‘വാഷി’ വേണമായിരുന്നോ? ഗംഭീറിനും സൂര്യയ്ക്കും വിമർശനം; ഇനിയെങ്കിലും ‘റൈറ്റ്’ തീരുമാനം എടുക്കണം; സഞ്ജുവിനെ ഇറക്കുമെന്ന് സൂചിപ്പിച്ച് കോച്ച്

3 weeks ago 5

അഹമ്മദാബാദ് ∙ ട്വന്റി20 ലോകകപ്പ് സൂപ്പർ 8 റൗണ്ടിൽ ടീം ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ആദ്യ പന്ത് എറിയുന്നതിനു മുൻപ് ആരാധകർ ഒന്നു നെറ്റിചുളിച്ചിരുന്നു. ടോസ് സമയത്ത് ഇന്ത്യയുടെ ടീം ഷീറ്റാണ് ആരാധകരെ അമ്പരപ്പിച്ചത്. വൈസ് ക്യാപ്റ്റൻ അക്ഷർ പട്ടേലിനെ തുടർച്ചയായ രണ്ടാം മത്സരത്തിലും പുറത്തിരുത്താൻ ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. തന്റെ ഹോം ഗ്രൗണ്ടിൽ നടന്ന രണ്ടു മത്സരങ്ങളിലാണ് അക്ഷർ പട്ടേലിന് പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിക്കാൻ സാധിക്കാതിരുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 76 റൺസിന്റെ വമ്പൻ തോൽവി ഏറ്റുവാങ്ങിയതോടെ മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന്റെയും ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെയുംം ‘ധീരമായ’ ഈ തീരുമാനത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

മത്സരം ശേഷം ടീമിന്റെ അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ദോഷാട്ടെ ഈ തീരുമാനം വിശദീകരിക്കുകയും ചെയ്തു. ‘‘ഇലവനെക്കുറിച്ച് ആലോചിക്കാൻ ഞങ്ങൾ വളരെയധികം സമയം ചെലവഴിച്ചു. ‌‌‌‌ദക്ഷിണാഫ്രിക്കൻ ടോപ്പ് ഓർഡറിൽ നിന്നുള്ള ഭീഷണി നേരിടാൻ പവർപ്ലേയിൽ ഇംപാക്ട് സൃഷ്ടിക്കാൻ കഴിയുന്ന ഒരു ബോളറെയായിരുന്നു ആവശ്യം വാഷിങ്ടൻ അതിന് അനുയോജ്യനായിരുന്നു.’’– തോൽവിക്ക് ശേഷം റയാൻ ടെൻ ദോഷാട്ടെ പറഞ്ഞു. എട്ടാമത്തെ ബാറ്ററായി റിങ്കുവിനെ ആവശ്യമായിരുന്നെന്നും ആരെങ്കിലും ഒരാൾ വിട്ടുവീഴ്ച ചെയ്യാതെ 15 പേരിൽനിന്ന് 11 പേരെ തിരഞ്ഞെടുക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ വാഷിങ്ടനെ പവർപ്ലേയിൽ പന്തേൽപ്പിച്ചില്ലെന്നതും മധ്യ ഓവറുകളിൽ പന്തെറിയാനായിരുന്നെങ്കിൽ അക്ഷർ ആയിരുന്നു മികച്ചതെന്നും അസിസ്റ്റന്റ് കോച്ച് സമ്മതിച്ചു.
ദക്ഷിണാഫ്രിക്കയുടെ ഇടംകയ്യൻ ബാറ്റര്‍മാരായ ക്വിന്‍റൻ ഡി കോക്ക്, റയാന്‍ റിക്കൽറ്റൻ, ഡേവിഡ് മില്ലര്‍ എന്നിവരെ വീഴ്ത്താനാണ് ഓഫ് സ്പിന്നറായ വാഷിങ്ടൻ സുന്ദറെ ടീമിലെടുത്തത്. എന്നാല്‍ വാഷിയെ പന്തേൽപ്പിക്കുന്നതിനു മുൻപു താരെ ഡികോക്കും റിക്കൽറ്റനും പുറത്തായതിനാൽ താരത്തെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. മില്ലര്‍ ക്രീസിലുണ്ടായിരുന്നെങ്കിലും മറുവശത്ത് വലംകയ്യനായ ഡെവാള്‍ഡ് ബ്രെവിസ് തകര്‍ത്തടിച്ചിരുന്നതിനാല്‍ രണ്ടോവര്‍ മാത്രാണ് വാഷി പന്തെറിഞ്ഞത്. 17 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നുമെടുക്കാനായില്ല. ബാറ്റിങ്ങിൽ സ്ഥാനക്കയറ്റം കിട്ടി അഞ്ചാമനായി ഇറങ്ങിയെങ്കിലും 11 പന്തില്‍ 11 റണ്‍സ് മാത്രമാണ് നേടാനായത്.

