ഗ്രൗണ്ടിലെ വീറും വാശിയും പോരാട്ടങ്ങളും കഴിഞ്ഞ് ലോകകപ്പ് ഫുട്ബോളിന്റെ ആവേശം അടങ്ങുമ്പോഴും കളത്തിന് പുറത്തെ സാമ്പത്തിക-നിയമ പ്രശ്നങ്ങൾ രാജ്യാന്തര ഫുട്ബോൾ അസോസിയേഷനുകളെയും കളിക്കാരെയും വൻ പ്രതിസന്ധിയിലാക്കുന്നു. യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിച്ച 2026 ഫിഫ ലോകകപ്പിൽ പങ്കെടുത്ത വിവിധ രാജ്യങ്ങൾക്ക് പ്രതീക്ഷിച്ചതിലും വലിയ സാമ്പത്തിക നഷ്ടവും തിരിച്ചടികളുമാണ് നേരിടേണ്ടി വന്നിരിക്കുന്നത്. യുഎസിലെ ആദായനികുതി വകുപ്പിന്റെ കർശനമായ നികുതി വ്യവസ്ഥകളും അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷന് എതിരെ ഉയർന്ന വൻ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളും ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിയമ പോരാട്ടങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.
What you should work next
∙ സ്പെയിനിന് നഷ്ടമാകുന്നത് ദശലക്ഷക്കണക്കിന് ഡോളർ
ലോകകപ്പ് കിരീടം ചൂടിയ സ്പെയിനിന് ഫിഫയിൽ നിന്ന് ലഭിച്ച 5.1 കോടി ഡോളറിന്റെ വൻ സമ്മാന തുകയിൽ നല്ലൊരു ശതമാനം യുഎസിലെ നികുതി വകുപ്പ് പിടിച്ചെടുക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 30% ഫെഡറൽ വിത്ത്ഹോൾഡിങ് ടാക്സ് പ്രകാരം യുഎസിൽ നിന്ന് ഉണ്ടാക്കുന്ന തുകയ്ക്ക് മേൽ 30 ശതമാനം വരെ ഫെഡറൽ നികുതി ഈടാക്കാൻ ഐആർഎസിന് അവകാശമുണ്ട്. യുഎസ്, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലായി നടന്ന മത്സരങ്ങളുടെ എണ്ണത്തിന് അനുസരിച്ചാണ് ഓരോ ഫെഡറേഷന്റെയും വരുമാനം വിഭജിക്കുന്നത്. യുഎസിൽ നടന്ന മത്സരങ്ങളിൽ നിന്നുള്ള തുകയ്ക്ക് പൂർണമായും യുഎസ് നികുതി ബാധകമാണ്. ഇതോടെ ചാംപ്യന്മാരായ സ്പെയിൻ ഫുട്ബോൾ ഫെഡറേഷന് അർഹതപ്പെട്ട സമ്മാനത്തുകയിൽ വൻ തുക നികുതിയായി യുഎസിൽ ഉപേക്ഷിക്കേണ്ടി വരും.
∙ ഇരട്ട നികുതി കരാറുകൾ: 18 രാജ്യങ്ങൾക്ക് ആശ്വാസം, ബാക്കിയുള്ളവർക്ക് വൻ പ്രഹരം
ലോകകപ്പിൽ പങ്കെടുത്ത 48 രാജ്യങ്ങളിൽ ഭൂരിഭാഗത്തിനും യുഎസുമായി ഇരട്ട നികുതി ഒഴിവാക്കൽ കരാറുകൾ ഇല്ല എന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. സ്പെയിൻ, ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, ഇറ്റലി തുടങ്ങി യൂറോപ്യൻ രാജ്യങ്ങൾക്കും ആതിഥേയരായ കാനഡ, മെക്സിക്കോ എന്നിവർക്ക് പുറമെ ഓസ്ട്രേലിയ, ഈജിപ്ത്, മൊറോക്കോ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾക്കും നികുതി ഇളവ് ലഭ്യമാണ്. എന്നാൽ ബ്രസീൽ, അർജന്റീന, ജപ്പാൻ, ദക്ഷിണ കൊറിയ, സെനഗൽ, നൈജീരിയ, ഹെയ്തി, കുറസാവോ, കാബോ വെർദെ തുടങ്ങി രാജ്യങ്ങൾക്ക് യുഎസിൽ ഫെഡറൽ നികുതി നൽകേണ്ടി വരും.
What you should work next
സ്വന്തം രാജ്യത്തെ പ്രാദേശിക നിയമങ്ങൾ അനുസരിച്ച് ഇവർ വീണ്ടും നികുതി അടയ്ക്കേണ്ടി വരുന്നതോടെ ഒരേ വരുമാനത്തിന് ഇരട്ട നികുതി നൽകേണ്ട ദുരവസ്ഥയിലാണ ഇവർ. "അമേരിക്കയുമായി നികുതി കരാറുള്ള വികസിത രാജ്യങ്ങളിലെ ഫെഡറേഷനുകൾക്ക് വലിയ തുക ലാഭിക്കാൻ കഴിയും. എന്നാൽ ഹെയ്തി, കുറസാവോ തുടങ്ങി ചെറിയ ഫുട്ബോൾ രാജ്യങ്ങൾക്ക് ഇത് നികത്താനാകാത്ത വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തിവെക്കുന്നത്." – എന്നാണ് ടാക്സ് കൺസൾട്ടന്റ് ആയ ഒറിയാന മോറിസൺ പറഞ്ഞത്.
