വിജയ് അമൃത്‌രാജിന് പത്മഭൂഷൺ; രോഹിത് ശർമയ്ക്കും ഹർമൻപ്രീതിനും പത്മശ്രീ: പത്മപ്രഭയിൽ ക്രിക്കറ്റ്, ടെന്നിസ്, ഹോക്കി

1 month ago 6

മനോരമ ലേഖകൻ

Published: January 26, 2026 09:37 AM IST Updated: January 26, 2026 11:23 AM IST

1 minute Read

 വിജയ് അമൃത്‌രാജ്, രോഹിത് ശർമ, പ്രവീൺ കുമാർ, ഹർമൻപ്രീത് കൗർ, സവിത പൂനിയ
വിജയ് അമൃത്‌രാജ്, രോഹിത് ശർമ, പ്രവീൺ കുമാർ, ഹർമൻപ്രീത് കൗർ, സവിത പൂനിയ

ന്യൂഡൽഹി ∙ ടെന്നിസ് ഇതിഹാസം വിജയ് അമൃത്‌രാജ്, ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ പുരുഷ, വനിതാ ടീം ക്യാപ്റ്റന്മാരായ രോഹിത് ശർമ, ഹർമൻപ്രീത് കൗർ, പാരാലിംപിക്സ് സ്വർണ മെഡൽ ജേതാവ് പ്രവീൺകുമാർ, വനിതാ ഹോക്കി ഗോൾകീപ്പർ സവിത പുനിയ എന്നിവരെ പത്മ പുരസ്കാരങ്ങൾ നൽകി ആദരിച്ച് രാജ്യം.

രാജ്യത്തെ മൂന്നാമത്തെ സിവിലിയൻ ബഹുമതിയായ പത്മഭൂഷണാണ് മുൻ ടെന്നിസ് താരം വിജയ് അമൃത്‌രാജിനു സമ്മാനിക്കുക. രണ്ടുതവണ യുഎസ് ഓപ്പൺ, വിമ്പിൾഡൻ ടെന്നിസ് ടൂർണമെന്റുകളുടെ ക്വാർട്ടർ ഫൈനൽ വരെയെത്തിയിട്ടുള്ള വിജയ് അമൃത്‌രാജിനെ 1983ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. 1974ൽ അർജുന അവാർഡും സമ്മാനിച്ചു. ടെന്നിസിന്റെ വിഖ്യാതമായ ഓപ്പൺ കാലഘട്ടത്തിന്റെ ആരംഭത്തിൽ ഇന്ത്യൻ കായികരംഗത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചതിനും പിൽക്കാലത്ത് രാജ്യത്തെ കായികരംഗത്തിനു നൽകിയ സംഭാവനകൾ മാനിച്ചുമാണ് ഇത്തവണ പത്മഭൂഷൺ സമ്മാനിക്കുന്നത്. തമിഴ്നാട്ടിൽനിന്നുള്ള വിജയ് അമൃത് രാജ് (72) ഇപ്പോൾ യുഎസിലാണു താമസം.

2024 ട്വന്റി20 ലോകകപ്പ്, 2025 ചാംപ്യൻസ് ട്രോഫി കിരീടങ്ങളിലേക്ക് ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിനെ നയിച്ചതിനാണ് മുൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു പത്മശ്രീ. 2025ൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ ഏകദിന ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതു ഹർമൻപ്രീത് കൗറാണ്. ഇന്ത്യൻ വനിതാ ടീമിന്റെ പ്രഥമ ഐസിസി കിരീടമാണിത്.

2024 പാരിസ് പാരാലിംപിക്സ് ഹൈജംപിലെ സ്വർണമെഡൽ നേട്ടം പ്രവീൺ കുമാറിനെയും ഇന്ത്യൻ വനിതാ ഹോക്കിയിലെ മികച്ച പ്രകടനം സവിത പുനിയയെയും പത്മശ്രീ പുരസ്കാരത്തിന് അർഹരാക്കി. ഗുസ്തിയിൽ ഒളിംപിക് മെഡൽ ജേതാക്കളായ യോഗേശ്വർ ദത്തിന്റെയും ബജ്‌രംഗ് പുനിയയുടെയും പരിശീലകനായിരുന്ന വ്ലാഡിമർ മെസ്റ്റ്‌വിർഷിയെയും പത്മശ്രീ പുരസ്കാരത്തിനു തിരഞ്ഞെടുത്തു. ജോർജിയക്കാരനായ വ്ലാഡിമറിന് മരണാനന്തര ബഹുമതിയാണ്.

English Summary:

Padma Awards grant salient Indian sports figures. Vijay Amritraj receives Padma Bhushan, portion Rohit Sharma, Harmanpreet Kaur, Praveen Kumar, and Savita Punia are awarded Padma Shri for their contributions to sports.

Read Entire Article