‘ലോകത്തിലെ വേഗമേറിയ മനുഷ്യനായിരിക്കാം, പക്ഷേ’; കാസി ബെന്നറ്റിനെ കണ്ടുമുട്ടിയപ്പോൾ ബോൾട്ട് ആ തീരുമാനമെടുത്തത് എന്തിനായിരുന്നു?

3 weeks ago 3

ലോകത്തിലെ ഏറ്റവും വേഗമേറിയ മനുഷ്യൻ തന്റെ ദീർഘകാല പ്രണയിനിക്ക് മുന്നിൽ മുട്ടുകുത്തിനിന്ന് ആ ചോദ്യം ചോദിച്ചു. എട്ട് തവണ ഒളിംപിക് സ്വർണം നേടി ട്രാക്കിൽ ചരിത്രം കുറിച്ച ജമൈക്കൻ ഇതിഹാസം ഉസൈൻ ബോൾട്ട്, തന്റെ 40-ാം ജന്മദിനാഘോഷത്തിനിടെയാണ് പങ്കാളി കാസി ബെന്നറ്റിനോട് വിവാഹാഭ്യർഥന നടത്തിയത്. ഒരു ദശാബ്ദത്തിലേറെ നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും ഔദ്യോഗികമായി ഒന്നിക്കുന്നത്. ഇതിഹാസ താരത്തിന്റെ ജീവിതത്തിലെ അവിസ്മരണീയ നിമിഷം കായികലോകവും ആരാധകരും ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

What you should work next

∙ കിങ്സ്റ്റണിൽ വിരിഞ്ഞ സുന്ദര നിമിഷം

ഓഗസ്റ്റ് 21ന് ജമൈക്കയിലെ കിങ്സ്റ്റണിലുള്ള വൺ ബെൽമോണ്ടിൽ നടന്ന ബോൾട്ടിന്റെ 40-ാം ജന്മദിനാഘോഷ ചടങ്ങാണ് അവിസ്മരണീയമായ ആ നിമിഷത്തിന് വേദിയായത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ബോൾട്ട് തന്റെ ദീർഘകാല പങ്കാളിയായ കാസിയോട് വിവാഹാഭ്യർഥന നടത്തി. അഞ്ച് കാരറ്റിന്റെ പിയർ-ഷേപ്പ് വജ്രമോതിരം അണിയിച്ചാണ് ബോൾട്ട് വിവാഹാഭ്യർഥന നടത്തിയത്.

ജന്മദിന പാർട്ടിക്കിടെ ബോൾട്ടും ബെന്നറ്റും സ്റ്റേജിൽ ഒരുമിച്ച് നിന്ന് അതിഥികളോട് സംസാരിച്ചുകൊണ്ടിരിക്കെ ബോൾട്ട് പെട്ടെന്ന് ഒരു കാൽമുട്ടിൽ ഇരുന്ന് വിവാഹാഭ്യർഥന നടത്തി. ‘‘നീ എന്നെ ഈ ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യനാക്കി മാറ്റുമോ? എന്നെ വിവാഹം കഴിക്കുമോ?’’ എന്ന് ബോൾട്ട് ചോദിച്ചപ്പോൾ അവിടെയുണ്ടായിരുന്നവർ ആവേശത്തോടെയും കയ്യടികളോടെയും അത് ആഘോഷമാക്കി.

തുടർന്ന് ബോൾട്ട് വജ്രമോതിരം ബെന്നറ്റിന്റെ വിരലിൽ അണിയിച്ചു. അപ്രതീക്ഷിത നീക്കത്തിൽ അമ്പരന്നുപോയ ബെന്നറ്റ്, വികാരാധീനയായി. കണ്ണീർ തുടച്ചുകൊണ്ടാണ് തന്റെ വിവാഹനിശ്ചയ മോതിരം അവർ എല്ലാവരെയും ഉയർത്തി കാണിച്ചത്. പിന്നീട് സമൂഹമാധ്യമങ്ങളിൽ ഇതിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. ‘‘ഈ രാത്രിയെ മുഴുവൻ ചുരുക്കിപ്പറയാൻ എന്റെ ഈ മുഖഭാവം മാത്രം മതി’’ എന്ന അടിക്കുറിപ്പോടെയാണ് ബെന്നറ്റ് ഇവ പങ്കുവച്ചത്.

