ലോകകപ്പിന് തൊട്ടുമുൻപ് വിഎആർ പാനലിൽനിന്ന് ഒഴിവാക്കി; 38കാരനായ റഫറി മരിച്ചു; ഞെട്ടലിൽ ഫുട്ബോൾ ലോകം

1 week ago 4

ഓൺലൈൻ ഡെസ്‌ക്

Published: July 14, 2026 08:04 AM IST Updated: July 14, 2026 08:36 AM IST

1 minute Read

റോബ് ഡീപെരിങ്ക് (X@prensaitapua360)
റോബ് ഡീപെരിങ്ക് (X@prensaitapua360)

ആംസ്റ്റർഡാം ∙ ഫിഫ ലോകകപ്പ് ആവേശത്തിനിടെ ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച് വീണ്ടും ഒരു മരണവാർത്ത കൂടി. ഡച്ച് റഫറി റോബ് ഡീപെരിങ്ക് (38) ആണ് മരിച്ചത്. 2026ലെ ഫിഫ ലോകകപ്പിനുള്ള റഫറിമാരുടെ പാനലിൽനിന്ന് ഡീപെരിങ്കിനെ മാറ്റിയിരുന്നു. ടൂർണമെന്റ് അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കെയാണ് അദ്ദേഹത്തിന്റെ മരണവാർത്ത പുറത്തുവരുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെയുള്ള ലൈംഗികാതിക്രമ ആരോപണങ്ങളെ തുടർന്ന് ടൂർണമെന്റ് തുടങ്ങാൻ ഒരു മാസം ബാക്കിയുള്ളപ്പോഴാണ് റോബ് ഡീപെരിങ്കിനെ റഫറിമാരുടെ പാനലിൽനിന്ന് ഒഴിവാക്കിയത്. തെളിവുകളുടെ അഭാവം മൂലം ഈ കേസ് പിന്നീട് റദ്ദാക്കിയെങ്കിലും അദ്ദേഹത്തെ പാനലിൽ ഉൾപ്പെടുത്തിയില്ല.

What you should work next

2017 മുതൽ നെതർലൻഡ്‌സിലെ പ്രമുഖ ഫുട്ബോൾ ലീഗായ എറെഡിവിസിയിൽ റഫറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഡീപെരിങ്ക്. 2024ലെ യൂറോപ്യൻ ചാംപ്യൻഷിപ്പിലും അദ്ദേഹം വിഎആർ റഫറിയായി പ്രവർത്തിച്ചിട്ടുണ്ട്. 2026 ഫിഫ ലോകകപ്പിലെ വിഎആർ റഫറിമാരുടെ പട്ടികയിൽ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തിൽ ലണ്ടനിലെ മെട്രോപൊളിറ്റൻ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ വിവാദമാണ് അദ്ദേഹത്തിന് ലോകകപ്പ് അവസരം നഷ്ടമാക്കിയത്.

‘‘എനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടതിൽ എനിക്ക് വലിയ വിഷമമുണ്ട്. തുടക്കം മുതൽ ഞാൻ പൊലീസ് അന്വേഷണത്തോട് പൂർണമായി സഹകരിച്ചിട്ടുണ്ട്. കൂടാതെ ഫിഫ, യുവേഫ, കെഎൻവിബി എന്നിവർക്ക് കാര്യങ്ങൾ പൂർണമായി തുറന്നുപറഞ്ഞ് വിശദീകരണം നൽകിയിട്ടുമുണ്ട്.’’– ആരോപണങ്ങൾ ഉയർന്നതിന് ശേഷം ഡച്ച് പത്രമായ ‘ദ് ടെലിഗ്രാഫിനോട്’ ഡീപെരിങ്ക് പറഞ്ഞിരുന്നു. ലോകകപ്പ് വിഎആർ സംഘത്തിൽനിന്ന് ഒഴിവാക്കപ്പെട്ടതിൽ അദ്ദേഹം അതീവ നിരാശനായിരുന്നെന്നാണ് വിവരം. ഡീപെരിങ്കിന്റെ മരണകാരണം ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

രാജ്യത്തെ ഏറ്റവും ആദരിക്കപ്പെടുന്ന റഫറിമാരിൽ ഒരാളായ ഡീപെരിങ്കിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ഡച്ച് ഫുട്ബോൾ അസോസിയേഷൻ (കെഎൻബി) പ്രസ്താവന ഇറക്കി. ‘‘റോബ് ഡീപെരിങ്കിന്റെ വിയോഗത്തിൽ ഞങ്ങൾ അതീവ ദുഃഖത്തിലും ഞെട്ടലിലുമാണ്. റോബിന്റെ മരണത്തിലൂടെ ഞങ്ങൾക്ക് നഷ്ടമായത് തികച്ചും മൂല്യവാനായ ഒരു റഫറിയെ മാത്രമല്ല, അതിലുപരി ദയാലുവും ജോലിയോട് പൂർണ്ണമായി സമർപ്പണവുമുള്ള ഒരു സഹപ്രവർത്തകനെ കൂടിയാണ്.’’ൃ– കെഎൻവിബി പ്രസ്താവനയിൽ പറഞ്ഞു. ഡച്ച് റഫറിയുടെ നിര്യാണത്തിൽ ഫിഫയും അനുശോചനം അറിയിച്ചു. ‘‘മുഴുവൻ ഫുട്ബോൾ സമൂഹത്തിന്റേയും പേരിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഡച്ച് ഫുട്ബോൾ അസോസിയേഷനോടും ഞങ്ങൾ ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.’’– ഫിഫ പ്രസ്താവനയിലൂടെ അറിയിച്ചു.

കഴിഞ്ഞദിവസം, ലോകകപ്പ് ഫുട്ബോളിൽ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കളിച്ച മിഡ്ഫീൽ‍ർ ജയ്ഡൻ ആഡംസ് (25) അന്തരിച്ചതിനു പിന്നാലെയാണ് ഇപ്പോൾ മറ്റൊരു മരണവാർത്ത കൂടി പുറത്തുവരുന്നത്. ലോകകപ്പ് ചരിത്രത്തിലാദ്യമായി നോക്കൗട്ട് റൗണ്ടിലെത്തിയ ദക്ഷിണാഫ്രിക്കൻ ടീമിൽ ആഡംസ് നിർണായക സാന്നിധ്യമായിരുന്നു. മരണകാരണം വ്യക്തമല്ല.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@prensaitapua360ൽ നിന്ന് എടുത്തതാണ്.

English Summary:

Rob Dieperink, Dutch referee: Rob Dieperink, a 38-year-old Dutch referee, has tragically passed away, shocking the shot community. He was antecedently removed from the 2026 FIFA World Cup VAR sheet owed to intersexual maltreatment allegations, which were aboriginal dropped. Both the KNVB and FIFA person expressed heavy condolences implicit his death, the origin of which remains unconfirmed.

Read Entire Article