ലോകകപ്പിൽനിന്ന് പിന്മാറ്റം മുൻപും നടന്നു; പക്ഷേ പുറത്താക്കൽ ചരിത്രത്തിലാദ്യം

1 month ago 6

മനോരമ ലേഖകൻ

Published: January 25, 2026 09:09 AM IST

1 minute Read

ബംഗ്ലദേശ് ക്രിക്കറ്റ് താരങ്ങൾ
ബംഗ്ലദേശ് ക്രിക്കറ്റ് താരങ്ങൾ

ദുബായ് ∙ ഐസിസി ക്രിക്കറ്റ് ലോകകപ്പിൽനിന്ന് ഒരു ടീമിനെ പുറത്താക്കുന്നതും പകരം മറ്റൊരു ടീമിന് അവസരം നൽകുന്നതും ചരിത്രത്തിലാദ്യം. സുരക്ഷാ കാരണങ്ങളാലും രാഷ്ട്രീയ പ്രതിസന്ധിയുടെ പേരിലും മുൻപ് ലോകകപ്പിലെ ഏതാനും മത്സരങ്ങളിൽനിന്ന് ടീമുകൾ പിന്മാറിയ ചരിത്രമുണ്ട്. ഇന്ത്യയിൽ കളിക്കില്ലെന്നു പ്രഖ്യാപിച്ച ബംഗ്ലദേശിനെ ഐസിസി പുറത്താക്കിയതു പോലൊരു സംഭവം ക്രിക്കറ്റ് ചരിത്രത്തിൽ ഇതിനു മുൻപുണ്ടായിട്ടില്ല.

വർണ വിവേചനത്തിന്റെ പേരിൽ ദക്ഷിണാഫ്രിക്കയെ 1970 മുതൽ 1991 വരെ രാജ്യാന്തര ക്രിക്കറ്റിൽനിന്നു മാറ്റി നിർത്തിയതാണ് ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ഒഴിവാക്കൽ. ഇതുമൂലം 4 ലോകകപ്പുകളാണ് ദക്ഷിണാഫ്രിക്കയ്ക്കു നഷ്ടമായത്. 

1996 ഏകദിന ലോകകപ്പ് 

ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നിവർ സംയുക്തമായി നടത്തിയ ലോകകപ്പിനു തൊട്ടുമുൻപ് കൊളംബോയിൽ ബോംബ് സ്ഫോടനം. ഇതോടെ, സുരക്ഷാപ്രശ്നം വലിയ ചർച്ചയായി. ശ്രീലങ്കയിൽ പ്രശ്നങ്ങളില്ലെന്ന് ഉറപ്പിക്കാൻ ഇന്ത്യ, പാക്കിസ്ഥാൻ ടീമംഗങ്ങൾ ഒന്നിച്ചു സൗഹൃദ മത്സരം വരെ കളിച്ചു. പക്ഷേ, ശ്രീലങ്കയിൽ നടക്കേണ്ടിയിരുന്ന തങ്ങളുടെ മത്സരങ്ങളിൽനിന്ന് ഓസ്ട്രേലിയയും വെസ്റ്റിൻഡീസും പിന്മാറി. ഈ രണ്ട് മത്സരങ്ങളിലും ശ്രീലങ്കയെ വിജയികളായി പ്രഖ്യാപിച്ചതു ശ്രീലങ്കയുടെ ക്വാർട്ടർ പ്രവേശം എളുപ്പമാക്കി. ലഹോറിൽ നടന്ന ഫൈനലിൽ ഓസ്ട്രേലിയയെ തോൽപിച്ച് ശ്രീലങ്ക ജേതാക്കളാവുകയും ചെയ്തു.  

2003 ഏകദിന ലോകകപ്പ്  

​ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, കെനിയ എന്നിവർ സംയുക്ത ആതിഥേയരായ ലോകകപ്പിലുണ്ടായതു 2 പിന്മാറ്റങ്ങൾ. സിംബാബ്‌വെയിലെ രാഷ്ട്രീയ സാഹചര്യങ്ങളും സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ഹരാരെയിൽ നടക്കേണ്ടിയിരുന്ന മത്സരത്തിൽനിന്ന് ഇംഗ്ലണ്ട് പിന്മാറി. പോയിന്റ് നഷ്ടമായ ഇംഗ്ലണ്ട് പുറത്താവുകയും ചെയ്തു. സുരക്ഷാ കാരണങ്ങളാൽ കെനിയയിൽ നടക്കേണ്ടിയിരുന്ന മത്സരത്തിൽനിന്ന് ന്യൂസീലൻഡും പിന്മാറി. ഇക്കാരണത്താൽ കെനിയ സെമിഫൈനൽ വരെയെത്തി. 

2009 ട്വന്റി20 ലോകകപ്പ് 

ഇംഗ്ലണ്ട് ആതിഥ്യം വഹിച്ച ലോകകപ്പിൽനിന്ന് ഐസിസിയുമായുള്ള ധാരണപ്രകാരം സിംബാബ്‌വെ പിന്മാറ്റം പ്രഖ്യാപിച്ചു. ഇംഗ്ലണ്ടുമായുള്ള രാഷ്ട്രീയ പ്രശ്നങ്ങളുടെ പേരിൽ സിംബാബ്‌വെ താരങ്ങൾക്കു വീസ ലഭിക്കില്ലെന്നു സൂചനയുണ്ടായിരുന്നു. വലിയൊരു പ്രശ്നമൊഴിവാക്കാൻ ഐസിസിയും സിംബാബ്‌വെയും ഒന്നിച്ചൊരു നീക്കം നടത്തുകയായിരുന്നു.

English Summary:

Cricket World Cup past reveals unprecedented squad exclusions. Previously, teams withdrew from matches owed to information concerns oregon governmental issues, but an outright prohibition is rare.

Read Entire Article