Published: February 10, 2026 03:25 PM IST
1 minute Read
മുംബൈ ∙ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യൻ താരങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി ബിസിസിഐ. ലോകകപ്പ് മത്സരങ്ങൾക്ക് കുടുംബത്തെ ഒപ്പം കൂട്ടാനാകില്ലെന്ന് ബോർഡ് താരങ്ങൾക്ക നിർദേശം നൽകി. ഇക്കാര്യത്തിൽ വ്യക്തത തേടി ബിസിസിഐയെ ടീം മാനേജ്‌മെന്‍റ് സമീപിച്ചതോടെയാണ് അവർ നയം വ്യക്തമാക്കിയത്. എന്നാൽ കുടുംബത്തെ ഒപ്പം കൂട്ടണമെങ്കിൽ താരങ്ങൾക്ക് സ്വയം ക്രമീകരണം ഏർപ്പെടുത്താമെന്നും ബിസിസിഐ അറിയിച്ചു.
2024-25ലെ ബോർഡർ-ഗാവസ്കർ ട്രോഫിയിൽ ഓസ്‌ട്രേലിയയോട് 1-3ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് താരങ്ങൾക്ക് ബിസിസിഐ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്. പര്യടനത്തിനിടെ ടീം മീറ്റിങ്ങുകളിലടക്കം ചില താരങ്ങൾ പങ്കെടുക്കാതിരുന്നത് കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചതുകൊണ്ടാണെന്നും ഇത് പരാജയത്തിന് കാരണമായെന്ന് സപ്പോർട്ട് സ്റ്റാഫ് റിപ്പോർട്ട് നൽകിയിരുന്നു. ഇതേത്തുടർന്ന്, 45 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന വിദേശ പര്യടനങ്ങളിൽ പരമാവധി 14 ദിവസം മാത്രമേ താരങ്ങൾക്ക് കുടുംബത്തെ ഒപ്പം താമസിപ്പിക്കാൻ അനുവദിക്കൂ എന്ന നയം ബിസിസിഐ സ്വീകരിക്കുകയായിരുന്നു
ലോകകപ്പ് പോലുള്ള ടൂർണമെന്റുകളിൽ കുടുംബാംഗങ്ങൾക്ക് താരങ്ങൾക്കൊപ്പം ടീം ഹോട്ടലിൽ താമസിക്കാൻ അനുവാദമില്ല. മത്സരം കാണുന്നതിന് ഉൾപ്പെടെ ഇവർ എത്തുന്നുണ്ടെങ്കിൽ താരങ്ങളുടെ ചെലവിൽ പ്രത്യേക താമസസൗകര്യം ഏർപ്പെടുത്തണം. കോവിഡ് സമയത്ത്, എല്ലാ പരമ്പരകളിലും കുടുംബത്തെ ഒപ്പം കൂട്ടാൻ താരങ്ങൾക്ക് അനുവാദമുണ്ടായിരുന്നു. താരങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായിരുന്നു ഇത്. എന്നാൽ ഗാവസ്കർ ട്രോഫിയിലെ പരാജയത്തോടെ നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കി. ഇന്ത്യൻ ടീമംഗങ്ങളിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, പേസർ ജസ്പ്രീത് ബുമ്ര, സഞ്ജു സാംസൺ എന്നിവരാണ് വിവാഹിതരായവർ. ഹാർദിക് പാണ്ഡ്യയും പങ്കാളിക്കൊപ്പമാണ് സ്ഥിരമായി യാത്ര ചെയ്യുന്നത്. ബിസിസിഐ തീരുമാനം ഇവർക്കു തിരിച്ചടിയാണ്. ഔദ്യോഗിക ബ്രോഡ്കാസ്റ്ററുടെ അവതാരക കൂടിയായ ബുമ്രയുടെ ഭാര്യ സഞ്ജന ഗണേശൻ ലോകകപ്പ് മത്സരങ്ങളിൽ ടീമിനൊപ്പമുണ്ട്.
അതേസമയം, ലോകകപ്പിൽ താരങ്ങൾ സ്വകാര്യ ചാർട്ടർ വിമാനങ്ങളിലാകും യാത്ര ചെയ്യുക. മുംബൈയിലെ ആദ്യ മത്സരത്തിനു ശേഷം ഡൽഹിയിലേക്ക് തിരിച്ച താരങ്ങൾ, പാക്കിസ്ഥാനെതിരായ മത്സരത്തിനായി കൊളംബോയിലേക്ക് പോകും. താരങ്ങൾക്ക് പേഴ്സണൽ ഷെഫുമാരെ ഒപ്പം കൂട്ടാൻ അനുവാദമുണ്ടെങ്കിലും ടീം ഹോട്ടലിൽ താമസിപ്പിക്കാനാകില്ല. ഹോട്ടലിന് അടുത്തുള്ള മറ്റു താമസസ്ഥലങ്ങളിൽ നിന്ന് ഭക്ഷണം പാകം ചെയ്ത് താരങ്ങൾക്ക് എത്തിച്ചു നൽകാനാണ് നിർദേശം.
English Summary:







English (US) ·