Published: September 14, 2026 11:50 AM IST
1 minute Read
ന്യൂഡൽഹി ∙ ഒരു രാജ്യാന്തര കായിക മത്സരത്തിൽ ആദ്യമായി ‘വന്ദേമാതരം’ ആലപിച്ചതിനു പിന്നാലെ രാഷ്ട്രീയ വിവാദം. ഞായറാഴ്ച നടന്ന ഇന്ത്യ– അഫ്ഗാനിസ്ഥാൻ ഒന്നാം ട്വന്റി20 മത്സരത്തിന് മുന്നോടിയായാണ് ഡൽഹി അരുൺ ജയ്റ്റ്‍ലി സ്റ്റേഡിയത്തിൽ ദേശീയഗീതമായ ‘വന്ദേമാതരം’ ആലപിച്ചത്. ഇതിനു പിന്നാലെ ദേശീയഗാനമായ ‘ജനഗണമന’യും ആലപിച്ചു. വന്ദേമാതരത്തിന്റെ ആറു ചരണങ്ങളും സ്റ്റേഡിയത്തിൽ പ്ലേ ചെയ്തു. ഇനിമുതൽ ഓരോ ആഭ്യന്തര പരമ്പരയിലെയും ആദ്യ മത്സരത്തിന് മുന്നോടിയായി വന്ദേമാതരം ആലപിക്കുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
What you should work next
എന്നാൽ, വന്ദേമാതരത്തിന്റെ ആറു ചരണങ്ങളും ആലപിക്കുന്നത് എതിർക്കുന്ന കോൺഗ്രസ്, ഈ നടപടിയെ ചോദ്യം ചെയ്തു. കോൺഗ്രസ് നേതാവ് ഉദിത് രാജ് ഇതിന്റെ യുക്തിയെ ചോദ്യം ചെയ്തു. ‘‘യാതൊരു കാരണവുമില്ലാതെ ഇക്കാര്യം കൊണ്ട് എന്താണ് നേട്ടം? ഇത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമോ? ഇത് ഇന്ത്യൻ ടീമിനെ കൂടുതൽ ശക്തമാക്കുമോ? അതോ നമ്മൾ വളരെ പിന്നിലായ ശാസ്ത്ര-സാങ്കേതിക മേഖലകളിൽ മുന്നേറാൻ ഇത് സഹായിക്കുമോ? നമ്മുടെ കയറ്റുമതി ഇടിയുകയാണ്, രാജ്യത്തിന്റെ കടബാധ്യത ക്രമാതീതമായി വർധിക്കുന്നു. ജെൻസീയുടെ പ്രശ്നങ്ങളുടെ കാര്യമോ? ഗുരുതരമായ പ്രശ്നങ്ങളാണ് അവർ നേരിടുന്നത്. ഇതുകൊണ്ട് അതിനെല്ലാം പരിഹാരമാകുമോ? അവർ ഒരു തരം ആഖ്യാനം സൃഷ്ടിക്കാൻ മാത്രമാണ് ശ്രമിക്കുന്നത്.’’ ഉദിത് രാജ് പറഞ്ഞു.
1937ലെ കോൺഗ്രസ് പ്രമേയം മുൻനിർത്തി, പാർട്ടി പരിപാടികളിൽ ദേശീയ ഗീതത്തിന്റെ ആദ്യ രണ്ടു ചരണങ്ങൾ മാത്രം നിലനിർത്താൻ അടുത്തിടെ ചേർന്ന വർക്കിങ് കമ്മിറ്റി യോഗത്തിൽ കോൺഗ്രസ് പ്രമേയം പാസാക്കിയിരുന്നു. 1937ലാണ് കോൺഗ്രസ് വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ ദേശീയ ഗീതമായി തിരഞ്ഞെടുത്തത്, പിന്നീട് 1950 മുതൽ ഇന്ത്യയുടെ ഭരണഘടനാ നിർമാണ സഭ ഇതിനെ ‘ദേശീയ ഗീതമായി’ അംഗീകരിക്കുകയായിരുന്നു. ദേശീയ ഗീതത്തിന്റെ 150-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 6ന് ആഭ്യന്തര മന്ത്രാലയം വന്ദേമാതരം ആലപിക്കുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
ഈ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ഔദ്യോഗിക ആലാപനത്തിന്റെ ദൈർഘ്യം 3 മിനിറ്റും 10 സെക്കൻഡുമായി നിജപ്പെടുത്തുകയും, ഗീതം ആലപിക്കുമ്പോൾ സ്റ്റേഡിയത്തിലുള്ള എല്ലാവരും ആദരവോടെ എഴുന്നേറ്റു നിൽക്കണമെന്ന് നിർദേശിക്കുകയും ചെയ്യുന്നുണ്ട്. രാഷ്ട്രപതിയോ ഗവർണർമാരോ പങ്കെടുക്കുന്ന ഔദ്യോഗിക സർക്കാർ ചടങ്ങുകൾ, റേഡിയോയിലും ടെലിവിഷനിലും സംപ്രേഷണം ചെയ്യുന്ന രാഷ്ട്രപതിയുടെ പ്രസംഗത്തിന് മുൻപും ശേഷവും, പരേഡിൽ ദേശീയ പതാക കൊണ്ടുവരുമ്പോൾ, കൂടാതെ സമാനമായ മറ്റ് സന്ദർഭങ്ങളിലും ആറു ചരണങ്ങളുമുള്ള സമ്പൂർണ വന്ദേമാതരം ആലപിക്കാമെന്നും ഇതിൽ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ കായിക മത്സങ്ങളിൽ ആലപിക്കുന്നത് സംബന്ധിച്ച് ഇതിൽ നിർദേശങ്ങളുണ്ടായിരുന്നില്ല.
English Summary:






English (US) ·