ലോക ടെന്നിസിലെ അതികായൻമാരുടെ കണ്ണീരും കിനാവും കണ്ട ഫ്രഞ്ച് ഓപ്പണിലെ കളിമൺ കോർട്ടുകൾക്ക് ഒരു നൂറ്റാണ്ടിന്റെ ചരിത്രം പറയാനുണ്ട്. എന്നാൽ പല ഐതിഹാസിക മുഹൂർത്തങ്ങൾക്കും വേദിയായ റൊളാങ് ഗാരോസിൽ ഒരിക്കൽ മാത്രമേ ഒരു ഇന്ത്യൻ വനിതാ താരത്തിന്റെ കിരീടച്ചിരി വിരിഞ്ഞിട്ടുള്ളൂ; 2012ൽ മിക്സ്ഡ് ഡബിൾസിൽ കിരീടം നേടിയ സാനിയ മിർസയിലൂടെ. റൊളാങ് ഗാരോസ് വീണ്ടുമൊരു ഗ്രാൻസ്‌ലാം പോരാട്ടത്തിനു തയാറെടുക്കുമ്പോൾ, ടൂർണമെന്റിലെ പ്രതീക്ഷകളും പ്രവചനങ്ങളും പങ്കുവയ്ക്കുകയാണ് മുൻ ചാംപ്യൻ. സാനിയയുമായി നടത്തിയ ഓൺലൈൻ അഭിമുഖത്തിൽനിന്ന്...
അൽകാരസ് ഈ ടൂർണമെന്റിന്റെ നഷ്ടംഒരുവശത്ത് അൽകാരസും മറുഭാഗത്ത് സിന്നറും മുന്നേറുന്ന കാഴ്ച. ഒപ്പം ഏതുനിമിഷവും എന്തും ചെയ്യാൻ കെൽപുള്ള ഇതിഹാസം നൊവാക് ജോക്കോവിച്ചും. സിന്നറും അൽകാരസും തമ്മിലുള്ളതാണ് ഇപ്പോൾ ടെന്നിസിലെ ഏറ്റവും വലിയ പോരാട്ടം. ഒരുകാലത്ത് അത് റോജർ ഫെഡററും റാഫേൽ നദാലും തമ്മിലായിരുന്നു. പിന്നീടാണ് ജോക്കോ അതിലേക്കു വരുന്നത്. പിന്നാലെ ആൻഡി മറെയും എത്തി. അൽകാരസിന്റെ അഭാവം ടൂർണമെന്റിനെ വലിയ രീതിയിൽ ബാധിക്കും.
പുതിയ ചാംപ്യൻമാർ ഉണ്ടാകുമോ?പുരുഷന്മാരിൽ യാനിക് സിന്നർ ജേതാവാകുമെന്നാണു കരുതുന്നത്. അവിശ്വസനീയ ഫോമിലാണ് അദ്ദേഹം. അൽകാരസ് ഇല്ലാത്തതിനാൽ സിന്നറിന് തന്നെയാണ് സാധ്യത. എന്നാൽ വനിതകളിൽ പ്രവചനം എളുപ്പമല്ല. എലിന സ്വിറ്റോലിന, ഇഗ സ്യാംതെക്, അരീന സബലേങ്ക, മിറ ആൻഡ്രീവ തുടങ്ങി എല്ലാവരും മികച്ച ഫോമിലാണ്. എങ്കിലും ആൻഡ്രീവയ്ക്കാണ് കൂടുതൽ സാധ്യത കാണുന്നത്.
ജോക്കോവിച്ചിന്റെ പ്രതീക്ഷകൾകായികശാസ്ത്രത്തെയും പ്രകൃതിയെയും പ്രവചനങ്ങളെയും തെറ്റിച്ച ചരിത്രമാണു ജോക്കോവിച്ചിനുള്ളത്. പരുക്കില്ലെങ്കിൽ അദ്ദേഹം മറ്റുള്ളവരോട് എളുപ്പത്തിൽ പരാജയപ്പെടില്ല. കഴിഞ്ഞ പ്രധാന ടൂർണമെന്റുകളിലെല്ലാം അദ്ദേഹത്തിന് അടിതെറ്റിയത് സിന്നറിനും അൽകാരസിനും മുന്നിൽ മാത്രമാണ്. ഈ പ്രായത്തിലും യുവതാരങ്ങൾക്കു വെല്ലുവിളി ഉയർത്താൻ ജോക്കോവിച്ചിനു സാധിക്കുന്നു എന്നത് അതിശയകരമാണ്.
ഇന്ത്യൻ ടെന്നിസ് സിസ്റ്റത്തിലെ പാളിച്ചകൾഈ സിസ്റ്റം മാറിയാൽ ഇന്ത്യയിൽനിന്ന് കുറഞ്ഞത് 5 പേരെങ്കിലും ഗ്രാൻസ്‌ലാം കളിക്കുമെന്നൊന്നും പറയാൻ ഞാനില്ല. സിസ്റ്റത്തിൽ മാറ്റം വരണമെന്ന കാര്യത്തിൽ തർക്കമില്ല. സിസ്റ്റം എന്നു ഞാൻ ഉദ്ദേശിക്കുന്നതു ചുറ്റുമുള്ള പരിശീലന സംവിധാനങ്ങളെയാണ്. ദേശീയ ട്രെയ്നിങ് സെന്റർ തുടങ്ങണം. നമുക്ക് ഒരു സെന്ററുണ്ടായിരുന്നു. എന്നാൽ ഗുണനിലവാരം ഉണ്ടായിരുന്നോ എന്നറിയില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യൻ വനിതാ ടെന്നിസിന്റെ അവസ്ഥ മുൻപത്തേക്കാൾ മോശമാണ്. പുതിയ താരങ്ങൾ വരുമ്പോഴും ഗ്രാൻസ്‌ലാം നിലവാരത്തിലേക്ക് അവർക്ക് ഉയരാൻ സാധിക്കുന്നില്ല. പുതിയൊരു ബാച്ചിനെ വളർത്തിയെടുക്കാൻ ഞാൻ വ്യക്തിപരമായി ശ്രമിക്കുന്നുമുണ്ട്. മാറ്റം ഉണ്ടാകുമെന്നാണു പ്രതീക്ഷ.
English Summary:







English (US) ·