രം സൃഷ്ടിച്ചിരുന്നു.

തൃശൂരിൽ നടന്ന സംസ്ഥാന പാരാലിംപിക്സ് നീന്തലിൽ 50, 100 മീറ്റർ ഫ്രീ സ്റ്റൈലിലും 50 മീറ്റർ ബാക്ക് സ്ട്രോക്കിലുമടക്കം സ്വർണം നേടിയിരുന്നു. സാമൂഹിക നീതി വകുപ്പിന്റെ മികച്ച കായിക പ്രതിഭയ്ക്കുള്ള ഉജ്ജ്വലബാല്യം പുരസ്കാരം നേടി. സംസ്ഥാന യുവജനകമ്മിഷന്റെ ആദ്യ യുവപ്രതിഭാ പുരസ്കാരവും ആസിം വെളിമണ്ണ നേടി.

മദ്രസ അധ്യാപകനായ വെളിമണ്ണ ആലത്തുകാവിൽ മുഹമ്മദ് ഷഹീദിന്റെയും ജംസീനയുടെയും മകനാണ് ആസിം. താൻ പഠിക്കുന്ന എൽപി സ്കൂൾ യുപി സ്കൂളാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ആസിം അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കു കാലുകൊണ്ടു കത്തെഴുതിയിരുന്നു. തുടർന്നാണ് സ്കൂൾ യുപി സ്കൂളാക്കി മാറ്റിയത്.

English Summary:

Asim Velimanna Wins Gold astatine World Para Swimming Series

Read Entire Article