∙ രഹസ്യമായി തുടങ്ങിയ പ്രണയം

2013ൽ ജമൈക്കയിൽ വച്ചാണ് ബോൾട്ടും കാസിയും ആദ്യമായി കണ്ടുമുട്ടുന്നത്. ഇതിഹാസ താരമെന്ന എന്ന നിലയിൽ തനിക്കു ലഭിക്കുന്ന അതിരുകടന്ന മാധ്യമശ്രദ്ധയിൽ നിന്ന് കാസിയെ സംരക്ഷിക്കാൻ ബോൾട്ട് ഏറെ ശ്രദ്ധിച്ചു. അതിനാൽ തന്നെ മൂന്ന് വർഷത്തോളം ഇരുവരും തങ്ങളുടെ ബന്ധം തികച്ചും സ്വകാര്യമായി സൂക്ഷിച്ചു.

2016ലെ റിയോ ഒളിംപിക്‌സിനിടെയാണ് കാസിയെ തന്റെ ‘പ്രഥമ വനിത’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ബോൾട്ട് ബന്ധം പരസ്യമാക്കിയത്. തുടർന്ന് 2016 സെപ്റ്റംബറിൽ ബോറ ബോറയിലെ അവധിക്കാല ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അവർ ഇൻസ്റ്റഗ്രാമിലൂടെ ബന്ധം ഔദ്യോഗികമാക്കി.

2016ൽ ‘പീപ്പിൾ’ മാഗസിന് നൽകിയ അഭിമുഖത്തിലാണ് തങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ബോൾട്ട് ആദ്യമായി തുറന്നുപറഞ്ഞത്. ‘അവളും സന്തോഷവതിയാണ്, ഞാനും സന്തോഷവാനാണ്!’ ബോൾട്ട് പറഞ്ഞു. തന്റെ മാതാപിതാക്കളായ വെല്ലസ്ലിയും ജെന്നിഫർ ബോൾട്ടും ഒരു പതിറ്റാണ്ട് നീണ്ട ബന്ധത്തിന് ശേഷമാണ് വിവാഹിതരായതെന്നും, അതുപോലെ കൃത്യമായ സമയമെടുത്ത് സുദൃഢമായ ഒരു ബന്ധം കെട്ടിപ്പടുക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ബോൾട്ട് വ്യക്തമാക്കിയിരുന്നു.

‌2017ൽ ബോൾട്ട് പ്രഫഷനൽ അത്‌ലറ്റിക്സിൽ നിന്ന് വിരമിച്ചപ്പോൾ, ട്രാക്കിലെ തിരക്കുകളിൽ നിന്ന് സാധാരണ ജീവിതത്തിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റത്തിന് ശക്തമായ പിന്തുണയേകിയത് കാസിയായിരുന്നു.

2020 മേയിൽ മകൾ ഒളിംപിയ ലൈറ്റ്നിങ് ബോൾട്ട് ജനിച്ചതോടെ ഇവരുടെ ജീവിതത്തിൽ പുതിയൊരു അധ്യായം കുറിക്കപ്പെട്ടു. തൊട്ടടുത്ത വർഷം, 2021 ജൂണിൽ, ഇരട്ട ആൺകുട്ടികളായ തണ്ടർ ബോൾട്ടും സെന്റ് ലിയോ ബോൾട്ടിനെയും ഇരുവരും ജീവിതത്തിലേക്ക് സ്വാഗതം ചെയ്തു.

‘ഞങ്ങളുടെ കുഞ്ഞുങ്ങളാണ് ഞങ്ങളുടെ ഏറ്റവും വലിയ നേട്ടങ്ങൾ’, എന്ന് കാസി ഒരിക്കൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ആദ്യ കുഞ്ഞ് ജനിച്ചപ്പോൾ തന്നെ താൻ കുടുംബത്തിന് ഒരു ‘റോക്ക്’ (ശക്തമായ താങ്ങ്) ആയിരിക്കുമെന്ന് കാസിക്ക് ബോൾട്ട് വാക്ക് നൽകിയിരുന്നു. 2023ലെ പിതൃദിനത്തിൽ, കുട്ടികളോടൊപ്പമുള്ള ബോൾട്ടിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് കാസി കുറിച്ച വരികൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘‘ലോകത്തിന് അദ്ദേഹം ഏറ്റവും വേഗമേറിയ മനുഷ്യനായിരിക്കാം, എന്നാൽ ഞങ്ങൾക്ക് അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച അച്ഛനാണ്.’’

ഒരു രക്ഷിതാവാകുന്നത് തനിക്ക് പുതിയൊരു നേട്ടവും ദിശാബോധവും നൽകിയെന്ന് വൈഡ് വേൾഡ് ഓഫ് സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ ബോൾട്ട് തുറന്നുപറഞ്ഞിരുന്നു. ട്രാക്കിലെ കഠിന പരിശീലനങ്ങൾക്കും മത്സരങ്ങൾക്കും ശേഷം കുടുംബജീവിതത്തിന്റെ ഉത്തരവാദിത്തങ്ങൾ അദ്ദേഹം സന്തോഷത്തോടെ ഏറ്റെടുത്തു.

