വിമർശകർക്ക് ഇനി മിണ്ടാതിരിക്കാം, സഞ്ജുവിന്റെ തൂക്കിയടി, അർധ സെഞ്ചറി; ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് വിജയം, പരമ്പര

3 days ago 4

ഓൺലൈൻ ഡെസ്ക്

Published: September 15, 2026 07:19 PM IST Updated: September 15, 2026 11:05 PM IST

2 minute Read

sanju-samson-1
അർധ സെഞ്ചറി നേടിയ സഞ്ജു സാംസണിന്റെ ആഹ്ലാദം. Photo: X@BCCI

ന്യൂഡൽഹി∙ മലയാളി താരം സഞ്ജു സാംസണിന്റെ തകർപ്പൻ അർധ സെഞ്ചറിയുടെ കരുത്തിൽ അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് വിജയം. അഫ്ഗാന്‍ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യത്തിലേക്ക് 31 പന്തുകളും ഏഴു വിക്കറ്റുകളും ബാക്കിനിൽക്കെയാണ് ഇന്ത്യയെത്തിയത്. വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2–0ന് സ്വന്തമാക്കി. ഓപ്പണറായിറങ്ങിയ സഞ്ജു സാംസൺ 22 പന്തിൽ 57 റൺസാണെടുത്തത്. അഭിഷേക് ശർമ (19 പന്തിൽ 39), ഇഷാൻ കിഷൻ (23 പന്തിൽ 38) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി.

What you should work next

മറുപടി ബാറ്റിങ്ങിൽ അഭിഷേക് ശർമയാണ് ആദ്യം അടി തുടങ്ങിയത്. ഏതാനും പന്തുകൾ സിംഗിൾ ഇട്ട് കളിച്ച സഞ്ജു അഭിഷേകിനു മികച്ച പിന്തുണ നൽകി. വൈകാതെ സഞ്ജുവും ബൗണ്ടറികൾ കണ്ടെത്തി തുടങ്ങി. പവർപ്ലേയിൽ വിക്കറ്റ് പോകാതെ 82 റൺസാണ് ഇരുവരും അടിച്ചെടുത്തത്. സ്കോർ 88 ൽ നിൽക്കെ അഭിഷേക് ശർമയെ റാഷിദ് ഖാൻ സെദ്ദിക്കുല്ല അടലിന്റെ കൈകളിലെത്തിച്ചു. 20 പന്തുകളിൽനിന്നാണ് സഞ്ജു അർധ സെഞ്ചറി കടന്നത്. റാഷിദ് ഖാനെറിഞ്ഞ ഏഴാം ഓവറിലെ അവസാന പന്ത് സിക്സർ പറത്താനുള്ള ശ്രമത്തിനിടെ ബൗണ്ടറി ലൈനിൽവച്ച് മുഹമ്മദ് നബി ക്യാച്ചെടുത്തു സഞ്ജുവിനെ പുറത്താക്കി. 7.1 ഓവറിലാണ് ഇന്ത്യ 100 കടന്നത്. 

11 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരും റാഷിദ് ഖാന്റെ പന്തിലാണു പുറത്തായത്. എന്നാൽ ഇഷാൻ കിഷനും തിലക് വർമയും (14 പന്തില്‍ 15) ചേര്‍ന്ന് 14.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചു. വ്യാഴാഴ്ച പരമ്പരയിലെ അവസാന മത്സരം ന്യൂഡൽഹിയിൽ നടക്കും. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 159 റൺസടിച്ചു. 33 പന്തിൽ 37 റൺസെടുത്ത ക്യാപ്റ്റൻ ഇബ്രാഹിം സദ്രാനാണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോറർ. റാഷിദ് ഖാൻ (16 പന്തിൽ 28), ദർവീഷ് റസൂലി (15 പന്തിൽ 26), മുഹമ്മദ് നബി (14 പന്തിൽ 20) എന്നിവരും ബാറ്റിങ്ങിൽ പിടിച്ചുനിന്നു.

