വിട! ധർമരാജ്യമേ...

1 month ago 8

 ഇന്നലെ കളി കണ്ടുകൊണ്ടിരിക്കെ ഒരുൽക്കണ്ഠ എന്നെ പിടികൂടി. ഒരു മെസ്സിച്ചുഴലി മൈതാനമധ്യത്തിൽനിന്നു യദൃച്ഛയാ പൊട്ടിപ്പുറപ്പെട്ട് പെട്ടെന്നു വളർന്ന് എതിരാളികളെ നിശ്ചലരാക്കി സ്പെയിനിൻ്റെ വല കുലുക്കുമോ എന്ന പേടി. അതു സംഭവിക്കരുത്. പതിനൊന്നു സേവുകൾ കൊണ്ട് അമ്പരപ്പിച്ച എമിലിയാനോ മാർട്ടിനെസ് അല്ലായിരുന്നു ഗോളിയെങ്കിൽ അഞ്ചേ പുജ്യത്തിനെങ്കിലും സ്പെയിൻ അർജൻ്റീനയെ തോൽപിക്കേണ്ട കളിയിൽ അങ്ങനെ സംഭവിച്ചാൽ ഫുട്ബോളിലുള്ള വിശ്വാസമാണ് നഷ്ടമാവുക. നൂറ്റിയാറാം മിനിറ്റിൽ ഫെറാൻ ടോറസ് അതിനു തടയിട്ടു. വല്ലപ്പോഴും ഒരോർമ്മ വരുമ്പോലെയേ ഇന്നലെ ഗ്രൗണ്ട് മെസ്സിയെ അറിഞ്ഞുള്ളു. (മത്സരം അത്യപൂർവമായി മെസ്സിയെയും ഓർത്തു.) താൻ കുളിപ്പിച്ചെടുത്ത കുട്ടിയെ മൈതാനം ഭാവിയുടെ വെളിച്ചത്തു നിർത്തി. നഷ്ടപ്പെട്ടെങ്കിലും ലമീൻ യമാലിന്റെ ആ ഫ്രീകിക്കിനൊരു റൊണാൾഡീഞ്ഞോ ഗരിമയുണ്ടായിരുന്നു. അപൂർവമായി മാത്രം ലോകം കണ്ട ആ തകർന്ന നായക ഇരിപ്പ്, റഫറിയുടെ ഇടപെടലില്ലായിരുന്നുവെങ്കിൽ ഈജിപ്തുമായുള്ള കളി തീർന്നപാടെ മെസ്സിയിൽ ആരാധകർക്കു കാണേണ്ടി വരുമായിരുന്നു.

അതിമനോഹരമായ ‘ടിക്കി ടാക്ക’യിലുടെ സ്പെയിൻ ഇന്നലെ തോൽപിച്ചതു ലോകത്തിലെ മെസ്സിയാരാധകരെ മാത്രമായിരുന്നില്ല. പൊതുവേ ദുർബലമായ ഫൈനൽ മത്സരവും ശക്തമായ ഇടമത്സരങ്ങളുമാണു ലോകകപ്പിൽ സംഭവിക്കാറ്. ടൂർണമെൻ്റിലെ ഏറ്റവും നല്ല ടീം ഉജ്വലമായി കളിച്ചു കപ്പു നേടുന്ന കാഴ്ചയാണ് ഇക്കുറി കണ്ടത്. നിരന്തരമായി മാറി മറിയുന്ന കളിബ്ഭൂതലങ്ങളുടെ നിർണയാധികാരം അവരൊരിക്കലും എതിരാളികൾക്ക് അനുവദിച്ചില്ല. റോഡ്രിയും കുബാർസിയും മാർക്ക് കുക്കുറേയയും പന്തിൻ്റെ കൈവശാവകാശം വിട്ടുകൊടുത്തതേയില്ല.

അസ്ഥിരതകളുടെ സ്ഥിരത മൈതാനത്തെ ഒഴുക്കുള്ളതാക്കി. കളിക്കു മുൻപേ പാതിലോകം അർജൻ്റീനിയൻ ആരാധകർ. കളിക്കു ശേഷം എല്ലാവരും സ്പെയിനാരാധകർ! (പ്രതിഭയിൽ മെസ്സിക്ക് ഏറക്കുറെ സമശീർഷനായ നെയ്മാറിന്റെ കരഞ്ഞു കുതിർന്ന മുഖം ഈ ടൂർണമെൻ്റ് തന്ന തീരാവേദനയാണ് . എതിർ ഡിഫൻഡർമാർ കരുണയില്ലാതെ നായാടിയ ആ ശരീരം കളികൾക്കും മീതെ മനസ്സിൽ).

ഫുട്ബോൾ ഗ്രൗണ്ട് ധർമ്മനിഷ്ഠമായ ഒരു തുണ്ടു ഭൂമിയാണ്. നീതിയുടെ ശേഷിക്കുന്ന തുരുത്തുകളിലൊന്ന്. ലോകത്തുനിന്ന് ഫെയർപ്ലേ തിരോഭവിച്ചപ്പോൾ, ജീവിതത്തിൽനിന്ന് അവിചാരിതത്വം അപ്രത്യക്ഷമായപ്പോൾ, പരസ്പരധാരണയുടെ ഇടങ്ങൾ ദുർലഭമായപ്പോൾ, യുദ്ധങ്ങളിൽ ഹിംസ അതിരു വിട്ടപ്പോൾ, ജയിക്കാൻ ടാലൻ്റിനെ മാത്രം ആശ്രയിക്കുന്ന ഒരു ധർമയുദ്ധം നാം കണ്ടെത്തുകയായിരുന്നു. നാമതഘോഷിക്കുകയായിരുന്നു. ‘റൊണാൾഡോയും ഞാനും’ എന്ന കവിതയിൽ നിങ്ങൾ നാട്ടിനെന്തു നൽകി എന്നതിന് ഉത്തരമായി റൊണാൾഡോ പറയുന്നു.

‘‘ഒരിക്കൽ പണിതുപേക്ഷിച്ച ബാബേൽഞങ്ങൾ പുതുക്കിപ്പണിയുന്നു ലോകകപ്പ് തുടങ്ങിയതേ ഉള്ളൂ വെവ്വേറെയായ ജനത ഒറ്റഭാഷയിൽ സംസാരിച്ചു തുടങ്ങി ഒറ്റ ഉൽകണ്ഠയിൽ ഉണർന്നെണീറ്റു എല്ലാം എല്ലാവർക്കും സുഗ്രഹമായ ആ അതീതകാലം വീണ്ടും നിലവിൽ...’’

English Summary:

This nonfiction analyzes the World Cup final, focusing connected Spain's triumph and the show of Lionel Messi. It delves into the strategical aspects of the crippled and the affectional interaction connected fans, highlighting shot arsenic a realm of justness and just play.

Read Entire Article