വിൽ പവർ! സൂപ്പർ എട്ടിൽ ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലണ്ടിന് 51 റൺസ് ജയം

3 weeks ago 5

മനോരമ ലേഖകൻ

Published: February 22, 2026 06:07 PM IST Updated: February 23, 2026 09:08 AM IST

1 minute Read

ലങ്കൻ ബാറ്റർ കുശാൽ മെൻഡിസിനെ പുറത്താക്കിയ വിൽ  ജാക്സിനെ (വലത്) അഭിനന്ദിക്കുന്ന ഇംഗ്ലണ്ട് താരങ്ങൾ.
ലങ്കൻ ബാറ്റർ കുശാൽ മെൻഡിസിനെ പുറത്താക്കിയ വിൽ ജാക്സിനെ (വലത്) അഭിനന്ദിക്കുന്ന ഇംഗ്ലണ്ട് താരങ്ങൾ.

പല്ലെക്കലെ∙ ട്വന്റി20 ലോകകപ്പ് സൂപ്പർ 8 റൗണ്ടിൽ ആതിഥേയരായ ശ്രീലങ്കയ്ക്കു ദയനീയ തോൽവിയോടെ തുടക്കം. ഇംഗ്ലിഷ് ടീം 51 റൺസിനാണ് ലങ്കയെ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ 146 റൺസിൽ പിടിച്ചുകെട്ടിയ ലങ്ക അനായാസ ജയം നേടുമെന്നു തോന്നിച്ചതാണ്. എന്നാൽ ലങ്കയുടെ മറുപടി 95 റൺസിൽ ഒതുങ്ങി. സ്കോർ: ഇംഗ്ലണ്ട് 20 ഓവറിൽ 9ന് 146. ശ്രീലങ്ക 16.4 ഓവറിൽ 95ന് ഓൾഔട്ട്. 4 ഓവറിൽ 22 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലിഷ് ഓൾറൗണ്ടർ വിൽ ജാക്സാണ് പ്ലെയർ ഓഫ് ദ് മാച്ച്.

സങ്കടലങ്കമറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലങ്കയ്ക്കു തുടക്കത്തിൽത്തന്നെ ഓപ്പണർ പാത്തും നിസ്സങ്കയെ (9) നഷ്ടമായി. ജോഫ്ര ആർച്ചർക്കായിരുന്നു വിക്കറ്റ്. പിന്നാലെ നാലാം ഓവറിൽ കുശാൽ മെൻഡിസ് (4), പവൻ രത്നായകെ (0) എന്നിവരെ വീഴ്ത്തിയ വിൽ ജാക്സ് ലങ്കയെ ഞെട്ടിച്ചു. പവർപ്ലേ അവസാനിക്കും മുൻപ് 2 വിക്കറ്റ്കൂടി വീഴ്ത്തിയ ഇംഗ്ലിഷ് ബോളർമാർ, ലങ്കയെ 5ന് 34 എന്ന നിലയിലേക്കു തള്ളിയിട്ടു.

അവിടെ നിന്നൊരു തിരിച്ചുവരവ് ലങ്കയ്ക്ക് അസാധ്യമായിരുന്നു. വാലറ്റത്ത് ഒറ്റയ്ക്കു പൊരുതിയ ക്യാപ്റ്റൻ ദസുൻ ശനകയാണ് (24 പന്തിൽ 30) ലങ്കയെ നാണക്കേടിൽനിന്നു രക്ഷിച്ചത്. ഇംഗ്ലണ്ടിനായി ലിയാം ഡോസൻ, ആദിൽ റഷീദ്, ജോഫ്ര ആർച്ചർ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി. നേരത്തേ, ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനും ബാറ്റിങ് ദുഷ്കരമായിരുന്നു. അർധ സെ‍ഞ്ചറി നേടിയ ഫിൽ സോൾട്ടാണ് (40 പന്തിൽ 62) ഇംഗ്ലണ്ടിനെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. ലങ്കയ്ക്കായി ദുനിത് വല്ലാലഗെ മൂന്നും ദിൽഷൻ മധുഷങ്ക, മഹീഷ് തീക്ഷണ എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി.
 

English Summary:

Sri Lanka suffered a dismal decision against England successful their T20 World Cup Super 8 opener. England secured a commanding 51-run victory, restricting Sri Lanka's pursuit to conscionable 95 runs.

Read Entire Article