∙ ‘വലത്’ വിരോധംബാറ്റിങ് ടോപ് ഓർഡർ തുടർച്ചയായി പരാജയപ്പെടുന്നതും ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ലോകകപ്പിൽ ഇന്ത്യ കളിച്ച അഞ്ച് മത്സരങ്ങളിൽ നാലിലും ഒരു ഓപ്പണറെങ്കിലും പൂജ്യത്തിന് പുറത്തായി. യുഎസ്, പാക്കിസ്ഥാൻ, നെതർലൻഡ്സ് എന്നിവർക്കെതിരെ ഓപ്പണറായി ഇറങ്ങിയ അഭിഷേക് ശർമ പൂജ്യത്തിനു പുറത്തായപ്പോൾ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇഷാൻ കിഷനാണ് ഡക്കായത്. നമീബിയയ്ക്കെതിരായ മത്സരത്തിൽ മാത്രമാണ് ഇതിൽ വ്യത്യാസമുണ്ടായത്. ആ മത്സരത്തിൽ ഇഷാൻ കിഷനും സഞ്ജു സാംസണും ചേർന്നാണ് ഇന്നിങ്സ് ഓപ്പൺ ചെയ്തത്. ഇഷാൻ 67 റൺസെടുത്തപ്പോൾ സഞ്ജു 22 റൺസെടുത്തു.

ഇന്ത്യൻ ടോപ് ഓർഡറിലെ ബലഹീനത കുഞ്ഞൻ ടീമുകൾ പോലും തിരിച്ചറിഞ്ഞിട്ടും അതു മാറ്റാൻ ടീം മാനേജ്മെന്റ് മുതിരുന്നില്ല. ടോപ് ഓർഡറിലെ മൂന്നു ബാറ്റർമാരും ഇടംകയ്യന്മാരായതോടെ ഓഫ് സ്പിന്നറെ ഉപയോഗിച്ച് വീഴ്ത്താം എന്ന തന്ത്രം യുഎസ്എയും നെതർലൻഡ്സും വരെ നടപ്പാക്കി. ടോപ് ഓർഡറിൽ തുടർച്ചയായി ഇടംകയ്യൻമാർ വരുന്നത് എതിരാളികൾക്ക് ബോളിങ് പ്ലാനുകൾ എളുപ്പമാക്കുന്നുവെന്ന് മുൻ താരം ഇർഫാൻ പഠാൻ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു.

ലെഫ്റ്റ്– റൈറ്റ് കോംബിനേഷൻ വന്ന നമീബിയയ്‌ക്കെതിരായ മത്സരത്തിൽ മാത്രമാണ് ഓപ്പണർമാർക്ക് പിടിച്ചുനിൽക്കാനായത്. അതുകൊണ്ടു തന്നെ ഇനിയെങ്കിലും ഓപ്പണിങ്ങിൽ സഞ്ജു സാംസണെ കൊണ്ടുവരണമെന്ന് മുറവിളി ഉയർന്നു കഴിഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന് ശേഷം, ടോപ് ഓർഡറിൽ ഒരു വലംകയ്യൻ ബാറ്റർ അത്യാവശ്യമാണെന്നും അടുത്ത മത്സരങ്ങളിൽ സഞ്ജു സാംസണെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ടീം മാനേജ്‌മെന്റ് ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ദോഷാട്ടെയും സൂചിപ്പിച്ചു.

‘‘കഴിഞ്ഞ 18 മാസമായി മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും എന്നാൽ ഇപ്പോൾ റൺസ് കണ്ടെത്താൻ അൽപം ബുദ്ധിമുട്ടുകയും ചെയ്യുന്ന താരങ്ങളെ തന്നെ വിശ്വസിച്ച് കൂടെ നിർത്തണമോ? അതോ ഒരു മാറ്റത്തിന് തയാറായി സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തണമോ എന്നതാണ് ചോദ്യം. സഞ്ജു ഒരു മികച്ച താരമാണ്, ഒപ്പം ടോപ് ഓർഡറിൽ ഒരു വലംകയ്യൻ ബാറ്റർ വരുന്നത് തന്ത്രപരമായി ടീമിന് വലിയ ഗുണം ചെയ്യും. സിംബാബ്‌വെ, വെസ്റ്റിൻഡീസ് എന്നിവർക്കെതിരായ അടുത്ത രണ്ടു നിർണായക മത്സരങ്ങൾക്ക് മുൻപായി സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് തീർച്ചയായും ചർച്ചകൾ നടക്കും.’’– റയാൻ ടെൻ ദോഷാട്ടെ പറഞ്ഞു.

English Summary:

Indian Cricket Team's T20 World Cup run has faced disapproval for cardinal squad selections, peculiarly leaving retired Axar Patel successful important matches. Assistant manager Ryan 10 Doeschate explained the rationale down these decisions, citing the request for circumstantial bowling types and batting bid strategies.

Read Entire Article