ലോകകപ്പിലെ വൈക്കിങ് റോ നിലച്ചു, ഹാളണ്ടിനെ പൂട്ടി, ഇംഗ്ലിഷ് വേ!

1 week ago 2

മഹാസമുദ്രങ്ങൾ സധൈര്യം തുഴഞ്ഞുകയറിയ നോർവീജിയൻ വൈക്കിങ് പോരാളികൾക്ക് ഇംഗ്ലിഷ് കടലിടുക്കിൽ വീരചരമം. കപ്പൽവേധ പീരങ്കിയായി തീതുപ്പിയ ജൂഡ് ബെലിങ്ങാമിന്റെ ഇരട്ടഗോളുകൾ നോർവേയുടെ പായ്മരം തകർത്തു. നൂറ്റാണ്ടുകൾ മുൻപു പൂർവികർ ചെയ്തതു പോലെ, നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവരെ ഒപ്പംകൂട്ടി പടനയിച്ച എർലിങ് ഹാളണ്ടിനു മടക്കയാത്ര. ‘വാർ’ രക്തത്തിലുള്ളതാണെങ്കിലും ഫുട്ബോളിലെ വാറിൽ ഹാളണ്ടിന്റെ പിഴവുമൂലം സംഭവിച്ച ഗോൾനഷ്ടവും തിരിച്ചടിയായി. 36–ാം മിനിറ്റിൽ ആന്ദ്രെയാസ് ഷാർഡറപ്പിന്റെ ഗോളിൽ മുന്നിലെത്തിയതു നോർവേയാണെങ്കിലും 45+2, 93 മിനിറ്റുകളിലായി ബെലിങ്ങാമിന്റെ തിരിച്ചടി ഇംഗ്ലണ്ടിനു 2–1നു ജയമൊരുക്കി. ലോകകപ്പിലെ ‘വൈക്കിങ് റോ’ ക്വാർട്ടർ ഫൈനലിൽ നിശ്ശബ്ദമായെങ്കിലും പലതലമുറകൾക്കു പാടാൻ വീരകഥകൾ ബാക്കിയാക്കിയാണു നോർവേയുടെ സാഹസികയാത്ര അവസാനിക്കുന്നത്. നിലവിലെ ചാംപ്യന്മാരായ അർജന്റീനയെ സെമിയിൽ ഇംഗ്ലണ്ട് നേരിടും.

ഞെട്ടിക്കൽ ഷാൾഡറപ്

ലോകകപ്പ് ചരിത്രത്തിലാദ്യമായി ക്വാർട്ടർ കളിക്കുന്നതിന്റെ ഹരത്തിലിറങ്ങിയ നോർവേയെ ശ്വാസംമുട്ടിക്കുന്ന വിധത്തിലായിരുന്നു ഇംഗ്ലണ്ട് പ്രതിരോധം. ഹാളണ്ടിനു പന്തെത്തുന്ന വഴികൾ നിക്കോ ഒറെയ്‌ലിയും ഡെക്ലാൻ റൈസും ആന്തണി ഗോർഡനും ചേർന്ന് അടച്ചപ്പോൾ ഹാരി കെയ്നും ബെലിങ്ങാമും മറുവശത്ത് ആക്രമണം കടുപ്പിച്ചു. ആദ്യ അരമണിക്കൂറിൽ ഹാളണ്ടിനു പന്ത് തൊടാനായത് 5 തവണ മാത്രം. 35–ാം മിനിറ്റിലാണു ഹാളണ്ടിനു നേരിയതെങ്കിലും ആദ്യ അവസരം ലഭിക്കുന്നത്. എന്നാൽ, 36–ാം മിനിറ്റിൽ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ആദ്യ ഗോൾ പിറന്നു. ഹാഫ്‌വേ ലൈന‍ിനു സമീപത്തു ഹാരി കെയ്നിനെ വീഴ്ത്തി പാട്രിക് ബർഗ് തട്ടിയെടുത്ത പന്ത് ക്യാപ്റ്റൻ മാർട്ടിൻ ഒഡേഗാർഡിനു കൈമാറി. ഫൗൾ ആണോ അല്ലയോ എന്നറിയാത്ത പന്തിന്റെ ഭാവിയെക്കുറിച്ച് ആകുലതയില്ലാതെ ഒഡേഗാർഡ് പന്ത് ഇടതുവിങ്ങിൽ ഷാൾഡറപ്പിനു നൽകി. കാലിലിട്ടു പന്ത് പാകപ്പെടുത്തി പെനൽറ്റി ബോക്സിലേക്കു പ്രവേശിച്ചയുടൻ ഷാൾഡറപ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ടു സങ്കീർണ ആംഗിളിൽ നിറയൊഴിച്ചു. ഡിഫൻഡർ എസ്രി കോൻസയെ മറികടന്നു പന്ത് പോസ്റ്റിന്റെ വലതുമൂലയുടെ മുകളിലേക്ക് ഇടിച്ചുകയറി. ഇംഗ്ലണ്ട് സ്തംഭിച്ച നിമിഷം. സ്കോർ1–0. നോർവേ മുഖങ്ങളിൽ വിജയപ്രതീക്ഷ.

