ലോകകിരീടത്തിന് കോടിക്കിലുക്കം! ടീം ഇന്ത്യയ്ക്ക് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ; റെക്കോർ‍ഡ് തുക

1 week ago 3

ഓൺലൈൻ ഡെസ്‌ക്

Published: March 10, 2026 12:16 PM IST

1 minute Read

 മനോരമ
ട്വന്റി20 ലോകകപ്പ് ട്രോഫിയുമായി ഇന്ത്യൻ ടീമിന്റെ വിജയാഹ്ലാദം. ചിത്രം: മനോരമ

മുംബൈ ∙ ട്വന്റി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിനു വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. റെക്കോർഡ് തുകയായ 131 കോടി രൂപയാണ് ലോകകപ്പ് നേടിയ ടീമിന് ബോർഡ് വക സമ്മാനം. ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ പാരിതോഷികമാണ് ഇത്. 2024ൽ ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് 125 കോടി രൂപയാണ് പാരിതോഷികം നൽകിയത്. തുടർച്ചയായി രണ്ടാം തവണയും കിരീടം നേടിയതോടെയാണ്  സമ്മാനത്തുക വർധിപ്പിച്ചത്.

കഴിഞ്ഞ വർഷം വനിതാ ഏകദിന ലോകകപ്പ് നേടിയ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ടീമിന് ബിസിസിഐ 51 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അണ്ടർ 19 ലോകകപ്പിൽ ആറാം തവണയും കിരീടം നേടിയ ആയുഷ് മാത്രെയുടെ നേതൃത്വത്തിലുള്ള ടീമിന് ബിസിസിഐ 7.5 കോടി രൂപയും പാരിതോഷികം നൽകി.

ബിസിസിഐ പുറത്തിറക്കിയ പ്രസ്താവന:‘‘2026ലെ ഐസിസി പുരുഷ ടി20 ലോകകപ്പിലെ ഉജ്ജ്വല വിജയത്തിന് ടീം ഇന്ത്യയ്ക്ക് 131 കോടി രൂപയുടെ ക്യാഷ് അവാർഡ് ബിസിസിഐ പ്രഖ്യാപിക്കുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ന്യൂസീലൻഡിനെ പരാജയപ്പെടുത്തി ഇന്ത്യ ട്രോഫി ഉയർത്തി. തുടർച്ചയായ രണ്ടാം കിരീടം നേട്ടത്തിലൂടെ ഐസിസി പുരുഷ ടി20 ലോകകപ്പ് ചരിത്രത്തിൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമായി ഇന്ത്യ മാറി. ഈ വിജയത്തോടെ മൂന്ന് തവണ ഐസിസി പുരുഷ ടി20 ലോകകപ്പ് നേടുന്ന ആദ്യ ടീമായും ഇന്ത്യ മാറി, ഈ ഫോർമാറ്റിലെ ഏറ്റവും മികച്ച ടീമുകളിലൊന്നെന്ന സ്ഥാനം കൂടുതൽ ഉറപ്പിച്ചു. ഈ ചരിത്രപരമായ നേട്ടത്തിന് താരങ്ങളെയും സപ്പോർട്ട് സ്റ്റാഫിനെയും സിലക്ടർമാരെയും ബോർഡ് ഒരിക്കൽ കൂടി അഭിനന്ദിക്കുകയും ഭാവിയിൽ തുടർവിജയങ്ങൾ ആശംസിക്കുകയും ചെയ്യുന്നു.’’

ടീം ഇന്ത്യയ്ക്ക് 27 കോടിട്വന്റി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് സമ്മാനത്തുകയായി ലഭിക്കുക 3 മില്യൻ ഡോളർ (ഏകദേശം 27.48 കോടി രൂപ) ആണ്. ഗ്രൂപ്പ് ഘട്ടങ്ങളിലും സൂപ്പർ 8 ഘട്ടങ്ങളിലും വിജയിച്ച ഓരോ മത്സരങ്ങൾക്കും ഏകദേശം 28.6 ലക്ഷം രൂപ (31,154 യുഎസ് ഡോളർ) വീതം ബോണസായും ടീമിന് ലഭിച്ചു. രണ്ടാം സ്ഥാനക്കാരായ ന്യൂസീലൻഡിന് 1.6 മില്യൻ ഡോളർ (14.65 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കും. ടൂർണമെന്റിലെ വിവിധ ഘട്ടങ്ങളിലായി ആകെ 120 കോടി രൂപയാണ് സമ്മാനത്തുകയായി ടീമുകൾക്ക് ഐസിസി നൽകിയത്. മുൻ പതിപ്പിനേക്കാൾ 20 ശതമാനം വർധനവാണ് സമ്മാനത്തുകയിൽ ഐസിസി വരുത്തിയത്.

English Summary:

Indian cricket squad has been awarded a grounds prize wealth of 131 crore rupees by the BCCI for winning the 2026 T20 World Cup. This important reward highlights their continuous occurrence and makes them the archetypal squad to clasp the T20 World Cup rubric consecutively.

Read Entire Article