Published: March 10, 2026 10:14 AM IST Updated: March 10, 2026 10:22 AM IST
1 minute Read
അഹമ്മദാബാദ് ∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ജേതാക്കളായതിന്റെ ആവേശത്തിലാണ് ആരാധകർ ഇപ്പോഴും. മൂന്നാം ട്വന്റി20 ലോകകപ്പ് കിരീടം നേടുന്ന ഇന്ത്യ, തുടർച്ചയായ രണ്ടാം തവണയാണ് ജേതാക്കളാകുന്നത്. ലോകകപ്പിൽ മലയാളി താരം സഞ്ജു സാംസണാണ് പ്ലെയർ ഓഫ് ദ് ടൂർണമെന്റായത്. ന്യൂസീലൻഡിനെതിരായ ഫൈനലിൽ ജസ്പ്രീത് ബുമ്ര പ്ലെയർ ഓഫ് ദ് മാച്ചുമായി. തുടർച്ചയായി മൂന്നു മത്സരങ്ങളിൽ മിന്നും പ്രകടനത്തോടെ ഇന്ത്യയെ വിജയത്തിലെത്തിച്ചതോടെയാണ് സഞ്ജു, ടൂർണമെന്റിലെ താരമായത്. ഫൈനൽ മത്സരത്തിൽ 15 റൺസ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയാണ് കിവീസിന്‍റെ കീഴടങ്ങൽ വേഗത്തിലാക്കിയത്. ഈ പ്രകടനത്തിനാണ് പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം.
എന്നാൽ ഇരുവർക്കും പുരസ്കാരം നൽകിയപ്പോൾ പോഡിയത്തിൽ പതിവായി കാണുന്ന വലിയ ചെക്ക് ഇത്തവണ ഉണ്ടായിരുന്നില്ല എന്നതു ശ്രദ്ധേയമായി. വ്യക്തിഗത പുരസ്കാരങ്ങൾക്ക് പണം സമ്മാനമായി നൽകുന്ന ഫ്രാഞ്ചൈസി മോഡൽ ഐസിസി പിന്തുടരുന്നില്ലെന്നതാണ് ഇതിനു കാരണം. ഐസിസിയുടെ നയത്തിന്റെ ഭാഗമാണ് ഇത്. പകരം ടോട്ടൽ പ്രൈസ് പൂൾ എന്ന സംവിധാനമാണ് ഐസിസി പിന്തുടരുന്നത്.
ടോട്ടൽ പ്രൈസ് പൂൾടൂർണമെന്റിൽ പങ്കെടുത്ത രാജ്യങ്ങളുടെ റാങ്കിങ് അനുസരിച്ച് ഐസിസി വലിയൊരു തുക സമ്മാനമായി വിതരണം ചെയ്യും. ക്രിക്കറ്റ് അടിസ്ഥാനപരമായി ഒരു ടീം ഗെയിമാണെന്നതാണ് ഐസിസിയുടെ കാഴ്ച്ചപ്പാട്. സമ്മാനദാന വേദിയിൽ വ്യക്തിഗതമായി പണം നൽകുന്നത് ഒഴിവാക്കുന്നതിലൂടെ, ദശലക്ഷക്കണക്കിന് ഡോളർ വരുന്ന സാമ്പത്തിക പ്രതിഫലം അതത് രാജ്യങ്ങളിലെ ബോർഡുകൾക്ക് (ഉദാഹരണത്തിന് ബിസിസിഐ) നേരിട്ട് ലഭിക്കുന്നെന്ന് ഐസിസി ഉറപ്പാക്കുന്നു. ഈ തുക സ്ക്വാഡിലെ എല്ലാ കളിക്കാർക്കും കോച്ചിങ് സ്റ്റാഫിനും മറ്റു സപ്പോർട്ട് സ്റ്റാഫുകൾക്കും വിഭജിച്ചു നൽകേണ്ട ഉത്തരവാദിത്തം ബോർഡിനാണ്. സഞ്ജു സാംസണിന്റെ റൺസ് വേട്ടയും ബുമ്രയുടെ ബോളിങ് പ്രകടനവും കേവലം വ്യക്തിഗത നേട്ടങ്ങളല്ല, മറിച്ച് ടീമിന്റെ ലക്ഷ്യത്തിലേക്കുള്ള സംഭാവനകളാണെന്ന സന്ദേശം ഇതിലൂടെ ഐസിസി നൽകുന്നു.
ഐപിഎൽ പോലുള്ള ഫ്രാഞ്ചൈസി ലീഗുകളിലോ ദ്വിരാഷ്ട്ര പരമ്പരകളിലോ, വ്യക്തിഗത അവാർഡുകൾ പലപ്പോഴും ബ്രാൻഡുകൾ സ്പോൺസർ ചെയ്യുന്നവയാണ്. പരസ്യത്തിനായി അവർ നൽകുന്ന പണമാണ് ചെക്കുകളായി കളിക്കാർക്ക് ലഭിക്കുന്നത്. പരസ്യ പങ്കാളികളാണ് ട്രോഫികൾ സ്പോൺസർ ചെയ്യുന്നതെങ്കിലും ലോക ചാംപ്യൻഷിപ്പിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിനാണ് പണം നൽകുന്നത് ഐസിസി ഒഴിവാക്കുന്നത്. സഞ്ജുവിനോ ബുമ്രയ്ക്കോ പണം ലഭിക്കുന്നില്ലെങ്കിലും പുരസ്കാര നേട്ടം നൽകുന്ന സാമ്പത്തിക ഗുണങ്ങൾ വളരെ വലുതാണ്. ഭാവിയിൽ ടി20 ലീഗ് ലേലങ്ങളിലും ബ്രാൻഡ് എൻഡോഴ്സ്മെന്റുകളിലും താരത്തിന്റെ മൂല്യം ഇത് വൻതോതിൽ വർധിപ്പിക്കുന്നു.
ടീം ഇന്ത്യയ്ക്ക് 27 കോടിട്വന്റി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് സമ്മാനത്തുകയായി ലഭിക്കുക 3 മില്യൻ ഡോളർ (ഏകദേശം 27.48 കോടി രൂപ). രണ്ടാം സ്ഥാനക്കാരായ ന്യൂസീലൻഡിന് 1.6 മില്യൻ ഡോളർ (14.65 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കും. ടൂർണമെന്റിലെ വിവിധ ഘട്ടങ്ങളിലായി ആകെ 120 കോടി രൂപയാണ് സമ്മാനത്തുകയായി ടീമുകൾക്ക് ഐസിസി നൽകിയത്.
English Summary:







English (US) ·