Published: June 25, 2026 04:53 AM IST Updated: June 25, 2026 07:49 AM IST
2 minute Read
അറ്റ്ലാന്റ∙ ടൂർണമെന്റിൽനിന്നു പുറത്തായെങ്കിലും ഹെയ്‌റ്റിയുടെ പോരാട്ടവീര്യത്തിനു കുറവുണ്ടായിരുന്നില്ല. അറ്റ്ലാന്റ സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് മത്സരത്തിൽ മൊറോക്കോയെ വിറപ്പിച്ചശേഷം അവർ കീഴടങ്ങി. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് മൊറോക്കോയുടെ ജയം. ഇതോടെ ഗ്രൂപ്പ് സിയിൽനിന്ന് രണ്ടാം സ്ഥാനക്കാരായി മൊറോക്കോ നോക്കൗട്ടിൽ കടന്നു. നാലാമതായ ഹെയ്റ്റിക്ക് അഭിമാനത്തോടെ നാട്ടിലേക്ക് മടങ്ങാം. ആദ്യ പകുതിയിൽ രണ്ട് തവണ പിന്നിലായിട്ടും ശക്തമായി തിരിച്ചടിച്ച മൊറോക്കോ രണ്ടാം പകുതിയിൽ പകരക്കാരായി ഇറങ്ങിയ താരങ്ങളുടെ മികവിലാണ് തകർപ്പൻ വിജയം സ്വന്തമാക്കിയത്.
What you should work next
ആവേശകരമായ മത്സരത്തിന്റെ ആദ്യ പകുതിയിൽ ആകെ നാലു ഗോളുകളാണ് പിറന്നത്. ഇതിൽ മൂന്നു ഗോളുകളും വെറും ഏഴു മിനിറ്റിനിടെയാണ് പിറന്നത്. മത്സരത്തിൽ മൊറോക്കോയ്ക്കായിരുന്നു പന്തടക്കത്തിൽ വ്യക്തമായ മേധാവിത്വം. ലക്ഷ്യത്തിലേക്ക് 13 ഷോട്ടുകൾ ഉതിർത്ത് അവർ ഹെയ്റ്റി പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചെങ്കിലും ഹെയ്റ്റിയുടെ കൗണ്ടർ അറ്റാക്കുകൾ കളിയിലെ ലീഡ് നില മാറിമറിയാൻ കാരണമായി.
പത്താം മിനിറ്റിൽ ഹെയ്റ്റി താരം ലെനി ജോസഫിന്റെ മികച്ചൊരു നീക്കത്തിനൊടുവിൽ വന്ന ക്രോസ് തടയാനുള്ള ശ്രമത്തിനിടെ മൊറോക്കോ ഗോൾകീപ്പർ യാസിൻ ബോണോയുടെ കയ്യിൽ തട്ടി പന്ത് സ്വന്തം വലയിലേക്ക് കയറിയതോടെയാണ് മത്സരത്തിൽ ഹെയ്റ്റി ആദ്യമായി ലീഡ് നേടിയത്. വാർ പരിശോധനയ്ക്ക് ശേഷമാണ് റഫറി ഹെയ്റ്റിക്ക് അനുകൂലമായി ഈ ഗോൾ അനുവദിച്ചത്. ഗോൾ വഴങ്ങിയതിന് ശേഷം സൂപ്പർ താരം ബ്രാഹിം ഡയസ്, നായകൻ അഷ്റഫ് ഹക്കിമി എന്നിവരുടെ നേതൃത്വത്തിൽ മൊറോക്കോ ശക്തമായി തിരിച്ചടിച്ചെങ്കിലും ഹെയ്റ്റി ഗോൾകീപ്പർ ജോണി പ്ലാസിഡിന്റെ മികച്ച സേവുകൾ അവർക്ക് തടസ്സമായി. ഇസ്മായിൽ സൈബാരി ലക്ഷ്യത്തിലേക്ക് മൂന്ന് ഷോട്ടുകൾ ഉതിർത്തുവെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.
