വനിതാ ഡബിള്‍സിൽ സെമി ഫൈനലിൽ കടന്ന് ട്രീസ– ഗായത്രി സഖ്യം, മെഡൽ ഉറപ്പിച്ചു

4 weeks ago 4

ആൽബിൻ രാജ്

ആൽബിൻ രാജ്

Published: August 22, 2026 02:45 PM IST

2 minute Read

 ജോസ്‌കുട്ടി പനയ്ക്കൽ/ മനോരമ
മത്സരശേഷം പരിശീലകൻ പി.ഗോപിചന്ദിനൊപ്പം ആഹ്ലാദം പങ്കിടുന്ന ട്രീസ ജോളി. ച ിത്രം: ജോസ്‌കുട്ടി പനയ്ക്കൽ/ മനോരമ

ന്യൂഡൽഹി ∙ ബാഡ്‌മിന്റൻ ലോക ചാംപ്യൻഷിപ്പിൽ ചരിത്രമെഴുതി ഇന്ത്യയുടെ ട്രീസ ജോളി – ഗായത്രി ഗോപിചന്ദ് സഖ്യം. ഡൽഹി ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വനിതാ ഡബിൾസ് ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ജിയ യി ഫാൻ – ഷാങ് ഷു ഷിയാൻ സഖ്യത്തെ അട്ടിമറിച്ച ഇന്ത്യൻ ജോടി സെമി ഫൈനലിൽ കടന്നു. വിജയത്തോടെ ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ഇരുവരും മെഡലുറപ്പിച്ചു. ഇതോടെ ബാഡ്മിന്റൻ ലോക ചാംപ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതാ താരമായി ട്രീസ ജോളി. 2023 ലോക ചാംപ്യൻഷിപ്പിന്റെ പുരുഷ സിംഗിൾസിൽ മലയാളിയായ എച്ച്.എസ്.പ്രണോയ് വെങ്കലം നേടിയിരുന്നു.

ഈ ചാംപ്യൻഷിപ്പിൽ മെ‍ഡൽ പ്രതീക്ഷകളായിരുന്ന പി.വി.സിന്ധു, ആയുഷ് ഷെട്ടി എന്നിവർ പ്രീ ക്വാർട്ടറിലും സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യം ഇന്നലെ നടന്ന ക്വാർട്ടറിലും പുറത്തായെങ്കിലും വനിതാ ഡബിൾസിലെ മിന്നും ജയത്തോടെ, 2011 മുതൽ ലോക ചാംപ്യൻഷിപ്പിൽ ഒരു മെഡലെങ്കിലും നേടുക എന്ന ഇന്ത്യയുടെ നേട്ടം കാത്തുസൂക്ഷിക്കാനും ട്രീസ–ഗായത്രി സഖ്യത്തിനായി.

മുൻപ് മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും പരാജയപ്പെട്ട ചൈനീസ് സഖ്യത്തിനെതിരെയാണ് നിർണായക മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ വിജയം പിടിച്ചെടുത്തത്. സ്കോർ: 16-21, 21-15, 21-13. തുടക്കത്തിൽ പതറിയ ട്രീസ–ഗായത്രി സഖ്യത്തിൽ നിന്ന് ചൈനീസ് ജോടി 16-21ന് ആദ്യ ഗെയിം പിടിച്ചെടുത്തു. രണ്ടാം ഗെയിമിലും ചൈനീസ് സഖ്യം 10-7ന് ലീഡ് ചെയ്തെങ്കിലും ശക്തമായി തിരിച്ചടിച്ച ഇന്ത്യൻ സഖ്യം 21-15ന് ഗെയിം സ്വന്തമാക്കി.

നിർണായകമായ മൂന്നാം ഗെയിമിൽ പൂർണമായും ആക്രമണ ശൈലിയിലേക്ക് മാറിയ ഇന്ത്യൻ ജോടി തുടർച്ചയായി 8 പോയിന്റുകൾ നേടി 9-4 ന് മുന്നിലെത്തി. പിന്നീട് ചൈനീസ് താരങ്ങൾക്ക് തിരിച്ചുവരവിന് ഒരവസരം പോലും നൽകാതെ 21-13ന് ചരിത്രവിജയം നേടി.

ഇന്നു നടക്കുന്ന സെമിയിൽ വനിതാ ഡബിൾസിൽ ലോക ഒന്നാം നമ്പർ താരങ്ങളായ ലിയു ഷെങ്ഷു-ടാൻ നിങ് (ചൈന) ജോടിയാണ് ട്രീസ – ഗായത്രി സഖ്യത്തിന്റെ എതിരാളികൾ. മറ്റൊരു സെമിയിൽ ദക്ഷിണ കൊറിയയുടെ ബേയ്ക്ക് ഹാ നാ - ലീ സോ ഹീ സഖ്യവും ചൈനയുടെ ലി യിജിങ് - ലു സുമിൻ ജോടിയും ഏറ്റുമുട്ടും.

ഇന്നലെ നടന്ന പുരുഷ ഡബിൾസ് ക്വാർട്ടർ പോരാട്ടത്തിൽ ചൈനയുടെ ലോക ഒന്നാം നമ്പർ സഖ്യമായ ലിയാങ് വീ കെങ് - വാങ് ചാങ് ജോടിയോട് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടാണ് സാത്വിക് - ചിരാഗ് സഖ്യം പുറത്തായത്. സ്കോർ: 21-18, 21-9.

മെഡൽ തിളക്കത്തിൽ ട്രീസ

ഏപ്രിലിൽ ഏഷ്യൻ ചാംപ്യൻഷിപ്പിന് തൊട്ടുമുൻപുണ്ടായ പരുക്കിനെ തുടർന്ന് മൂന്ന് മാസത്തോളമാണ് ട്രീസയ്ക്ക് കോർട്ടിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നത്. ഈ ലോക ചാംപ്യൻഷിപ്പിന് മുൻപ് ഫിലിപ്പീൻസ് ഇന്റർനാഷനൽ ചാലഞ്ചിലെ കിരീടനേട്ടം മാത്രമായിരുന്നു ഇരുവർക്കും ആശ്വാസമായി ഉണ്ടായിരുന്നത്. മികച്ച ഫോമിലായിരുന്നില്ലെങ്കിലും ഡൽഹിയിൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇരുവരും പുറത്തെടുത്തത്.

‘ഏഷ്യൻ ചാംപ്യൻഷിപ്പിന് മൂന്ന് ദിവസം മുൻപാണ് എനിക്ക് പരുക്കേൽക്കുന്നത്. മാനസികമായി വലിയ വിഷമത്തിലായിരുന്ന എന്നെ വേഗത്തിൽ തിരിച്ചുവരാൻ സഹായിച്ചത് കുടുംബവും ടീം അംഗങ്ങളുമാണ്. എനിക്കായി ഗായത്രിയും കാത്തിരുന്നു. വലിയ പിന്തുണയാണ് ഇന്നലെ ഗാലറിയിൽ നിന്നും ലഭിച്ചത്’– ട്രീസ ജോളി പറഞ്ഞു.

English Summary:

Tresa Jolly and Gayatri Gopichand person made past astatine the Badminton World Championships, securing a medal and advancing to the semi-finals. This singular triumph makes Tresa Jolly the archetypal Malayali pistillate to triumph a medal astatine the World Badminton Championships, continuing India's medal streak since 2011.

Read Entire Article