ഗോൾ മുഴക്കം

ആദ്യപകുതിയുടെ ഇൻജറി ടൈമിലാണു ബെലിങ്ങാം ഇംഗ്ലണ്ടിന്റെ വിധി തിരുത്തുന്നത്. ഏലിയറ്റ് ആൻഡേഴ്സൺ നൽകിയ പന്ത് സ്വീകരിച്ച് ഇടതു വിങ്ങിലൂടെ പെനൽറ്റി ബോക്സിനരികിലെത്തിയ ഗോർഡൻ, 3 ഡിഫൻഡർമാരുടെ നടുവിൽ നിന്നു വെട്ടിത്തിരിഞ്ഞു തൊടുത്ത ക്രോസ് ബെലിങ്ങാമിന്റെ കാലിൽ. ഗോൾ ഏരിയ വരെ പന്തുമായി കുതിച്ച ഒറ്റയാൾ മികവിനൊടുവിൽ 3 ഡിഫൻഡർമാരെയും ഗോൾകീപ്പർ ഓർഹൻ നീലാൻഡിനെയും കബളിപ്പിച്ചു ബെലിങ്ങാമിന്റെ ഷോട്ട്. നിലത്തു കുത്തിയിരുന്നു തടയാൻ ശ്രമിച്ച നീലാൻഡിനെ അടക്കിയിരുത്തി പന്ത് നിലംപറ്റി വലതൊട്ടു. സ്കോർ1–1. തൊട്ടുപിന്നാലെ ഹാരി കെയ്നിന്റെ ഷോട്ടും വലയിലെത്തിയെങ്കിലും ഓഫ്സൈഡായി. നോർവേയുടെ ഹൃദയം തകർത്ത ദുരന്തമുഹൂർത്തം പിറന്നത് 55–ാം മിനിറ്റിൽ. ഇംഗ്ലിഷ് ഗോൾമുഖത്തു കോർണർ കിക്കിനു കാത്തു നിൽക്കുന്നതിനിടെ ഹാളണ്ടും ആൻഡേഴ്സണും തമ്മിൽ പിടിവലി. ആൻഡേഴ്സണിനെ ഹാളണ്ട് ഉന്തിയിട്ടതിനു പിന്നാലെ താഴ്ന്നുവന്ന പന്തിൽ അലക്സാണ്ടർ സോർലോത്തിന്റെ ഗോൾശ്രമം. ഷോട്ട് തടുത്തിട്ട ഗോൾകീപ്പർ ജോർഡൻ പിക്ഫോർഡിന്റെ കയ്യിൽ നിന്നു ചോർന്ന പന്ത് തോർബ്യോൺ ഹെഗം തട്ടി വലയിലാക്കി. എന്നാൽ, വിഎആർ ഗോൾ നിരസിക്കപ്പെട്ടു. ഹാളണ്ടിന്റെ ഫൗളായിരുന്നു കാരണം.

