വാങ്കഡെയല്ല മോദി സ്റ്റേഡിയം, ബൗണ്ടറിക്ക് നീളം കൂടും, ഫൈനലിൽ നെഞ്ചിടിപ്പ്; ഗ്രൗണ്ട് ‘പഠിച്ചവർ’ ഇന്ത്യയിലുണ്ട്!

2 weeks ago 4

അജയ് ബെൻ

അജയ് ബെൻ

Published: March 07, 2026 09:27 AM IST Updated: March 07, 2026 09:47 AM IST

1 minute Read

തിലക് വർമ,സഞ്ജു സാംസൺ, സൂര്യകുമാർ യാദവ് എന്നിവർ അഹമ്മദാബാദ് വിമാനത്താവളത്തിൽ
തിലക് വർമ,സഞ്ജു സാംസൺ, സൂര്യകുമാർ യാദവ് എന്നിവർ അഹമ്മദാബാദ് വിമാനത്താവളത്തിൽ

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസും മുംബൈയിലെ വാങ്ക‍ഡെയും ഇന്ത്യൻ ക്രിക്കറ്റിനു നെഞ്ചിലെ തുടിപ്പാണെങ്കിൽ അഹമ്മദാബാദിലെത്തുമ്പോൾ അതൊരു നെഞ്ചിടിപ്പാണ്! ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽ നാളെ ന്യൂസീലൻഡിനെ നേരിടുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വേദനാജനകമായ തോൽവികളിലൊന്നാകും ആരാധകരുടെ ഓർമകളിലെത്തുക. ടൂർണമെന്റിൽ അജയ്യരായി മുന്നേറിയിട്ടും 2023 ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റത് ഈ വേദിയിലാണ്. 

ഐസിസി ടൂർണമെന്റുകളിൽ കഴിഞ്ഞ 32 മത്സരങ്ങൾക്കിടെ ഇന്ത്യ ആകെ നേരിട്ട 2 തോൽവികളും ഇവിടെയായിരുന്നു. അതിൽ രണ്ടാമത്തേത് ഈ ലോകകപ്പിന്റെ സൂപ്പർ 8ൽ ദക്ഷിണാഫ്രിക്കയോടായിരുന്നു. ഭാഗ്യക്കേടിന്റെ ചീത്തപ്പേരുകൾ മറന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ വിജയക്കോട്ടയായി മാറാനുള്ള സുവർണാവസരമാണ് നരേന്ദ്ര മോദി സ്റ്റേഡിയത്തിനു നാളത്തെ ഫൈനൽ. ന്യൂസീലൻഡ് ടീം ഇന്നലെ അഹമ്മദാബാദിൽ പരിശീലനം നടത്തി.  ഇന്നു 2 ടീമുകളും പരിശീലനത്തിന് ഇറങ്ങും. 

വേദിയുണർന്നു.

ഒരു മാസം നീണ്ടുനിന്ന ട്വന്റി20 ലോകകപ്പ് ആവേശം ക്ലൈമാക്സിനായി അഹമ്മദാബാദ് മൊട്ടേരയിലെ സബർമതി നദീതീരത്തുവന്നു നിൽക്കുമ്പോൾ സ്റ്റേഡിയത്തിന്റെ മണ്ണും മനസ്സും അളന്നുകുറിച്ച് പഠിക്കുന്ന തിരക്കിലാണ് ഇരു ടീമുകളും. ഈ ലോകകപ്പിലെ 6 മത്സരങ്ങളടക്കം ഇതുവരെ 14 രാജ്യാന്തര ട്വന്റി20 മത്സരങ്ങൾക്കാണ് അഹമ്മദാബാദ് വേദിയൊരുക്കിയത്. ഇതിൽ 8 തവണ ആദ്യം ബാറ്റു ചെയ്ത ടീം വിജയിച്ചു. ട്വന്റി20 ലോകകപ്പിലെ മത്സരങ്ങളിലും ആദ്യം ബാറ്റു ചെയ്തവർക്കായിരുന്നു മുൻതൂക്കം. 174 റൺസാണ് ശരാശരി ഒന്നാം ഇന്നിങ്സ് സ്കോർ.

