വിരാട് കോലിയുടെ അപരാജിത സെഞ്ചറി, കൊൽക്കത്തയെ വീഴ്ത്തി ആർസിബി ഒന്നാമത്, പ്ലേ ഓഫിന് അരികെ

2 weeks ago 5

ഓൺലൈൻ ഡെസ്ക്

Published: May 13, 2026 10:47 PM IST Updated: May 14, 2026 12:54 AM IST

2 minute Read

kohli
സെഞ്ചറി നേടിയ വിരാട് കോലിയുടെ ആഹ്ലാദം. Photo: RCB

റായ്പുർ∙ കിങ് കോലിയുടെ സെഞ്ചറിക്കരുത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കീഴടക്കി പ്ലേ ഓഫിനു തൊട്ടരികിലെത്തി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. നിർണായക മത്സരത്തിൽ ആറു വിക്കറ്റ് വിജയമാണ് ആർസിബി സ്വന്തമാക്കിയത്. ഓപ്പണറായിറങ്ങിയ വിരാട് കോലി 60 പന്തിൽ 105 റൺസുമായി പുറത്താകാതെനിന്നു. മൂന്ന് സിക്സുകളും 11 ഫോറുകളുമാണ് കോലി ബൗണ്ടറി കടത്തിയത്. മത്സരത്തിൽ കൊൽക്കത്തയുയർത്തിയ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി നാലു വിക്കറ്റ് നഷ്ടത്തിൽ അഞ്ചു പന്തുകൾ ബാക്കിനിൽക്കെ വിജയത്തിലെത്തി. 

സീസണിലെ എട്ടാം വിജയത്തോടെ 16 പോയിന്റുമായി ആർസിബി വീണ്ടും പോയിന്റു പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഗുജറാത്തിനും 16 പോയിന്റുണ്ടെങ്കിലും നെറ്റ് റൺറേറ്റിൽ ബെംഗളൂരു ബഹുദൂരം മുന്നിലാണ്. രണ്ടു മത്സരങ്ങൾ ബാക്കിനിൽക്കെ ആർസിബി പ്ലേ ഓഫ് ഏറക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. 27 പന്തിൽ 39 റൺസടിച്ച ദേവ്ദത്ത് പടിക്കലും ആർസിബിക്കു വേണ്ടി തിളങ്ങി. പവർപ്ലേയിൽ തന്നെ ഓപ്പണർ ജേക്കബ് ബെതലിനെ (15 റൺസ്) നഷ്ടമായ ആർസിബിക്ക് വിരാട് കോലി– ദേവ്ദത്ത് പടിക്കൽ സഖ്യമാണ് കരുത്തായത്. ഇരുവരും കൈകോർത്തതോടെ പത്തോവറിൽ ബെംഗളൂരു 100 പിന്നിട്ടു. 

