ലോകകപ്പിലെ തിരിച്ചടിയുടെ മുറിവുണക്കാന്‍ ബംഗ്ലദേശ് പര്യടനം, വമ്പൻ തോൽവി വഴങ്ങി പാക്കിസ്ഥാൻ

1 week ago 3

ഓൺലൈൻ ഡെസ്ക്

Published: March 12, 2026 11:09 AM IST

1 minute Read

 MUNIR UZ ZAMAN / AFP
പാക്കിസ്ഥാൻ ക്യാപ്റ്റൻഷഹീൻ അഫ്രീദിയുടെ വിക്കറ്റ് വീഴ്ത്തിയ ബംഗ്ലദേശ് ബോളർ മെഹ്‍ദി ഹസൻ മിറാസിന്റെ ആഹ്ലാദം. Photo: MUNIR UZ ZAMAN / AFP

ധാക്ക∙ ട്വന്റി20 ലോകകപ്പിലെ ദയനീയ പ്രകടനമേൽപിച്ച മുറിവുണക്കാനാണ് ഏകദിന പരമ്പരയ്ക്കായി പാക്കിസ്ഥാൻ ടീം ബംഗ്ലദേശിൽ എത്തിയത്. എന്നാൽ ഒന്നാം ഏകദിനത്തിൽ 8 വിക്കറ്റിന് ജയിച്ച ആതിഥേയർ, പാക്കിസ്ഥാന്റെ മുറിവിൽ മുളകുപുരട്ടി! മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 30.4 ഓവറിൽ 114ന് ഓൾഔട്ടായി.

7 ഓവറിൽ 24 റൺസ് വഴങ്ങി 5 വിക്കറ്റ് നേടിയ നഹിദ് റാണയാണ് പാക്കിസ്ഥാനെ ചുരുട്ടിക്കെട്ടിയത്. പാക്ക് നിരയിൽ 4 ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്. മറുപടി ബാറ്റിങ്ങിൽ 15.1 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലദേശ് ലക്ഷ്യം കണ്ടു. നഹിദാണ് പ്ലെയർ ഓഫ് ദ് മാച്ച്. ബാബർ അസം ഉൾപ്പെടെയുള്ള പ്രധാന താരങ്ങളെ ഒഴിവാക്കി, ഷഹീൻ അഫ്രീദിയുടെ നേതൃത്വത്തിലാണ് പാക്കിസ്ഥാൻ ഏകദിന പരമ്പരയ്ക്കായി ബംഗ്ലദേശിൽ എത്തിയത്.

ജയത്തോടെ 3 മത്സര പരമ്പരയിൽ ബംഗ്ലദേശ് 1–0ന് മുന്നിലെത്തി. നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം. ബംഗ്ലദേശ് ട്വന്റി20 ലോകകപ്പിൽ കളിച്ചിരുന്നില്ല. ഇന്ത്യയിൽ സുരക്ഷയില്ലെന്നും ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽനിന്നു മാറ്റണമെന്നുമായിരുന്നു ബംഗ്ലദേശിന്റെ ആവശ്യം. എന്നാൽ ഐസിസി ഇത് അംഗീകരിച്ചില്ല. ബംഗ്ലദേശ് കടുംപിടിത്തം തുടർന്നതോടെ ഇവരെ ലോകകപ്പിൽനിന്നു പുറത്താക്കി സ്കോ‍ട്‍‌ലൻഡിനെ ടൂർണമെന്റ് കളിപ്പിച്ചു.

English Summary:

Nahid Rana Stars arsenic Bangladesh Dominates Pakistan

Read Entire Article