Published: August 24, 2026 04:40 PM IST
1 minute Read
കൊളംബോ∙ ഇന്ത്യ– ശ്രീലങ്ക രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം ഗ്രൗണ്ടിൽ പരസ്പരം കൊമ്പുകോർത്ത ഇന്ത്യൻ താരം യശസ്വി ജയ്‌സ്വാളിനും ലങ്കൻ താരം അസിത ഫെർണാണ്ടോയ്ക്കുമെതിരെ നടപടിയെടുത്ത് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ഇരുവർക്കും മാച്ച് ഫീയുടെ 25 ശതമാനം വീതം പിഴ ചുമത്തി. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ലെവൽ 1 ലംഘിച്ചതിന് ജയ്‌സ്വാളിനും ഫെർണാണ്ടോയ്ക്കും ഓരോ ഡീമെറിറ്റ് പോയിന്റും ചുമത്തി.
What you should work next
കഴിഞ്ഞ 24 മാസത്തിനിടെ ഇരുവർക്കുമെതിരെ മറ്റു നടപടികളൊന്നും എടുത്തിട്ടില്ലാത്തതിനാലാണ് ഒരു ഡീമെറിറ്റ് പോയിന്റ് മാത്രം ചുമത്തിയത്. ‘താരങ്ങൾ, സ്റ്റാഫ്, അംപയർ, മാച്ച് റഫറി അല്ലെങ്കിൽ മറ്റ് ഏതെങ്കിലും വ്യക്തിയുമായി അനുചിതമായ ശാരീരിക സമ്പർക്കം പുലർത്തുന്നതുമായി’ ബന്ധപ്പെട്ട ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.12 ഇരു താരങ്ങളും ലംഘിച്ചതായി കണ്ടെത്തിയതായി ഐസിസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിന്റെ 17-ാം ഓവറിൽ ജയ്‌സ്വാളിനെ ഫെർണാണ്ടോ പുറത്താക്കിയതിന് ശേഷമാണ് ഇരുവരും ഗ്രൗണ്ടിൽ ഏറ്റുമുട്ടിയത്. ഫെർണാണ്ടോയ്ക്ക് നേരെ ജയ്‌സ്വാൾ നടന്നുവരുകയും ഇരുവരും പരസ്പരം വാക്കേറ്റത്തിൽ ഏർപ്പെടുകയും ചെയ്തു. തുടർന്ന് ഫെർണാണ്ടോ തന്റെ തല ജയ്‌സ്വാളിന് നേരെ കൊണ്ടുവന്നു. പിന്നാലെ ജയ്‌സ്വാളും മുന്നോട്ട് ആഞ്ഞതോടെ ഇരുവരുടെയും തലകൾ തമ്മിൽ കൂട്ടുമുട്ടി. ഇരു താരങ്ങളുടെ കുറ്റം സമ്മതിക്കുകയും മാച്ച് റഫറിമാരുടെ എമിറേറ്റ്സ് ഐസിസി എലൈറ്റ് പാനൽ നിർദേശിച്ച ശിക്ഷകൾ അംഗീകരിക്കുകയും ചെയ്തതിനാൽ വിഷയത്തിൽ ഔദ്യോഗികമായ മറ്റ് ഹിയറിങ്ങുകൾ ഉണ്ടാവില്ല.
ഓൺ-ഫീൽഡ് അംപയർമാരായ അഹ്സൻ റാസ, ഷർഫുദ്ദൗള ഇബ്നെ ഷാഹിദ്, തേർഡ് അംപയർ റോഡ് ടക്കർ, ഫോർത്ത് അംപയർ പ്രഗീത് രാംബുക്വെല്ല എന്നിവർ ചേർന്നാണ് കുറ്റം ചുമത്തിയത്. ലെവൽ 1 ലംഘനങ്ങൾക്ക് ഔദ്യോഗിക ശാസന എന്ന കുറഞ്ഞ പിഴയും, താരത്തിന്റെ മാച്ച് ഫീയുടെ പരമാവധി 50 ശതമാനം പിഴയും, ഒന്നു അല്ലെങ്കിൽ രണ്ട് ഡീമെറിറ്റ് പോയിന്റുകളുമാണ് ശിക്ഷയായി ലഭിക്കുക.
ഒരു താരത്തിന് 24 മാസത്തിനുള്ളിൽ നാലോ അതിലധികമോ ഡീമെറിറ്റ് പോയിന്റുകളിൽ ലഭിച്ചാൽ, അവ സസ്പെൻഷൻ പോയിന്റുകളായി മാറ്റുകയും താരത്തിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും. രണ്ട് സസ്പെൻഷൻ പോയിന്റുകൾ എന്നത് ഒരു ടെസ്റ്റിൽ നിന്നോ അല്ലെങ്കിൽ രണ്ട് ഏകദിനങ്ങളിൽ നിന്നോ അല്ലെങ്കിൽ രണ്ടു ട്വന്റി20 മത്സരങ്ങളിൽ നിന്നോ ഉള്ള വിലക്കിന് തുല്യമാണ് (ഇതിൽ ഏതാണോ താരത്തിന് ആദ്യം വരുന്നത് അത് ബാധകമാകും). ഡീമെറിറ്റ് പോയിന്റുകൾ ചുമത്തി 24 മാസത്തേക്ക് താരത്തിന്റെ അച്ചടക്ക റെക്കോർഡിൽ നിലനിൽക്കും, അതിനുശേഷം അവ ഒഴിവാക്കും.
English Summary:






English (US) ·