സ്കോര്‍ 129 ൽ നിൽക്കെ ദേവ്ദത്ത് പടിക്കലിനെ കൊൽക്കത്തയുടെ യുവപേസർ കാർത്തിക്ക് ത്യാഗി അജിൻക്യ രഹാനെയുടെ കൈകളിലെത്തിച്ചു. ക്യാപ്റ്റൻ രജത് പാട്ടീദാറിനെ (11 റൺസ്) സുനിൽ നരെയ്നും വീഴ്ത്തി. രണ്ടു റൺസെടുത്ത ടിം ഡേവിഡും ബാറ്റിങ്ങിൽ നിരാശപ്പെടുത്തി. 32 പന്തിൽ അർധ സെഞ്ചറിയിലെത്തിയ കോലി പിന്നീടുള്ള 26 പന്തുകളിൽ 100 കടന്നു. അവസാന 12 പന്തുകളിൽ 12 റൺസ് മാത്രമായിരുന്നു ആർസിബിക്കു ജയിക്കാൻ‍ വേണ്ടിയിരുന്നത്. കോലിക്കൊപ്പം എട്ടു റൺസെടുത്ത് ജിതേഷ് ശർമ പുറത്താകാതിരുന്നതോടെ 19.1 ഓവറിൽ ആർസിബി വിജയത്തിലെത്തി. ഏറ്റവും കൂടുതൽ ഐപിഎൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് വിരാട് കോലി റായ്പുരിൽ സ്വന്തമാക്കി. 279–ാം മത്സരമാണ് കോലി ബുധനാഴ്ച കളിച്ചത്. മഹേന്ദ്ര സിങ് ധോണിയെയാണു കോലി പിന്തള്ളിയത്. ട്വന്റി20 ക്രിക്കറ്റിൽ 14000 റൺസ് വേഗത്തിൽപിന്നിടുന്ന താരമെന്ന റെക്കോർഡും കോലിയുടെ പേരിലായി. 409 ഇന്നിങ്സുകളിൽനിന്ന് നേട്ടത്തിലെത്തിയ കോലി പിന്തള്ളിയത് വെസ്റ്റിൻഡീസ് ഇതിഹാസതാരം ക്രിസ് ഗെയ്‍ലിനെയാണ്. 423 ഇന്നിങ്സുകളിൽനിന്നാണ് ഗെയ്ൽ 14000 കടന്നത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് 192 റൺസെടുത്തത്. അർധ സെഞ്ചറി നേടിയ അങ്ക്രിഷ് രഘുവംശിയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. 46 പന്തുകൾ നേരിട്ട രഘുവംശി മൂന്ന് സിക്സുകളും ഏഴു ഫോറുകളും ഉൾപ്പടെ 71 റൺസെടുത്തു. റിങ്കു സിങ് (29 പന്തിൽ 49), കാമറൂൺ ഗ്രീൻ (24 പന്തിൽ 34) എന്നിവരാണ് കൊൽക്കത്തയുടെ മറ്റു പ്രധാന സ്കോറർമാർ‍. സ്കോർ 23 ൽ നിൽക്കെ ഭുവനേശ്വർ കുമാറിന്റെ പന്തിൽ കൊൽക്കത്തയ്ക്ക് ആദ്യ വിക്കറ്റു നഷ്ടമായി. ആർസിബി വിക്കറ്റ് കീപ്പർ ജിതേഷ് ശർമയുടെ ക്യാച്ചിൽ ഫിൻ അലൻ (എട്ടു പന്തിൽ 18) പുറത്തായി. 

വിക്കറ്റു നേട്ടം ആഘോഷിക്കുന്ന ആർസിബി താരങ്ങൾ

വിക്കറ്റു നേട്ടം ആഘോഷിക്കുന്ന ആർസിബി താരങ്ങൾ

പവർപ്ലേ തീരും മുൻപേ ക്യാപ്റ്റൻ അജിൻക്യ രഹാനെയും (13 പന്തിൽ 19) വീണതോടെ കൊൽക്കത്ത പ്രതിരോധത്തിലായി. എന്നാൽ രഘുവംശിക്കൊപ്പം കാമറൂൺ ഗ്രീനും ചേർന്നപ്പോൾ, 11.1 ഓവറിൽ കൊൽക്കത്ത 100 കടന്നു. 32 പന്തുകളിൽ രഘുവംശി 50 കടന്നു. സ്കോർ 116ൽ നിൽക്കെ ഗ്രീനിനെ ഇന്ത്യൻ യുവതാരം റാസിഖ് സലാം ബോൾഡാക്കി. പക്ഷേ റിങ്കു സിങ്ങിനെ കൂട്ടുപിടിച്ച് രഘുവംശി തകർത്തടിച്ചു. ഇന്നിങ്സിലെ അവസാന പന്തിൽ താരം റൺഔട്ടാകുകയായിരുന്നു.

English Summary:

Indian Premier League 2026, Royal Challengers Bengaluru vs Kolkata Knight Riders Match Live Updates

Read Entire Article