∙ താരങ്ങൾക്കും പരിശീലകർക്കും വ്യത്യസ്ത നിയമങ്ങൾ
ഫെഡറേഷനുകൾക്ക് കരാർ വഴി ഇളവുകൾ ലഭിച്ചാലും കളിക്കാരുടെ കാര്യത്തിൽ യുഎസ് നിയമം കടുപ്പമേറിയതാണ്. ടൂർണമെന്റിലൂടെ ലഭിക്കുന്ന ബോണസുകൾ, മാച്ച് ഫീ, സ്പോൺസർഷിപ്പ്, പരസ്യ വരുമാനം എന്നിവയ്ക്ക് മേൽ ഓരോ കളിക്കാരനും വ്യക്തിഗത ഫെഡറൽ ആദായനികുതി (പരമാവധി 37%) നൽകണം.
∙ സ്റ്റേറ്റ് നികുതി ബാധ്യതകൾ
കലിഫോർണിയ: ഉയർന്ന വ്യക്തിഗത നികുതി നിരക്ക് - 13.3%
ന്യൂ ജഴ്സി: ഉയർന്ന വ്യക്തിഗത നികുതി നിരക്ക് - 10.75%
ഫ്ലോറിഡ: വ്യക്തിഗത സ്റ്റേറ്റ് ആദായനികുതി 0% (മയാമിയിൽ മത്സരങ്ങൾ നടന്നത് ചിലർക്ക് ആശ്വാസമായി)
ഇംഗ്ലണ്ട് പരിശീലകൻ തോമസ് ടുഹേലിന് യുകെ-യുഎസ് കരാർ ഉള്ളതിനാൽ യുഎസിൽ അധിക ഫെഡറൽ നികുതി ഒഴിവാക്കാം. എന്നാൽ ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടിയ്ക്ക് യുഎസിലും ബ്രസീലിലും ഒരുപോലെ നികുതി അടയ്ക്കേണ്ടി വന്നേക്കാം.
∙ അർജന്റീനയ്ക്ക് എഫ്ബിഐ പ്രഹരം
സാമ്പത്തിക നഷ്ടങ്ങൾക്ക് പുറമെ വലിയ നിയമപ്രതിസന്ധിയിലാണ് അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ). ലോകകപ്പ് കഴിഞ്ഞ് ടീം മടങ്ങാൻ ഒരുങ്ങുന്നതിനിടെ അർജന്റീന അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ 'ചിക്കി' ടാപിയയെ യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ചോദ്യം ചെയ്ത സംഭവം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി.
∙ 30 കോടി ഡോളറിന്റെ സ്പോൺസർഷിപ്പ് തട്ടിപ്പ്: യുഎസ് ബാങ്കുകൾ വഴി 30 കോടി ഡോളറിലധികം തുക ക്രമവിരുദ്ധമായി കൈമാറ്റം ചെയ്തുവെന്നും കള്ളപ്പണം വെളുപ്പിച്ചുവെന്നുമാണ് യുഎസ് പ്രോസിക്യൂട്ടർമാരുടെയും എഫ്ബിഐയുടെയും ആരോപണം.
∙ വിമാനത്താവളത്തിലെ ചോദ്യം ചെയ്യൽ: ടീം ബോർഡിങ് ബസിൽ യാത്ര ചെയ്യവേ ടാപിയയെയും ട്രഷറർ പാബ്ലോ ടോവിഗിനോയെയും ഫെഡറൽ ഏജന്റുമാർ മിനിറ്റുകളോളം ചോദ്യം ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
∙ ബാങ്ക് രേഖകളിലെ അപാകതകൾ: സിറ്റി ബാങ്ക്, ബാങ്ക് ഓഫ് അമേരിക്ക, ജെപി മോർഗൻ തുടങ്ങി പ്രമുഖ യുഎസ് ബാങ്കുകൾ വഴി ലക്ഷക്കണക്കിന് ഡോളർ അജ്ഞാത അക്കൗണ്ടുകളിലേക്ക് മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്.
∙ എഎഫ്എ യുടെ വിശദീകരണം: എന്നാൽ തങ്ങളുടെ പ്രസിഡന്റിനെ ഔദ്യോഗികമായി കസ്റ്റഡിയിലെടുക്കുകയോ ഫോണുകൾ പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ലെന്ന് അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി. മൂന്നാം കക്ഷിക്ക് നൽകിയ സമൻസുമായി ബന്ധപ്പെട്ട വിവരങ്ങൾ മാത്രമാണ് തേടിയതെന്നും സംഘടന അവകാശപ്പെട്ടു.
2026ലെ ഫിഫ ലോകകപ്പ് കളിക്കളത്തിൽ വൻ വിജയമായിരുന്നെങ്കിലും പങ്കെടുത്ത ദേശീയ ഫെഡറേഷനുകൾക്ക് സാമ്പത്തികമായി കനത്ത പ്രഹരമാണ് സമ്മാനിച്ചിരിക്കുന്നത്. അമേരിക്കയിലെ സങ്കീർണമായ നികുതി ഘടനയും കടുത്ത നിയമനടപടികളും കാരണം ചാംപ്യന്മാരായ സ്പെയിൻ മുതൽ തുടക്കക്കാരായ ചെറിയ രാജ്യങ്ങൾ വരെ ദശലക്ഷക്കണക്കിന് ഡോളറിന്റെ സാമ്പത്തിക ബാധ്യതകളോടെയാണ് മടങ്ങുന്നത്.
English Summary:






English (US) ·