ലോകകപ്പ് ജയിക്കണമെങ്കിൽ ടോപ് ഓർഡറിൽ സഞ്ജു വേണമായിരുന്നു: ഇന്ത്യ വലിയ തീരുമാനമെടുത്തെന്ന് റിക്കി പോണ്ടിങ്

5 days ago 3

ഓൺലൈൻ ഡെസ്ക്

Published: March 17, 2026 05:13 PM IST

1 minute Read

sanju-main
സഞ്ജു സാംസൺ. ചിത്രം. ആർ.എസ്. ഗോപൻ, മനോരമ

സിഡ്നി∙ ട്വന്റി20 ലോകകപ്പിൽ സഞ്ജു സാംസണെ പ്ലേയിങ് ഇലവനിലേക്കു കൊണ്ടുവരാനുള്ള തീരുമാനമാണ് ഇന്ത്യയുടെ കളി മാറ്റിയതെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം റിക്കി പോണ്ടിങ്. ടൂർണമെന്റിന്റെ പകുതിക്കുവച്ച് ഇഷാൻ കിഷനെ ബാറ്റിങ് ക്രമത്തിൽ താഴേക്കു മാറ്റി സഞ്ജു സാംസണെ ഇന്ത്യ ഓപ്പണിങ് ബാറ്ററാക്കിയത് നിർണായകമായെന്ന് പോണ്ടിങ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ വിഡിയോയിൽ പ്രതികരിച്ചു. വെസ്റ്റിൻഡീസിനെതിരായ സൂപ്പര്‍ എട്ട് പോരാട്ടത്തിൽ 97 റൺസുമായി തിളങ്ങിയ സഞ്ജു, സെമി ഫൈനലിലും ഫൈനലിലും 89 റൺസ് വീതമാണു സ്വന്തമാക്കിയത്.

‘‘തീർച്ചയായും ഇഷാൻ കിഷനെ വൺ ഡൗണിലേക്ക് ഇറക്കി, സഞ്ജുവിനെ ഓപ്പണിങ് ബാറ്ററാക്കുകയെന്നതു വലിയ തീരുമാനമായിരുന്നു. എന്നാല്‍ അത് വളരെ നന്നായി. ഒരു താരമെന്ന നിലയിൽ നിങ്ങൾക്ക് ഏറ്റവും ആവശ്യം കോച്ചിന്റേയും ക്യാപ്റ്റന്റേയും പിന്തുണയാണ്. തോളത്തു കയ്യിട്ട് ഞങ്ങൾക്കു നിന്നെ വിശ്വാസമുണ്ട്, നീ കളിക്കുന്നതു തുടരും, ഈ റോളിൽ നീയാണ് ഏറ്റവും മികച്ചത് എന്നൊക്കെ പറയുന്നതു കേൾക്കാനാണ് എല്ലാവരും ആഗ്രഹിക്കുക. സഞ്ജുവിനെപ്പോലെ കഴിവും, കോച്ചിന്റെയും ക്യാപ്റ്റന്റെയും പിന്തുണയും ഉള്ളപ്പോഴാണു വലിയ കാര്യങ്ങൾ‍ സംഭവിക്കുക. കുറച്ച് ആഴ്ചകളായി ഇന്ത്യൻ ടീമിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് എനിക്ക് അറിയില്ല. പക്ഷേ ഇങ്ങനെയാകും നടന്നിട്ടുണ്ടാകുകയെന്നാണു പുറത്തുനിന്നു നോക്കുമ്പോൾ മനസ്സിലാകുന്നത്.’’

‘‘ലോകകപ്പ് ജയിക്കണമെങ്കിൽ സഞ്ജു ടോപ് ഓർഡറിൽ ഉണ്ടാകണമെന്ന് ഇന്ത്യൻ ടീം തീരുമാനിച്ചതായാണ് എനിക്കു തോന്നിയത്. സഞ്ജു ആത്മവിശ്വാസത്തോടെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ക്രിക്കറ്റാണു കളിക്കുന്നത്. അതിന്റെ ഫലമാണ് ഇന്ത്യയുടെ ലോകകപ്പ് വിജയം.’’– പോണ്ടിങ് വ്യക്തമാക്കി. അതേസമയം റിക്കി പോണ്ടിങ്ങിനെപ്പോലൊരു വലിയ താരത്തിൽനിന്നുള്ള വാക്കുകളിൽ സന്തോഷമുണ്ടെന്ന് സഞ്ജു തിരുവനന്തപുരത്തു നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം മാത്രം കളിച്ച സഞ്ജു, ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിെര തോറ്റതോടെയാണ് വീണ്ടും പ്ലേയിങ് ഇലവനിലെത്തുന്നത്. തകർത്തുകളിച്ച മലയാളി താരം ലോകകപ്പിലെ ‘പ്ലേയർ ഓഫ് ദ് ടൂർണമെന്റ്’ പുരസ്കാരവും സ്വന്തമാക്കിയിരുന്നു.

English Summary:

Ricky Ponting Credits Sanju Samson's Opening Role for India's T20 World Cup Win

Read Entire Article