തുടർച്ചയായ ആക്രമണങ്ങൾക്കൊടുവിൽ 39–ാം മിനിറ്റിലാണ് മൊറോക്കോ ലക്ഷ്യം കണ്ടത്. ക്യാപ്റ്റൻ അഷ്റഫ് ഹക്കിമി മികച്ചൊരു ഫിനിഷിങ്ങിലൂടെ ടീമിന് സമനില ഗോൾ സമ്മാനിച്ചു. എന്നാൽ സമനില വഴങ്ങി മിനിറ്റുകൾക്കകം ഹെയ്റ്റി വീണ്ടും ഞെട്ടിച്ചു. ജീൻ-കെവിൻ ഡുവെർനെയുടെ അസിസ്റ്റിൽ നിന്ന് വിൽസൺ ഇസിദോർ ഹെയ്റ്റിക്കായി രണ്ടാം ഗോൾ നേടി ടീമിന് വീണ്ടും ലീഡ് നൽകി. ഇതോടെ മൊറോക്കോ വീണ്ടും ആക്രമണം കടുപ്പിച്ചു. മൂന്നു മിനിറ്റിനുള്ളിൽ വീണ്ടും സമനില പിടിച്ചു. ഹെയ്റ്റി പ്രതിരോധത്തിന്റെ പിഴവിൽ നിന്ന് മിഡ്ഫീൽഡർ ഇസ്മായിൽ സൈബാരി പന്ത് വലയിലാക്കി മൊറോക്കോയ്ക്ക് സമനില നേടി കൊടുത്തു. ആദ്യ പകുതിയിൽ സ്കോർ 2–2.
ആദ്യ പകുതിയിൽ 2-2 എന്ന നിലയിൽ പിരിഞ്ഞ ഇരു ടീമുകളും രണ്ടാം പകുതിയുടെ തുടക്കത്തിൽ സമനില തകർക്കാൻ കഠിനമായി ശ്രമിച്ചു. അറുപതാം മിനിറ്റുകളിൽ മൊറോക്കോ കോച്ച് വരുത്തിയ തന്ത്രപരമായ മാറ്റങ്ങളാണ് മത്സരത്തിൽ നിർണായകമായത്. ബ്രാഹിം ഡയസിനെയും ഇസ്മായിൽ സൈബാരിയെയും പിൻവലിച്ച് സുഫിയാൻ റഹീമി, ഗെസ്സിം യാസിൻ എന്നിവരെ കോച്ച് കളത്തിലിറക്കി. ഈ മാറ്റം ഫലം കണ്ടു. അവസാന 15 മിനിറ്റിൽ ഇരുവരും ഓരോ ഗോളുകൾ വീതം നേടിയാണ് മൊറോക്കോയുടെ വിജയം ഉറപ്പിച്ചത്.
78–ാം മിനിറ്റിൽ മൊറോക്കോയ്ക്ക് അനുകൂലമായി ലഭിച്ച എട്ടാമത്തെ കോർണർ കിക്കിൽനിന്നാണ് സുഫിയാൻ റഹീമി ഗോൾ നേടിയത്. ബോക്സിലേക്ക് വന്ന പന്ത് സ്വീകരിച്ച സുഫിയാൻ റഹീമി മികച്ചൊരു ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. ലോകകപ്പിലെ തന്റെ ആദ്യ ഗോൾ നേടിയ റഹീമി വികാരാധീനനായാണ് ഇത് ആഘോഷിച്ചത്. കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ മൊറോക്കോ തങ്ങളുടെ നാലാം ഗോൾ കണ്ടെത്തി. റഹീമി നൽകിയ പാസിൽ നിന്ന് മറ്റൊരു പകരക്കാരൻ താരമായ ഗെസ്സിം യാസിൻ പന്ത് ഹെയ്റ്റി വലയിലേക്ക് തട്ടിയിട്ടു. പന്ത് പാസ് ചെയ്യുന്നതിന് മുൻപ് ലൈൻ കടന്നുപോയോ എന്ന് റെഫറി വാർ പരിശോധിച്ചെങ്കിലും ഗോൾ അനുവദിച്ചു.
English Summary:





English (US) ·