Published: May 08, 2026 12:29 PM IST Updated: May 08, 2026 02:24 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ ട്വന്റി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് സൂര്യകുമാർ യാദവിനെ മാറ്റിയേക്കും. ട്വന്റി20 ലോകകപ്പ് കിരീട വിജയത്തിനു പിന്നാലെയാണ്, സൂര്യകുമാർ യാദവിനെ മാറ്റാൻ ബിസിസിഐ ഒരുങ്ങുന്നതെന്നാണു പുറത്തുവരുന്ന വിവരം. ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർത്തുകളിക്കുന്ന ശ്രേയസ് അയ്യർക്കു കീഴിൽ യുവ താരങ്ങളെ അണിനിരത്താനാണ് ബിസിസിഐ ശ്രമം. ഐപിഎലിൽ പഞ്ചാബ് കിങ്സിനെ നയിക്കുന്ന അയ്യരെ, അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ പരമ്പരകളിൽ ക്യാപ്റ്റനാക്കും. ഐപിഎലിൽ തിളങ്ങുന്ന വൈഭവ് സൂര്യവംശിയുൾപ്പടെയുള്ള താരങ്ങൾക്കും ഈ മത്സരങ്ങളിൽ അവസരം ലഭിച്ചേക്കും. ഐപിഎലിനു ശേഷം ജൂണിൽ അയർലൻഡിനെതിരെയും ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെയും ഇന്ത്യ ട്വന്റി20 പരമ്പരകൾ കളിക്കുന്നുണ്ട്.
ട്വന്റി20 ലോകകപ്പിൽ ബാറ്റിങ്ങിൽ തിളങ്ങാന്‍ സാധിക്കാതിരുന്ന സൂര്യകുമാർ യാദവിന് ഐപിഎലിലും ഫോം കണ്ടെത്താനായിട്ടില്ല. മുംബൈ ഇന്ത്യൻസ് 10 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ 195 റൺസാണ് സൂര്യ ആകെ നേടിയത്. 51 റൺസാണ് സീസണിലെ ഉയർന്ന സ്കോർ. ലോകകപ്പിൽ ഒൻപത് ഇന്നിങ്സുകളിൽനിന്ന് 242 റൺസായിരുന്നു സൂര്യയുടെ സമ്പാദ്യം. ബാറ്റിങ്ങിൽ ബുദ്ധിമുട്ടുന്ന താരത്തെ ക്യാപ്റ്റൻ മാത്രമായി ടീമില്‍ നിർത്തേണ്ടതില്ലെന്നാണ് ബിസിസിഐയിലെ വലിയൊരു വിഭാഗം വാദിക്കുന്നത്. കൈത്തണ്ടയിലേറ്റ പരുക്കും സൂര്യയെ അലട്ടുന്നുണ്ട്. അവസാന നിമിഷങ്ങളിൽ മാറ്റങ്ങളൊന്നുമുണ്ടായില്ലെങ്കിൽ ഇന്ത്യയുടെ അടുത്ത ട്വന്റി20 പരമ്പരയിൽ ശ്രേയസ് അയ്യരായിരിക്കും ടീം ക്യാപ്റ്റൻ.
രോഹിത് ശർമ ട്വന്റി20 ടീമിന്റെ ക്യാപ്റ്റൻസി ഒഴിഞ്ഞപ്പോഴാണ് പുതിയ നായകനായി സൂര്യകുമാർ യാദവ് എത്തിയത്. സൂര്യ നയിച്ച ഒരു പരമ്പരയിലും ഇന്ത്യ തോറ്റിട്ടില്ല. അതേസമയം കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇന്ത്യയ്ക്കായി ഒരു മത്സരവും കളിക്കാത്തയാളാണ് ശ്രേയസ് അയ്യർ. 2023 ഡിസംബറിൽ ഓസ്ട്രേലിയയ്ക്കെതിരെയാണ് താരം ഒടുവിൽ ഇന്ത്യൻ ജഴ്സിയിൽ ട്വന്റി20 കളിച്ചത്. കഴിഞ്ഞ ഐപിഎലിൽ പഞ്ചാബ് കിങ്സിനെ ഫൈനൽ വരെയെത്തിച്ചതോടെയാണ് ശ്രേയസ് അയ്യരെ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാക്കണമെന്ന ആവശ്യമുയർന്നത്.
2026 സീസണില്‍ ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ് 10 മത്സരങ്ങളിൽ ആറു വിജയങ്ങളുമായി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ബാറ്റിങ്ങിലും തകർപ്പൻ ഫോമിലുള്ള ശ്രേയസ് അയ്യർ, നാല് അർധ സെഞ്ചറികളുൾപ്പടെ 333 റൺസ് ഇതുവരെ സ്കോർ ചെയ്തിട്ടുണ്ട്. 2026 ഐപിഎലിൽ തിളങ്ങുന്ന വിക്കറ്റ് കീപ്പർ ബാറ്റർ പ്രബ്സിമ്രൻ സിങ്, പേസർ പ്രിൻസ് യാദവ് എന്നിവരേയും ദേശീയ ടീമിലേക്കു പരിഗണിച്ചേക്കും.
English Summary:







English (US) ·