What you should work next

അർഷ്ദീപ് സിങ് എറിഞ്ഞ രണ്ടാം ഓവറിലെ മൂന്നാം പന്തിൽ റഹ്മാനുല്ല ഗുർബാസിനെ പൂജ്യത്തിനു പുറത്താക്കിയാണ് ഇന്ത്യ വിക്കറ്റു വേട്ടയ്ക്കു തുടക്കമിട്ടത്. സ്കോർ ബോർഡിൽ ഒരു റൺ കൂട്ടിച്ചേര്‍ക്കും മുൻപായിരുന്നു ഇത്. ക്യാപ്റ്റൻ ഇബ്രാഹിം സദ്രാനും സെദ്ദിക്കുല്ല അടലും നിലയുറപ്പിച്ചതോടെ പവർപ്ലേയിൽ അഫ്ഗാനിസ്ഥാൻ 41 റൺസെടുത്തു. സ്കോർ 51 ൽ നിൽക്കെ ഇബ്രാഹിം സദ്രാനെ നിതീഷ് കുമാർ റെഡ്ഡി രവി ബിഷ്ണോയിയുടെ കൈകളിലെത്തിച്ചു. പത്താം ഓവറിലെ രണ്ടാം പന്തിൽ സെദ്ദിക്കുല്ല അടലിനെ വീഴ്ത്തി രവി ബിഷ്ണോയി കളി ഇന്ത്യയുടെ നിയന്ത്രണത്തിലാക്കി. 

11–ാം ഓവറിൽ 10 റൺസെടുത്ത ഗുൽബാദിൻ നായിബിനെ നിതീഷ് റെഡ്ഡി സഞ്ജു സാംസണിന്റെ കൈകളിലെത്തിച്ചു. ദർവീഷ് റസൂലിയും മുഹമ്മദ് നബിയും പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും വലിയ സ്കോറുകൾ കണ്ടെത്താൻ സാധിച്ചില്ല. റസൂലി അർഷ്ദീപിന്റെ പന്തിലും, നബി ബുമ്രയുടെ പന്തിലും മടങ്ങി. റാഷിദ് ഖാൻ നടത്തിയ ചെറുത്തുനിൽപാണ് അവസാന പന്തുകളിൽ പൊരുതാവുന്ന സ്കോറിലേക്ക് അഫ്ഗാനിസ്ഥാനെ എത്തിച്ചത്. ഇന്ത്യയ്ക്കായി നിതീഷ് കുമാർ റെഡ്ഡി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. അർഷ്ദീപ് സിങ്ങിന് രണ്ടു വിക്കറ്റുകളും ജസ്പ്രീത് ബുമ്ര, അക്ഷർ പട്ടേൽ, രവി ബിഷ്ണോ എന്നിവർക്ക് ഓരോ വിക്കറ്റുകൾ വീതവുമുണ്ട്.

ഇന്ത്യ പ്ലേയിങ് ഇലവൻ– സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശർമ, ഇഷാൻ കിഷൻ, തിലക് വർമ, ശ്രേയസ് അയ്യർ (ക്യാപ്റ്റന്‍), നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, രവി ബിഷ്ണോയി.

nitish-reddy

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ. Photo: X@BCCI

അഫ്ഗാനിസ്ഥാൻ പ്ലേയിങ് ഇലവൻ– ഇബ്രാഹിം സദ്രാൻ (ക്യാപ്റ്റന്‍), റഹ്മാനുല്ല ഗുർബാസ് (വിക്കറ്റ് കീപ്പർ), സെദ്ദിഖുല്ല അടൽ, ദർവീഷ് റസൂലി, അസ്മത്തുല്ല ഒമർസായി, ഗുൽബാദിൻ നായിബ്, മുഹമ്മദ് നബി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാന്‍, നൂര്‍ അഹമ്മദ്, ഫസൽഹഖ് ഫറൂഖി.

English Summary:

India vs Afghanistan Second Twenty 20 Match Live Updates

Read Entire Article