ചെറുപ്പത്തിൽ ഭാരമുള്ള വിറകുകൾ അനായാസം ‘ലിഫ്റ്റ്’ ചെയ്ത് സ്വന്തം സഹോദരങ്ങളെ അമ്പരപ്പിക്കുന്നതായിരുന്നു മീരാബായ് ചാനുവിന്റെ പ്രധാന വിനോദം. വളർന്നപ്പോൾ, കായികലോകത്തെ ഒന്നാകെ തന്റെ ‘ലിഫ്റ്റുകളിലൂടെ’ ചാനു അദ്ഭുതപ്പെടുത്തുകയാണ്. സ്കോട്‌ലൻഡിലെ ഗ്ലാസ്ഗോയിൽ നടക്കുന്ന 23–ാം കോമൺവെൽത്ത് ഗെയിംസിൽ, റെക്കോർഡോടെ വനിതകളുടെ വെയ്റ്റ്ലിഫ്റ്റിങ്ങിൽ (48 കിലോഗ്രാം) തുടർച്ചയായ മൂന്നാം തവണയും ചാനു സ്വർണം സ്വന്തമാക്കി. മെഡൽ വാങ്ങാൻ പോഡിയത്തിൽ നിൽക്കവേ, ഇന്ത്യയുടെ ദേശീയഗാനം മുഴങ്ങിയപ്പോൾ ചാനുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. മെഡൽ പ്രതീക്ഷ ഉള്ളതിനാൽ മത്സരത്തലേന്ന് താൻ സ്വന്തമായി നിർമിച്ച ത്രിവർണ പതാകയുടെ നിറമുള്ള ഹെയർ ക്ലിപ് ധരിച്ചാണ് ചാനു സമ്മാനവേദിയിൽ എത്തിയത്.
നന്ദി, ആ ലോറി ഡ്രൈവർമാർക്ക്മണിപ്പുർ സ്വദേശിയായ ചാനു ചെറുപ്പത്തിൽ തന്റെ 5 സഹോദരങ്ങൾക്കൊപ്പം വനത്തിൽ വിറക് ശേഖരിക്കാൻ പോകുമായിരുന്നു. സഹോദരങ്ങളിൽ ഏറ്റവും ഇളയതായിട്ടും വലിയ വിറകുകൾ ചാനു അനായാസം ചുമന്ന് വീട്ടിൽ എത്തിക്കുന്നത് മാതാപിതാക്കളുടെ ശ്രദ്ധയിൽപെട്ടതോടെയാണ് കായിക ലോകത്തേക്കുള്ള വാതിൽ തുറന്നത്. 12 വയസ്സുള്ളപ്പോൾ തലസ്ഥാന നഗരിയായ ഇംഫാലിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) കേന്ദ്രത്തിൽ വെയ്റ്റ്ലിഫ്റ്റിങ്ങിൽ പരിശീലനം ആരംഭിച്ചു. നാട്ടിൽനിന്ന് 40 കിലോമീറ്റർ അകലെയായിരുന്നു പരിശീലന കേന്ദ്രം. ഈ യാത്രയ്ക്കായി ചാനു ആശ്രയിച്ചിരുന്നത് മണൽ ലോറികളെയായിരുന്നു. അന്ന് ആ ലോറി ഡ്രൈവർമാർ ‘ലിഫ്റ്റ്’ നൽകിയില്ലായിരുന്നെങ്കിൽ ഇന്ന് ഈ റെക്കോർഡ് ‘ലിഫ്റ്റുകൾ’ നടത്താൻ ചാനുവിന് സാധിക്കില്ലായിരുന്നു.
റിയോ പഠിപ്പിച്ച പാഠം2014 കോമൺവെൽത്ത് ഗെയിംസിൽ വെയ്റ്റ്ലിഫ്റ്റിങ്ങിൽ രണ്ടാം സ്ഥാനം സ്വന്തമാക്കുമ്പോൾ ചാനുവിന് 20 വയസ്സ് മാത്രമായിരുന്നു. നേട്ടങ്ങളുടെ കൊടുമുടി കാത്തിരുന്ന ചാനുവിന് മുൻപിൽ പരാജയത്തിന്റെ താഴ്വരയാണ് 2016 റിയോ ഒളിംപിക്സ് കാത്തുവച്ചിരുന്നത്. സ്നാച്ച് റൗണ്ട് വിജയകരമായി പൂർത്തിയാക്കിയെങ്കിലും ക്ലീൻ ആൻഡ് ജെർക് റൗണ്ടിലെ 3 ശ്രമങ്ങളും പരാജയപ്പെട്ടതോടെ പുറത്തായി.
അന്നു മനസ്സ് മടുത്ത് വിരമിക്കാൻ തീരുമാനിച്ച ചാനുവിനെ അമ്മയാണ് തിരികെ മത്സരരംഗത്ത് എത്തിച്ചത്. ശേഷം തന്റെ പരിശീലന രീതികൾ മുഴുവനായി മാറ്റിയെഴുതിയ താരം 2017ലെ ലോക വെയ്റ്റ്ലിഫ്റ്റിങ് ചാംപ്യൻഷിപ്പിലും 2018ലെ കോമൺവെൽത്ത് ഗെയിംസിലും സ്വർണവും 2020 ടോക്കിയോ ഒളിംപിക്സിൽ വെള്ളി മെഡലും 2022 കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും നേടി.
മണിപ്പുരിന്റെ വെയ്റ്റ്ലിഫ്റ്റിങ്ഇത്തവണ കോമൺവെൽത്ത് ഗെയിംസിൽ വെയ്റ്റ്ലിഫ്റ്റിങ്ങിൽ സ്വർണം നേടിയ ചാനുവും വെള്ളി സ്വന്തമാക്കിയ ഋഷികാന്ത സിങ്ങും വെങ്കലം നേടിയ ബിന്ദ്യറാണി ദേവിയും മണിപ്പുർ സ്വദേശികളാണ്. ഇന്ത്യയുടെ ലേഡി ഹെർക്കുലിസ് എന്നറിയപ്പെടുന്ന ഒളിംപ്യൻ കുഞ്ചറാണി ദേവിയാണ് മണിപ്പുരിനെ വെയ്റ്റ്ലിഫ്റ്റിങ്ങിന്റെ കേന്ദ്രമാക്കി മാറ്റിയത്. 1980 – 90 കാലഘട്ടത്തിൽ ലോക ചാംപ്യൻഷിപ്പുകളിലും ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും കുഞ്ചറാണി മെഡലുകൾ വാരിക്കൂട്ടിയതോടെ മണിപ്പുരിൽ വെയ്റ്റ്ലിഫ്റ്റിങ്ങിനും വേരുപിടിച്ചു.
English Summary:






English (US) ·