വീണ്ടും ബെലിങ്ങാം

1–1നു തുല്യത പാലിച്ച മത്സരം അധികസമയത്തേക്കു നീണ്ടതിനു തൊട്ടുപിന്നാലെ 93–ാം മിനിറ്റിലാണു ബെലിങ്ങാമിന്റെ വിജയഗോൾ പിറന്നത്. പെനൽറ്റി ബോക്സിനു പുറത്തു നിന്നു മോർഗൻ റോജേഴ്സ് എയ്തുവിട്ട ലോങ്റേഞ്ചർ നീലാൻഡ് ചാടിവ‍ീണു തടുത്തെങ്കിലും തെറിച്ചുവീണ പന്ത് ലക്ഷ്യമിട്ടു ബെലിങ്ങാം ഗോൾ ഏരിയയിലേക്കു പാഞ്ഞുകയറി. നിലത്തു മുട്ടുകുത്തി നിന്നു തൊടുത്ത വലംകാൽ ഷോട്ട് വലയിൽ. സ്കോർ2–1. 

മറുവശത്തു ഹാളണ്ട് പന്തിനായി അലഞ്ഞു നടക്കുമ്പോഴും ക്രോസുകൾ അദ്ദേഹത്തെ തേടി എത്തിയതേയില്ല. അധിക സമയത്തിന്റെ രണ്ടാം പകുതി തുടങ്ങിയതിനു പിന്നാലെ ഹാളണ്ടിനെ പിൻവലിച്ചതോടെ നോർവേയുടെ ഐതിഹാസിക യാത്രയ്ക്ക് ഏറക്കുറെ അന്ത്യം. 

നോർവേ ആദ്യ ഗോൾ

36–ാം മിനിറ്റ്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്നിൽ നിന്ന് തട്ടിയെടുത്ത പന്ത് പാട്രിക് ബർഗ് നോർവേ ക്യാപ്റ്റൻ

മാർട്ടിൻ ഒഡേഗാർഡിന് നൽകി. ഒഡേഗാർഡിന്റെ സിംപിൾ പാസിൽ പന്ത് ആന്ദ്രെയാസ് ഷാൾഡറപ്പിന്റെ കാൽക്കൽ. എസ്രി കോൻസയുടെ പ്രതിരോധത്തെ മറികടന്ന് പെനൽറ്റി ഏരിയയുടെ ഇടതു വശത്തു നിന്ന്ഷാൾഡറപ്പിന്റെ ഇടം കാൽ ലോങ് ഷോട്ട്. പന്ത് വലത് ഗോൾ പോസ്റ്റിൽ തട്ടി വലയിലേക്ക്. നോർവേയ്ക്ക് ലീഡ് (1–0).

ഇംഗ്ലണ്ട് ആദ്യ ഗോൾ

45+2–ാം മിനിറ്റ്. ഇടതു വിങ്ങിലൂടെ പന്തുമായി ഓടിയെത്തിയ ആന്തണി ഗോർഡൻ പെനൽറ്റി ഏരിയയിലേക്കു പാഞ്ഞെത്തിയ ജൂഡ് ബെലിങ്ങാമിന് സ്ക്വയർ പാസ് നൽകി. നോർവീജിയൻ പ്രതിരോധ നിരയെ വകഞ്ഞുമാറ്റി ബെലിങ്ങാമിന്റെ ഗ്രൗണ്ട് ഷോട്ട് ഗോൾവലയുടെ വലത് മൂലയിലേക്ക്. ഇംഗ്ലണ്ടിന് സമനില (1–1).

ഇംഗ്ലണ്ട് രണ്ടാം ഗോള്‍

93–ാം മിനിറ്റ്. അരമണിക്കൂർ എക്സ്ട്രാ ടൈമിന്റെ മൂന്നാം മിനിറ്റിൽ 25 വാര അകലെ നിന്ന് മോർഗൻ റോജേഴ്സ് തൊടുത്ത ലോങ് ഷോട്ട് കീപ്പർ നീലാൻഡ് തട്ടിയകറ്റി. പക്ഷേ പന്ത് എത്തിയത് ഗോൾ ഏരിയയിലേക്കു ഓടിയെത്തിയ ബെലിങ്ങാമിന്റെ നേരെ. ഒരു ടാപ്, ഗോൾകീപ്പറെ നോക്കുകുത്തിയാക്കി പന്ത് വലയിൽ. ഇംഗ്ലണ്ട് സെമിയിൽ (1–2).

English Summary:

Jude Bellingham's brace secured a 2-1 triumph for England against Norway successful a thrilling World Cup quarter-final match. Despite an aboriginal extremity from Norway's Andreas Schjelderup, Bellingham's precocious heroics sealed England's spot successful the semi-finals against Argentina.

Read Entire Article