‘പ്രശസ്തി ക്ഷണികമാണ്, എന്നാൽ കുടുംബം എന്നെന്നേക്കുമായി നിലനിൽക്കുന്നു,’ എന്ന് ‘ദ് ഗാർഡിയന്’ നൽകിയ അഭിമുഖത്തിൽ ബോൾട്ട് വ്യക്തമാക്കി. മൂന്നു ചെറിയ കുട്ടികളെ കൈകാര്യം ചെയ്യുന്നത് ഒളിംപിക്സിൽ മത്സരിക്കുന്നതിനേക്കാൾ വലിയ വെല്ലുവിളിയാണെന്ന് ബോൾട്ട് തമാശയായി കൂട്ടിച്ചേർത്തു.

∙ സ്വന്തം കരിയറിൽ തിളങ്ങുന്ന കാസി ബെന്നറ്റ്

ഉസൈൻ ബോൾട്ടിന്റെ പങ്കാളി എന്ന മേൽവിലാസത്തിനപ്പുറം, മോഡലിങ്ങും ബിസിനസും കോർത്തിണക്കി ശ്രദ്ധേയമായൊരു കരിയർ കെട്ടിപ്പടുത്ത വ്യക്തിയാണ് കാസി ബെന്നറ്റ്. വെസ്റ്റിൻഡീസ് സർവകലാശാലയിൽ നിന്ന് നിയമ ബിരുദം നേടിയ കാസി, പിന്നീട് മാസ്റ്റർ ഓഫ് ബിസിനസ് മാനേജ്‌മെന്റും കരസ്ഥമാക്കി.

നിലവിൽ ജമൈക്കയിലെ കിങ്സ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ബ്രാൻഡിങ്–പ്രഫഷനൽ പിആർ ഏജൻസിയായ ‘എലിവേറ്റ് മാർക്കറ്റിങ് ഹൗസി’ന്റെ മാനേജിങ് ഡയറക്ടറാണ് കാസി. കൂടാതെ ഫാഷൻ, ലക്ഷ്വറി ഇവന്റ് മാനേജ്‌മെന്റ് മേഖലകളിലും കാസി സജീവമാണ്. ജമൈക്കയിലെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിലും ജീവകാരുണ്യ രംഗത്തും സജീവമായ കാസി, തങ്ങളുടെ കുടുംബജീവിതത്തിലെ മനോഹര നിമിഷങ്ങൾ ടിക് ടോക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

∙ മക്കൾക്ക് മേൽ കായിക സമ്മർദമില്ല

ലോകത്തിലെ ഏറ്റവും വലിയ കായിക ഐക്കണുകളിൽ ഒരാളായിട്ടും, തന്റെ കായിക പാരമ്പര്യം മക്കളുടെ മേൽ അടിച്ചേൽപ്പിക്കാൻ ബോൾട്ട് ആഗ്രഹിക്കുന്നില്ല. ‘അവൾ ഓടാൻ പോകുമോ എന്ന് എല്ലാവരും ഇപ്പോൾ തന്നെ ചോദിക്കുന്നുണ്ട്. എന്നാൽ ഒളിംപിയയെ ഒരു കായികരംഗത്തേക്കും ഞാൻ നിർബന്ധിക്കില്ല. അവൾക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം, പിന്തുണയമായി ഞാൻ കൂടെയുണ്ടാകും’, എന്ന് ബോൾട്ട് വ്യക്തമാക്കി.

മെഡലുകളും റെക്കോർഡുകളും ‌‌കൊണ്ട് ലോകം കീഴടക്കിയ ഉസൈൻ ബോൾട്ട്, ഇന്ന് സ്നേഹത്തിനും കുടുംബത്തിനുമാണ് മുൻഗണന നൽകുന്നത്. ട്രാക്കിലെ ഫിനിഷിങ് ലൈനുകൾക്കപ്പുറം, മാതൃകാപരമായ ഒരു കുടുംബജീവിതത്തിലേക്ക് ഈ ദമ്പതികൾ ഇനി ഔദ്യോഗികമായി ഒന്നിച്ചു ചുവടു വയ്ക്കുകയാണ്.

English Summary:

Eight-time Olympic golden medallist Usain Bolt gets engaged to Kasi Bennett, How they met

Read Entire Article