Published: March 13, 2026 07:04 PM IST
1 minute Read
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിൽ തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിൽ നിർമ്മിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് 16-ന് വൈകിട്ട് ആറുമണിക്ക് നിർവഹിക്കും. പത്തേക്കർ ഭൂമിയിൽ 45 കോടി രൂപ ചെലവഴിച്ച് നിർമിച്ച ഈ സ്റ്റേഡിയത്തിൽ രാജ്യാന്തര നിലവാരമുള്ള ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയൻ സമുച്ചയം, അത്യാധുനിക ഫ്ലഡ്‌ലൈറ്റ് സംവിധാനം എന്നിവയുൾപ്പെടെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇത്തരം സൗകര്യങ്ങളുള്ള കേരളത്തിലെ ആദ്യത്തെ ക്രിക്കറ്റ് സ്റ്റേഡിയമാണിത്.
രാത്രികാല മത്സരങ്ങൾക്കായി സജ്ജീകരിച്ചിട്ടുള്ള അത്യാധുനിക എൽഇഡി ഫ്ലഡ്‌ലൈറ്റ് സംവിധാനത്തിന്റെ സ്വിച്ച് ഓൺ കർമം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും. രാജ്യത്തെ പ്രമുഖ സ്റ്റേഡിയങ്ങളിൽ ഫ്ലഡ്‌ലൈറ്റ് ഒരുക്കിയിട്ടുള്ള സിഗ്നിഫൈ (ഫിലിപ്സ്) ആണ് നിർമാണ കമ്പനി. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെർക്കുറി ഇലക്ട്രിക്കൽ കോർപറേഷൻ ആണ് ഫ്ലഡ് ലൈറ്റ് കോൺട്രാക്ടർ. ബിസിസിഐയുടെ ലൈറ്റിങ് കൺസൾട്ടന്റായ ലൈറ്റിങ് എൻവിറോൺമെന്റ് ഡിസൈൻസിന്റെ മേൽനോട്ടത്തിലാണ് ഫ്ലഡ്‌ലൈറ്റ് സംവിധാനം പൂർത്തിയാക്കിയത്. പ്രമുഖ ആർക്കിടെക്ട് ഷിബു അബൂസലിയാണ് സ്റ്റേഡിയം ഡിസൈൻ ചെയ്തിരിക്കുന്നത്.
രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി ആരംഭിക്കുന്ന കെസിഎ സ്റ്റേറ്റ് അക്കാദമിയുടെ നിർമാണോദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. മഴയത്തും രാത്രിയിലും തടസ്സമില്ലാതെ പരിശീലനം നടത്താൻ കഴിയുന്ന ഇൻഡോർ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിന്റെ നിർമണോദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. കേരളത്തിലെ എല്ലാ ജില്ലകളിലും മംഗലപുരം മാതൃകയിൽ സ്റ്റേഡിയങ്ങൾ നിർമ്മിക്കുമെന്ന് കെസിഎ പ്രസിഡന്റ് ശ്രീജിത്ത് വി. നായർ പറഞ്ഞു. കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും അവർക്ക് ലോകോത്തര നിലവാരത്തിലുള്ള ശാസ്ത്രീയ പരിശീലനം ഉറപ്പാക്കുന്നതിനും പുതിയ ഗ്രൗണ്ടും അക്കാദമിയും ഇൻഡോർ സൗകര്യങ്ങളും വലിയ പങ്കുവഹിക്കുമെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ വ്യക്തമാക്കി.
English Summary:







English (US) ·