ആകെ കളിച്ച 10 മത്സരങ്ങളിൽ ഏഴിലും വിജയിച്ച ഇന്ത്യയ്ക്കു ട്വന്റി20യിൽ ഇവിടെ മികച്ച റെക്കോർഡാണ്. എന്നാൽ, അഹമ്മദാബാദിൽ ഇതുവരെ ഒരു ട്വന്റി20 മത്സരം പോലും ജയിക്കാനായിട്ടില്ലെന്ന വെല്ലുവിളി ന്യൂസീലൻഡിനെ വേട്ടയാടുന്നുണ്ട്. ഈ ലോകകപ്പിൽ ഇവി‌ടെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 76 റൺസിന്റെ തോൽവിയേറ്റുവാങ്ങിയ ഇന്ത്യയും 7 വിക്കറ്റിനു കീഴടങ്ങിയ ന്യൂസീലൻഡും നിരാശയിൽ തുല്യരാണ്.

വാങ്കഡെയല്ല ഇത്! 

34 സിക്സുകളടക്കം 73 ബൗണ്ടറികൾ പിറന്ന വാങ്കഡെയിലെ വെടിക്കെട്ടിനുശേഷം അഹമ്മദാബാദിലെ വലിയ മൈതാനത്തേക്കെത്തുമ്പോൾ പന്ത് ബൗണ്ടറി കടത്താൻ ബാറ്റർമാർ‌ നന്നായി അധ്വാനിക്കേണ്ടിവരും. സെമിയിൽ ആകാശത്തുയർന്ന് ഗാലറിയിൽ പതിച്ച പല പന്തുകളും ഇവിടെ ഡീപ് മിഡ്‌വിക്കറ്റിൽ ഫീൽഡറുടെ കൈകളിലൊതുങ്ങും. വാങ്കഡെയിൽ ബൗണ്ടറിയിലേക്കുള്ള കൂടിയ ദൂരം 75 മീറ്ററാണെങ്കിൽ അഹമ്മദാബാദിൽ അത് 82 മീറ്ററാണ്. 

ബുമ്രയുടെ മണ്ണ്

അഹമ്മദാബാദിലെ ഫൈനലിൽ ഈ നാട്ടുകാരൻ കൂടിയായ ജസ്പ്രീത് ബുമ്രയിലാണ് ഇന്ത്യയുടെ വലിയ പ്രതീക്ഷ. ഇവിടെ 3 രാജ്യാന്തര ട്വന്റി20കളിൽ നിന്നായി 6 വിക്കറ്റ് നേടിയ ബുമ്രയുടെ ഇക്കോണമി 5ൽ താഴെയാണ്. 3 മത്സരങ്ങളിൽ 8 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ വരുൺ ചക്രവർത്തിക്കും ഇതു ഭാഗ്യവേദിയാണ്. നാട്ടുകാരനായ അക്ഷർ പട്ടേലും ഐപിഎലിൽ ഗുജറാത്ത് ടീമിന്റെ ക്യാപ്റ്റനായിരുന്ന ഹാർദിക് പാണ്ഡ്യയും ഈ സ്റ്റേഡിയത്തിലെ സാഹചര്യങ്ങളെ നന്നായി ‘പഠിച്ച്’ മനസ്സിലാക്കിയവരാണ്.

English Summary:

The T20 World Cup last astatine the Narendra Modi Stadium successful Ahmedabad brings backmost memories of India's achy losses, peculiarly the 2023 ODI World Cup last decision to Australia astatine the aforesaid venue. This lucifer presents a aureate accidental for Indian cricket to alteration the Narendra Modi Stadium from a spot of perceived atrocious luck into a fortress of victory.

Read Entire Article