ഐതിഹാസികമായ മെക്സിക്കോയിലെ അസ്ടെക്ക സ്റ്റേഡിയത്തിൽ കണ്ടത് വെറുമൊരു പോരാട്ടമായിരുന്നില്ല. കൊണ്ടും കൊടുത്തും അവസാനം വിസിൽ മുഴങ്ങുന്നതുവരെയും ആവേശം നിറഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനു പഴയൊരു കണക്കുതീർക്കാൻ ഉണ്ടായിരുന്നു. കണ്ണീരിന്റെ തിരിച്ചടിയുടെ കണക്ക്. അത്ര നല്ല ഓർമകളായിരുന്നില്ല അസ്ടെക്ക സ്റ്റേഡിയം ഇംഗ്ലീഷുകാർക്ക് നൽകിയിരുന്നത്. റെഡ് കാർഡ് വാങ്ങി ഒൻപതുപേരായി ചുരുങ്ങിയിട്ടും ഇംഗ്ലീഷുകാരുടെ പോരാട്ടവീര്യത്തെ മാനിച്ചേ മതിയാകൂ.
ചങ്കുതകർത്ത ആ ക്വാർട്ടർ ഫൈനൽ
1970ൽ ഇതേ അസ്ടെക്ക സ്റ്റേഡിയത്തിൽ 2–0നു മുന്നിട്ടുനിന്നശേഷം പശ്ചിമ ജർമനിയോടു 3–2നു തോൽവി പിണഞ്ഞൊരു ലോകകപ്പ് ക്വാർട്ടർ ഫൈനൽ ഇംഗ്ലീഷുകാരുടെ മനസ്സിൽനിന്നു പോയിട്ടിട്ടുണ്ടാകില്ല. പിന്നെ, മറഡോണയുടെ ‘ദൈവത്തിന്റെ കൈ’ ഗോൾ വന്ന 1986 ക്വാർട്ടർ ഫൈനലും. രണ്ടും അവരെ സംബന്ധിച്ച് കയ്പ്പുള്ള ഓർമകളാണ്. അവിടെ മധുരിക്കും വിജയുമായാണ് ഹാരി കെയിനും കൂട്ടരും മടങ്ങുന്നത്. ചുവപ്പ്, മഞ്ഞ കാർഡുകളും കയ്യാങ്കളിയും ഉണ്ടായിരുന്ന മത്സരം ഏതു നിമിഷവും മാറിമറിയുമെന്ന രീതിയിലായിരുന്നു. ഇതുവരെ ഒരു മാച്ചും തോൽക്കാതെ വന്ന ആതിഥേയരായ മെക്സിക്കോയെ 3–2 വീഴ്ത്തി പഴയ കണക്കുകൾ തീർത്തു.
മെക്സിക്കോയ്ക്കെതിരെ വൻ ടൂർണമെന്റുകളിൽ ഒരു തവണ മാത്രമേ ഇംഗ്ലണ്ട് കളിച്ചിട്ടുള്ളൂ. 1966 ലോകകപ്പിൽ. അന്നു സ്വന്തം മണ്ണിൽ ജയം ഇംഗ്ലണ്ടിനായിരുന്നു. ബാക്കിയുള്ള 8 പോരാട്ടങ്ങൾ ‘സൗഹൃദ’ മത്സരങ്ങൾ ആയിരുന്നു. ഇപ്രാവശ്യം എന്തായാലും ആ സൗഹൃദം കളിക്കളത്തിൽ തീരെ ഉണ്ടായിരുന്നില്ല. ഫൗളുകളും കയ്യാങ്കളിയുടെ വക്കോളമെത്തിയ ഏറ്റുമുട്ടൽ നിയന്ത്രിക്കാൻ റഫറിക്ക് ചുവപ്പ്, മഞ്ഞ കാർഡുകൾ യഥേഷ്ടം വീശേണ്ടിവന്നു.
വെല്ലുവിളിയായി കാലാവസ്ഥ
സമുദ്രനിരപ്പിൽനിന്നുള്ള മെക്സിക്കോ സിറ്റിയുടെ ഉയരം പുറത്തുനിന്നുള്ള കളിക്കാർക്കു ശാരീരികമായ വെല്ലുവിളികളുയർത്തിയിരുന്നു. ശ്വാസംകിട്ടാൻ എളുപ്പമല്ല. അവസാനനിമിഷം വരെ ശാരീരിക ക്ഷമത നിലനിർത്തുക എന്നത് ഇംഗ്ലീഷ് താരങ്ങൾക്ക് വെല്ലുവിളിയായിരുന്നു. രണ്ടാം പകുതിയിലും ഇൻജറി ടൈമിലും ഗോൾ മടക്കാൻ മെക്സിക്കോ കിണഞ്ഞു പരിശ്രമിച്ചെങ്കിലും നടന്നില്ല. ഇംഗ്ലണ്ടിന്റെ ഹാരി കെയിൻ മികച്ച ഗോളടി ഫോമിലായതും അവർക്ക് മുതൽക്കൂട്ടായി.
പ്രവചനാതീതം ഇംഗ്ലണ്ട്
ഇംഗ്ലണ്ടിന്റെ ഇതുവരെയുള്ള പ്രകടനം അവരുടെ ടാലന്റ് മുന്നോട്ടുവയ്ക്കുന്നതായിരുന്നില്ല. പല മത്സരങ്ങളിലും അവർ ശരാശരി പെർഫോമൻസ് മാത്രമായിരുന്നു. പക്ഷേ, ആദ്യറൗണ്ടിലെ പ്രകടനംമാത്രം അടിസ്ഥാനമാക്കി ഇംഗ്ലണ്ടിനെ അളന്നുകുറിക്കാൻ ആർക്കും കഴിയില്ലെന്ന് വീണ്ടും തെളിയിച്ചു. അഗ്രസ്സീവ്, അത്‌ലറ്റിക് ശൈലിയാണ് അവർക്ക്. ഏതുനിമിഷവും വൻപ്രകടനങ്ങൾ പൊട്ടിത്തെറിച്ചുണ്ടാകാൻ സാധ്യതയുണ്ട്. ആ പൊട്ടിത്തെറിയുടെ ഫലമാണ് ഈ ക്വാർട്ടർ എൻട്രി. അടുത്ത മത്സരം നോർവെയുമായിട്ടാണ്. ടീംവർക്കും അവസാന നിമിഷം വരെയുള്ള ഫൈറ്റിങ് സ്പിരിറ്റും എല്ലാ മത്സരങ്ങളിലും ഹാളണ്ടും കൂട്ടരും നിലർത്തിയിട്ടുണ്ട്. നോർവെ ടീമിന്റെ പിഴവില്ലാത്ത ഡിഫൻസീവ് ഘടനയെ മറികടക്കാൻ ഇംഗ്ലീഷുകാർക്ക് സാധിക്കുമോ? കാത്തിരിക്കാം അടുത്ത മത്സരത്തിനായി.
English Summary:





English (US) ·