വാർണറുടെ ഭാര്യയുടെ സ്വകാര്യ ചിത്ര വിവാദത്തെക്കുറിച്ച് ചോദ്യം; പൊട്ടിത്തെറിച്ച് ഓസീസ് താരം, അവതാരകന് അസഭ്യവർഷം

2 weeks ago 3

ഓൺലൈൻ ഡെസ്‌ക്

Published: March 04, 2026 04:10 PM IST

1 minute Read

ഡേവിഡ് വാർണറും ഭാര്യ കാൻഡിസ് വാർണറും (ഇടത്), സ്റ്റുവർട്ട് മക്‌ഗിൽ (വലത്)
ഡേവിഡ് വാർണറും ഭാര്യ കാൻഡിസ് വാർണറും (ഇടത്), സ്റ്റുവർട്ട് മക്‌ഗിൽ (വലത്)

മെൽബൺ ∙ അഭിമുഖ ചിത്രീകരണത്തിനിടെ അവതാരകനെ ഭീഷണിപ്പെടുത്തിയും അസഭ്യവർഷം നടത്തിയും മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം സ്റ്റുവർട്ട് മക്ഗിൽ. ‘ക്രിക്കറ്റ് അൺഫിൽട്ടേഡ്’ എന്ന പോഡ്‌കാസ്റ്റിന്റെ റിക്കോർഡിങ്ങിനിടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ഷോയുടെ അവതാരകനായ ആൻഡ്രൂ മെൻസൽ, 2018ൽ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ ഓസീസ് താരം ഡേവിഡ് വാർണറുടെ ഭാര്യ കാൻഡിസ് വാർണർ നേരിട്ട പരിഹാസങ്ങളെക്കുറിച്ച് ചോദിച്ചതാണ് മക്‌ഗില്ലിനെ ചൊടിപ്പിച്ചത്.

പഴയ കാര്യങ്ങൾ വീണ്ടും ചർച്ച ചെയ്യുന്നത് താരങ്ങളെയും അവരുടെ കുടുംബത്തെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് മക്ഗിൽ പറഞ്ഞു. ‘‘നീ ഒരു വിഡ്ഢിയാണ്..’’ (idiot) എന്ന് മെൻസലിനെ വിളിച്ച അദ്ദേഹം, അസഭ്യവർഷം നടത്തുകയും ചെയ്തു. തർക്കം മുറുകിയപ്പോൾ ‘‘ഞാൻ ഇപ്പോൾ മൈക്കിന് മുകളിലൂടെ നിന്റെ അടുത്തേക്ക് ചാടും’’ എന്ന് മക്ഗിൽ ഭീഷണിപ്പെടുത്തി. മെൻസലിന്റെ കഴുത്തിന് നേരെ ആംഗ്യം കാണിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഈ ഭാഗം എഡിറ്റ് ചെയ്ത് മാറ്റിയാൽ താൻ ഇനി ഈ ഷോയിൽ ഉണ്ടാവില്ലെന്നും മക്ഗിൽ മുന്നറിയിപ്പ് നൽകി. തുടർന്ന് മെൻസൽ ഈ ഭാഗം ഉൾപ്പെടുത്തിക്കൊണ്ട് തന്നെ എപ്പിസോഡ് പുറത്തുവിട്ടു. ഓഫ്-ക്യാമറയിലും മക്ഗിൽ തന്നെ മോശമായി അധിക്ഷേപിച്ചതായി മെൻസൽ പിന്നീട് വെളിപ്പെടുത്തി. വിഷയത്തിൽ മക്‌ഗിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഓസ്ട്രേലിയൻ ടീമിനായി 44 ടെസ്റ്റുകളിൽ നിന്ന് 208 വിക്കറ്റുകൾ നേടിയ താരമാണ് സ്റ്റുവർട്ട് മക്ഗിൽ. 2021ൽ നടന്ന ഒരു കൊക്കെയ്ൻ ഇടപാടിൽ സഹായിച്ചു എന്ന കുറ്റത്തിന് 2025 മേയിൽ സിഡ്‌നി കോടതി മക്ഗില്ലിനെ ശിക്ഷിച്ചിരുന്നു. 22 മാസത്തെ കമ്യൂണിറ്റി കറക്ഷൻ ഓർഡറും 495 മണിക്കൂർ നിർബന്ധിത സാമൂഹിക സേവനവുമാണ് കോടതി വിധിച്ചത്. കൂടാതെ ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പരിശോധനകൾക്കും വിധേയനാകണം.

∙ അന്നു നടന്നത്2018ൽ ഓസ്‌ട്രേലിയൻ ടീം ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തുമ്പോഴാണ് സംഭവം ഉണ്ടായത്. ഡേവിഡ് വാർണറുടെ ഭാര്യ കാൻഡിസ് വാർണറെ ദക്ഷിണാഫ്രിക്കൻ ആരാധകർ വ്യക്തിപരമായി അധിക്ഷേപിക്കാൻ ശ്രമിക്കുകയായിരുന്നു. 2007ൽ റഗ്ബി താരം സോണി ബിൽ വില്യംസും കാൻഡിസും ഒരുമിച്ചുള്ള സ്വകാര്യ ചിത്രങ്ങൾ പുറത്തുവന്നത് ഓർമിപ്പിക്കാൻ ആരാധകർ സോണി ബിൽ വില്യംസിന്റെ മുഖംമൂടികൾ ധരിച്ചാണ് ഗാലറിയിൽ എത്തിയത്. ഇത് മൈതാനത്ത് വലിയ സംഘർഷങ്ങൾക്ക് കാരണമായി. ഡേവിഡ് വാർണറും ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൻ ഡി കോക്കും തമ്മിൽ ഡ്രസിങ് റൂമിന് സമീപം വാക്കേറ്റമുണ്ടായതും ഇതിന്റെ തുടർച്ചയായിരുന്നു.

English Summary:

Former Australian cricketer Stuart MacGill reportedly threatened and insulted podcast big Andrew Menczel during an interrogation recording. The incidental occurred erstwhile Menczel questioned MacGill astir past harassment faced by David Warner's wife, Candice Warner, during a 2018 circuit of South Africa.

Read Entire Article