അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തായി ചെന്നൈ സൂപ്പർ കിങ്സ്. നിർണായക മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് വൻ തോല്‍വി വഴങ്ങിയതോടെയാണ് പ്ലേ ഓഫിലെത്താനുള്ള ചെന്നൈയുടെ അവസാന സാധ്യതയും അടഞ്ഞത്. സീസണിലെ അവസാന മത്സരത്തിൽ 89 റൺസ് വിജയമാണ് ചെന്നൈയ്ക്കെതിരെ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 229 റൺസെടുത്തപ്പോൾ മറുപടിയിൽ ചെന്നൈ 13.4 ഓവറിൽ 140 റൺസടിച്ചു പുറത്തായി.
സീസണിലെ എട്ടാം തോൽവി വഴങ്ങിയ ചെന്നൈ 12 പോയിന്റുമായി ഏഴാം സ്ഥാനത്തേക്കു വീണു. ഒൻപതാം വിജയം നേടിയ ഗുജറാത്ത് 18 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഗുജറാത്ത് നേരത്തേ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. മറുപടി ബാറ്റിങ്ങിൽ 17 പന്തിൽ 47 റൺസെടുത്ത മധ്യനിര താരം ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്കോറർ. മാത്യു ഷോർട്ട് (14 പന്തിൽ 24), അൻഷൂൽ കാംബോജ് (എട്ട് പന്തിൽ 19), കാർത്തിക്ക് ശർമ (15 പന്തിൽ 19) എന്നിവരാണ് കുറച്ചെങ്കിലും പിടിച്ചുനിന്നത്.
ചെന്നൈയുടെ മറുപടി ബാറ്റിങ്ങിൽ ആദ്യ പന്തിൽ തന്നെ സഞ്ജു സാംസണെ ഗോള്‍ഡൻ ഡക്കാക്കി മുഹമ്മദ് സിറാജ് ഗുജറാത്തിന് ഗംഭീര തുടക്കമാണു നൽകിയത്. പവർപ്ലേ തീരുംമുൻപേ ചെന്നൈയ്ക്ക് നാലു മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ടിരുന്നു. ശിവം ദുബെയുടെ ചെറുത്തു നിൽപാണ് സ്കോർ 100 കടത്തിയത്. ദുബെ പുറത്തായതോടെ കാര്യമായ പോരാട്ടങ്ങളില്ലാതെ ചെന്നൈ കീഴടങ്ങി. ഗുജറാത്തിനായി മുഹമ്മദ് സിറാജ്, കഗിസോ റബാദ, റാഷിദ് ഖാൻ എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 229 റൺസടിച്ചു. ഗുജറാത്തിനായി സായ് സുദർശൻ (53 പന്തിൽ 84), ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (37 പന്തിൽ 64), ജോസ് ബട്‍ലർ (27 പന്തിൽ 57) എന്നിവർ അർധ സെഞ്ചറികൾ നേടി. പതിവുപോലെ മികച്ച തുടക്കമാണ് ഓപ്പണർമാരായ ക്യാപ്്റ്റൻ ശുഭ്മൻ ഗില്ലും സായ് സുദർശനും ചേർന്നു ഗുജറാത്തിനു നല്‍കിയത്. ഇരുവരും ചേർന്ന് 125 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. പവർപ്ലേയിൽ 62 റൺസെടുത്ത ഗുജറാത്ത് 9.1 ഓവറിലാണ് 100 പിന്നിട്ടത്. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ബോളിങ് നിരയ്ക്കു യാതൊരു ചലനവും ഉണ്ടാക്കാൻ സാധിച്ചില്ല.
അർധ സെഞ്ചറി നേടിയ ഗില്ലിനെ സ്പെൻസർ ജോൺസണിന്റെ പന്തിൽ ശിവം ദുബെ ക്യാച്ചെടുത്താണു പുറത്താക്കുന്നത്. എന്നാൽ പിന്നാലെയെത്തിയ ജോസ് ബട്‌ലറും തകർത്തടിച്ചതോടെ ഗുജറാത്ത് അനായാസം 200 കടന്നു. സ്കോർ 207ൽ നിൽക്കെ സായ് സുദർശനെ അൻഷൂൽ കാംബോജ് മാത്യു ഷോർട്ടിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തിൽ രാഹുൽ തെവാത്തിയയെ ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് റൺഔട്ടാക്കി. ഇന്നിങ്സിന്റെ അവസാന പന്തിൽ വാഷിങ്ടൻ സുന്ദറിനെ (ഏഴ്) മുകേഷ് ചൗധരി മടക്കി.
English Summary:







English (US) ·