Published: March 27, 2026 06:16 PM IST Updated: March 27, 2026 09:26 PM IST
1 minute Read
മുംബൈ∙ ട്വന്റി20 ലോകകപ്പിൽ ടീം ഇന്ത്യയുടെ ഐതിഹാസിക വിജയത്തിനു പിന്നാലെ വാങ്കഡെ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകൾക്ക് നൽകിയ വാഗ്ദാനം പാലിച്ച് ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ന്യൂസീലൻഡിനെതിരായ ഫൈനലിൽ ആവേശകരമായ വിജയം നേടിയാണ് ഇന്ത്യ കിരീടം ചൂടിയത്. ടൂർണമെന്റിലുടനീളം ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം പുറത്തെടുത്ത ഹാർദിക്, രണ്ടു മത്സരങ്ങളിൽ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരവും സ്വന്തമാക്കിയിരുന്നു.
ആഭ്യന്തര റെഡ് ബോൾ സീസണിൽ, മാച്ച് ഫിറ്റ്‌നസ് നിലനിർത്തുന്നതിനായി ഹാർദിക് പതിവായി വാങ്കഡെ സ്റ്റേഡിയത്തിൽ പരിശീലനം നടത്തിയിരുന്നു. പരുക്കിൽനിന്നു മുക്തനായി തിരിച്ചുവന്നതായതിനാൽ, മികച്ച ഫിറ്റ്‌നസ് നിലനിർത്തുക എന്നത് അദ്ദേഹത്തിന് നിർണായകമായിരുന്നു, അതിനായി ഹാർദിക് കഠിനപരിശ്രമം തന്നെ നടത്തി. ഈ ഘട്ടത്തിലുടനീളം പരിശീലനത്തിന് ആവശ്യമായ സൗകര്യങ്ങളും സാഹചര്യങ്ങളും സജ്ജമാണെന്ന് ഉറപ്പാക്കി ഗ്രൗണ്ട് സ്റ്റാഫും ഒപ്പം നിന്നു. അവരുടെ നിരന്തരമായ പിന്തുണ ട്വന്റി20 ലോകകപ്പിന് ഫലപ്രദമായി തയാറെടുക്കാൻ അദ്ദേഹത്തെ സഹായിച്ചു, ഒടുവിൽ ഇന്ത്യ കിരീടം ചൂടുകയും ചെയ്തു.
ഗ്രൗണ്ട് സ്റ്റാഫ് നൽകിയ പിന്തുണയ്ക്ക് പകരമായി താൻ അവർക്ക് സമ്മാനങ്ങൾ നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകിയിരുന്നു. വ്യാഴാഴ്ച, അവർക്ക് സാമ്പത്തിക സഹായവും മറ്റ് സമ്മാനങ്ങളും നൽകി താരം ആ വാഗ്ദാനം നിറവേറ്റി. പതിനായിരം രൂപയുടെ ചെക്കാണ് ഓരോ ജീവനക്കാർക്കും ഹാർദിക് നൽകിയത്. ഒപ്പം മറ്റു സമ്മാനങ്ങളും നൽകി. നേരത്തെ, പത്തു ലക്ഷം രൂപ വീതമാണ് ഹാർദിക് നൽകിയതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതു തെറ്റാണെന്നും പതിനായിരം രൂപയുടെ ചെക്കാണ് ഹാർദിക് നൽകിയതെന്നും മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടി.
ലോകകപ്പ് വിജയത്തിന് പിന്നാലെ തന്‍റെ പങ്കാളി മഹികാ ശർമയ്ക്ക് 10 കോടി രൂപയോളം വിലമതിക്കുന്ന ആഡംബര സൂപ്പർകാർ ഹാർദിക് സമ്മാനിച്ചിരുന്നു. ലോകകപ്പിന് മുൻപ് ആദ്യഭാര്യ നടാഷ സ്റ്റാന്‍കോവിച്ചിനും മകനും ഹാര്‍ദിക് ആഡംബര കാര്‍ സമ്മാനമായി നല്‍കിയിരുന്നു. ഐപിഎലിൽ മുംബൈ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായ ഹാർദിക്, ആദ്യ മത്സരത്തിനുള്ള തയാറെടുപ്പിലാണ്. 29നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരം.
English Summary:








English (US) ·