Published: August 11, 2026 12:18 PM IST Updated: August 11, 2026 03:28 PM IST
1 minute Read
ബെൽഫാസ്റ്റ് ∙ 2027 ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനാകാതെ മുൻ ചാംപ്യന്മാരായ വെസ്റ്റിൻഡീസ്. അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ അഫ്ഗാനിസ്ഥാൻ വിജയിച്ചതോടെയാണ് വെസ്റ്റിൻഡീസിനെ ‘ഡയറക്ട് എൻട്രി’ക്കുള്ള അവസരം നഷ്ടമായത്. ജയത്തോടെ അഫ്ഗാനിസ്ഥാൻ ലോകകപ്പിന് യോഗ്യത ഉറപ്പിക്കുകയും ചെയ്തു. തുടർച്ചയായ മൂന്നാം തവണയാണ് വിന്‍ഡീസ് യോഗ്യതാ മത്സരം കളിക്കേണ്ടി വരുന്നത്. 2019ല്‍ യോഗ്യതാ മത്സം ജയിച്ച് വിന്‍ഡീസ് ലോകകപ്പിനെത്തിയെങ്കിലും 2023ല്‍ ആ കടമ്പ കടക്കാനായില്ല.
What you should work next
ഏകദിന ലോകകപ്പിൽ ആതിഥേയരെ കൂടാതെ ഐസിസിയുടെ 2026 സെപ്റ്റംബര്‍ 30ലെ ഏകദിന റാങ്കിങ് അനുസരിച്ച് ആദ്യ എട്ടു ടീമുകള്‍ ഏകദിന ലോകകപ്പിലേക്ക് നേരിട്ട് കടക്കും. ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയുമാണ് ഇക്കുറി ആതിഥേയര്‍. നിലവിലെ റാങ്കിങ് അനുസരിച്ച് ഇന്ത്യ, ന്യൂസീലന്‍ഡ്, ഓസ്ട്രേലിയ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ് എന്നിവര്‍ നേരിട്ട് ലോകകപ്പിന് യോഗ്യത നേടും. നാലാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയും 11–ാം സ്ഥാനത്തുള്ള സിംബാബ്‌വെയും ആതിഥേയർ എന്ന നിലയിലായതിനാലാണ് ഒൻപതാം സ്ഥാനത്തുള്ള ബംഗ്ലദേശിന് നേരിട്ട് യോഗ്യത ലഭിച്ചത്.
റാങ്കിങ്ങില്‍ പത്താം സ്ഥാനത്താണ് വിന്‍ഡീസിപ്പോള്‍. സെപ്റ്റംബര്‍ 30ന് മുന്‍പ് ഇന്ത്യയ്ക്കെതിരെ രണ്ടു മത്സരങ്ങൾ ശേഷിക്കുന്നുണ്ടെങ്കിലും റാങ്കിങ്ങിൽ മുന്നേറാൻ സാധിക്കില്ല. ഇതാണ് യോഗ്യത മത്സരത്തിലേക്ക് വിന്‍ഡീസിനെ വീണ്ടും തള്ളിവിട്ടത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പത്ത് ടീമുകളുണ്ടാകും. ഇതില്‍ നിന്നും നാലു ടീമുകള്‍ ലോകകപ്പിനെത്തും. യോഗ്യതാ മത്സരങ്ങളുടെ ആതിഥേയത്വം ആര്‍ക്കാണെന്നതില്‍ തീരുമാനമായിട്ടില്ല.
ഏകദിന റാങ്കിങ്ങളിൽ യഥാക്രമം പത്തും പന്ത്രണ്ടും സ്ഥാനങ്ങളിലുള്ള വിന്‍ഡീസും അയര്‍ലന്‍ഡും ലോകകപ്പ് യോഗ്യതാ റൗണ്ടിലേക്ക് നേരിട്ടെത്തുമ്പോള്‍ സിഡബ്ല്യുസി ലീഗ് 2 വില്‍ നിന്നുള്ള ആദ്യ നാല് ടീമുകളും ക്വാളിഫയര്‍ പ്ലേ ഓഫിലെ നാല് ടീമുകളും ഇവര്‍ക്കൊപ്പം ചേരും. സിഡബ്ല്യുസി ലീഗ് 2 വിലെ അവസാന നാല് ടീമുകളും ചാലഞ്ച് ലീഗില്‍ നിന്നുള്ള നാല് ടീമുകളുമാകും ക്വാളിഫയര്‍ പ്ലേ ഓഫില്‍ കളിക്കുക. ആകെയുള്ള എട്ടു ടീമുകളില്‍ നിന്ന് ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്നവര്‍ ലോകകപ്പ് ക്വാളിഫയറിലേക്ക് എത്തും.
∙ റാഷിദ് കരുത്തിൽ അഫ്ഗാനിസ്ഥാൻസൂപ്പർ താരം റാഷിദ് ഖാന്റെ ഓൾറൗണ്ട് പ്രകടനത്തിന്റെ കരുത്തിലാണ് ബെൽഫാസ്റ്റിൽ നടന്ന മൂന്നാം ഏകദിനത്തിൽ അയർലൻഡിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാൻ 2027 ഏകദിന ക്രിക്കറ്റ് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടിയത്. മൂന്നു വിക്കറ്റെടുത്ത റാഷിദ്, പുറത്താകാതെ 37 റൺസുമെടുത്തു. 2023 ഏകദിന ലോകകപ്പിൽ നാല് വിജയങ്ങളും അഞ്ച് തോൽവികളുമായി പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തെത്തി അഫ്ഗാനിസ്ഥാൻ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അന്ന് സെമിഫൈനൽ യോഗ്യതയ്ക്ക് തൊട്ടരികിലാണ് അവർ പുറത്തായത്. എങ്കിലും, മുൻ ചാംപ്യന്മാരായിരുന്ന ഇംഗ്ലണ്ട്, ശ്രീലങ്ക, പാക്കിസ്ഥാൻ എന്നിവർക്കെതിരെ വിജയിച്ചതോടെ തലയുയർത്തിയാണ് അഫ്ഗാനിസ്ഥാൻ മടങ്ങിയത്.
English Summary:
West Indies has failed to straight suffice for the 2027 Cricket World Cup aft Afghanistan's triumph against Ireland. This marks the 3rd consecutive clip the erstwhile champions volition person to vie successful the qualifying rounds.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·